- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; തോല്‍വിയറിയാതെ കൊളംബിയ
കൊളംബിയക്കെതിരെ നിലവിലെ ചാപ്യന്മാരായ അര്‍ജന്റീനയ്ക്ക് തോല്‍വി
ബൊഗോട്ട: ഫുട്ബാള്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയക്കെതിരെ നിലവിലെ ചാപ്യന്മാരായ അര്‍ജന്റീനയ്ക്ക് തോല്‍വി. സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍.
ഒരു ഗോളും ഒരു അസിസ്റ്റുമായി കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ് കളം നിറഞ്ഞു കളിച്ചു. മത്സരത്തിന്റെ വിധി നിര്‍ണയിച്ച പെനാല്‍റ്റി ഗോളാക്കിയതും റോഡ്രിഗസാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ അന്ന് വിജയം മെസ്സിക്കും കൂട്ടര്‍ക്കുമൊപ്പമായിരുന്നു. ഈ വിജയം കൊളംബിയയുടെ കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയാണ്. എട്ട് കളികളില്‍ നിന്ന് 16 പോയിന്റുമായി കൊളംബിയയെ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റില്‍ ഇതുവരെ കൊളംബിയ തോല്‍വിയറിഞ്ഞിട്ടിയല്ല. 8 മത്സരങ്ങളില്‍ നിന്നും 4 ജയവും 4 സമനിലയും ടീമിനുണ്ട്. 18 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.
25-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ക്രോസില്‍ യെര്‍സണ്‍ മോസ്‌ക്വറയുടെ ഹെഡ്ഡറിലൂടെ കൊളംബിയയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 48-ാം മിനിറ്റില്‍ അര്‍ജന്റീന സമനില ഗോള്‍ നേടിയതോടെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. എങ്കിലും അര്‍ജന്റീനക്ക് തന്നെയായിരുന്നു മുന്‍തൂക്കം. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് നിരന്തരം ഭീക്ഷണി ഉയര്‍ത്താനും അവര്‍ക്കായി.
ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു കൊളംബിയ വിജയ ഗോള്‍ നേടിയത്. ഡാനിയല്‍ മുനോസിനെതിരെ നിക്കോളാസ് ഒട്ടാമെന്‍ഡി നടത്തിയ ഫൗളിനെതിരായിരുന്നു ചിലിയന്‍ റഫറി പിയറോ മാസ പെനാല്‍റ്റി വിധിച്ചത്. ജെയിംസ് റോഡ്രിഗസായിരുന്നു പെനാല്‍റ്റി ഗോള്‍ നേടിയത്. അവസാന ഘട്ടത്തില്‍ ഗോള്‍ നേടി മത്സരം സമനില പിടിക്കാനുള്ള അര്‍ജന്റീനയുടെ ശ്രമം കൊളംബിയന്‍ പ്രതിരോധ നിര വിഫലമാക്കി.
തോല്‍വി പോയ്ന്റ്‌സ് ടേബിളില്‍ ഒന്നാമതുള്ള അര്‍ജന്റീനയുടെ 2026 ല്‍ നടക്കുന്ന ലോകകപ്പ് യോഗ്യത സാധ്യതകളെ ബാധിച്ചിട്ടില്ല. തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ ആറ് ടീമുകള്‍ നേരിട്ട് യോഗ്യത നേടും, ഏഴാമത്തെ ടീം ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലേക്ക് പോകും.