- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ തുരത്തിയ ഇന്ത്യൻ യോർക്കർ കിങ് ബുമ്രയുടെ കഥ
മുംബൈ: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടിടത്തു നിന്നാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം തിരിച്ചു പിടിച്ചത്. ഇതില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയെന്ന ഇന്ത്യന്‍ പേസറുടെ പങ്ക് വലുതാണ്. ഫോമില്‍ കളിച്ച മുഹമ്മദ് റിസ്വാന്റെ കുറ്റി തെറിപ്പിച്ചത് അടക്കം മത്സരത്തില്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത് ഈ പേസറുടെ കരുത്തിലാണ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്രയുടെ കരുത്തിലാണ് ഇന്നലെ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. കളിയിലെ മാന്‍ ഓഫ് ദ മാച്ചും ബുമ്രയായിരുന്നു.
ഈ വിജയം ശരിക്കും സന്തോഷം നല്കുന്നു. ഞങ്ങള്‍ എടുത്ത റണ്‍സ് അല്‍പ്പം കുറവാണെന്ന് ഞങ്ങള്‍ക്ക് തോന്നി, വെയില് വന്നതോടെ വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെടുക്കയും ചെയ്തു. ഞങ്ങള്‍ ശരിക്കും അച്ചടക്കത്തോടെ ബൗള്‍ ചെയ്തു, അത് ഗുണം ചെയ്തു- ബുമ്ര പറഞ്ഞു. എനിക്ക് കഴിയുന്നത്ര പേസില്‍ ബൗള്‍ ചെയ്യാന്‍ ആണ് ശ്രമിച്ചത്, എന്റെ എക്സിക്യൂഷന് ഇന്ന് ശരിയായി വന്നു, എല്ലാം നന്നായി വന്നതിനാല്‍ എനിക്ക് സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.
തലവര മാറ്റിയത് മുംബൈ ഇന്ത്യന്‍സ്
19ാം വയസ്സില്‍ ഗുജറാത്ത് സ്റ്റേറ്റ് അണ്ടര്‍ 19 ടീമിലേക്ക് എത്തിയതാണ് കരിയറില്‍ നിര്‍ണായകമായത്. അസ്വഭാവികമായ ആ ആക്ഷന്‍ ബാറ്റസ്മാന്മാരുടെ ചങ്കിടിപ്പ് കൂട്ടി. 20ാം വയസ്സില്‍ ഒരു പ്രാദേശിക ടി20 മത്സരത്തില്‍ ബുമ്ര ബൗള്‍ ചെയ്യുന്നത് അന്നത്തെ മുംബൈ ഇന്ത്യന്‍സ് കോച്ചായ ജോണ്‍ റൈറ്റ് കണ്ടു. പിന്നീട് അത് ജീവിതത്തിലെ തന്നെ വഴിത്തിരിവായിമാറിയത്. 2013ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിയ ബുറയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കര്റുകളും നേടി. യോര്‍ക്കറുകളോട് വല്ലാത്തൊരു പ്രണയമുണ്ടായിരുന്നു. ബുമ്ര എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു. ലോകക്രിക്കറ്റിലെ യോര്‍ക്കര്‍ കിങ് ലസിത് മാലിംഗ കരിയറിലെ ഉജ്വല ഫോമില്‍ നില്ക്കുമ്പോള് ഒപ്പം കളിച്ചത് ബുംറയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു എക്സ്പീരിയന്‍സായിരുന്നു.
മാലിംഗ കരിയറില്‍ പഴയ ഫോമില്‍ കളിക്കാതായപ്പോള്‍ ബുംറ എന്ന വേഗക്കാരന് ആ സ്ഥാനം ഏറ്റെടുത്തു നല്ല പിന്മുറക്കാരനായി. മുഹമ്മദ് ഷമിക്ക് പരിക്ക് പറ്റിയപ്പോള്‍ 2015-16 സീസണില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പകരക്കാരനായി എത്തിയ ബുംറ മടങ്ങിയത് ആ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടായിരുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍ എന്നാണ് അന്നത്തെ നായകന് എംഎസ് ധോണി ബുറയെ വിശേഷിപ്പിച്ചത്. പിന്നീട് ബുമ്രയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായി വളര്‍ന്നു ഈ പേസര്‍.
2018ല്‍ ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോഴും ബുംറ മോശമാക്കിയില്ല. ടെസ്റ്റിലും ഇന്ത്യയുടെ മാച്ച് വിന്നറാണ് ബുമ്രയിപ്പോള്‍. ഇതിനോടകം ഇന്ത്യക്ക് വേണ്ടി നിരവധി കളികള്‍ വിജയിപ്പിച്ചിട്ടുണ്ട് ബുമ്ര. അക്കൂട്ടത്തില്‍ തിളക്കമാര്‍ന്നതാണ് ഇന്നലെ പാക്കിസ്ഥാനെതിരെ നേടിയ വിജയവും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
നാലു ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ മുഹമ്മദ് റിസ് വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. 44 പന്തില്‍ 31 റണ്‍സെടുത്താണ് താരം പുറത്തായത്. പാക്കിസ്ഥാന് അനായാസം ലക്ഷ്യം നേടുമെന്ന കരുതിയ മത്സരമാണ് അവസാന ഓവറുകളില്‍ ബുമ്രയുടെ കരുത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞുപിടിച്ചത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 18 റണ്‍സാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അര്‍ഷ് ദീപും. ആദ്യ പന്തില്‍ തന്നെ 23 പന്തില്‍ 15 റണ്‍സെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിങ്ള്‍. നാലാം പന്തില്‍ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തില്‍ വിജയലക്ഷ്യം എട്ട് റണ്‍സായി. അവസാന പന്തില്‍ സിങ്ള്‍ മാത്രമാണ് നേടാനായത്.
ഇന്ത്യക്ക് ആറു റണ്‍സിന്റെ ഗംഭീര ജയം. നായകന് ബാബര്‍ അസം (10 പന്തില്‍ 13), ഉസ്മാന് ഖാന് (15 പന്തില്‍ 13), ഫഖര്‍ സമാന് (എട്ടു പന്തില്‍ 13), ശദബ് ഖാന് (ഏഴു പന്തില്‍ നാല്) ഇഫ്തിഖാര്‍ അഹ്മദ് (ഒമ്പത് പന്തില്‍ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നസീം ഷാ നാലു പന്തില്‍ 10 റണ്‍സെടുത്തും ഷഹീന് അഫ്രീദി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടും അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റതോടെ പാക്കിസ്ഥാന് നില പരുങ്ങലിലായി. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി.
ഇന്ത്യന്‍ ക്രിക്കറ്റിലെ മമ്മി ബോയി
ഇന്ത്യന്‍ ക്രിക്കറ്റിലെ മമ്മി ബോയിയാണ് ബുംറ. രഞ്ജിയിലും ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിനുമൊക്കെയായി കാലങ്ങളായി ഏവരും ശ്രദ്ധിക്കുന്ന ആക്ഷനുള്ള ബുംറ രംഗപ്രവേശനം ചെയ്തിട്ട് എങ്കിലും നാളിത് വരെ ആണായി പിറന്ന ഒരു ബാറ്ററും ബുംറയെ റീഡ് ചെയ്തിട്ടില്ല എന്നതാണ് സത്യം. ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പാളായ അമ്മയുടെ ലാളനയില്‍ വളര്‍ന്ന ഈ ഗുജറാത്തി പയ്യന് എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി മാറിയത്.
1993 ഡിസംബര്‍ ആറിന് അഹമ്മദാബാദിലെ ഒരു സിഖ് കുടുംബത്തിലായിരുന്നു ബുമ്രയുടെ ജനനം. ഏഴാം വയസ്സ് എത്തിയപ്പോള്‍ അച്ഛനെ നഷ്ടമായി. പിന്നെ വളര്‍ത്തിയത് സ്കൂള്‍ പ്രിന്‍സിപ്പാളായ അമ്മ ദല്‍ജിത്. 90കളില്‍ ജനിച്ച ഏതൊരു ഇന്ത്യന്‍ കുട്ടിയെപ്പോലെയും തന്നെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചായിരുന്നു ബുംറയുടെയും തുടക്കം. അന്നത്തെ കുട്ടികളെല്ലാം തന്നെ സച്ചിനാകണം ഗാംഗുലിയാകണം എന്ന് വാശിപിടിച്ച് ബാറ്റിങ് അഭിനിവേശത്തില്‍ നടക്കുമ്പോഴും ഒരു ഫാസ്റ്റ് ബൗളര്‍ ആകണം എന്ന് തന്നെയായിരുന്നു കുട്ടി ബുംറയുടെ ആഗ്രഹം. നല്ല വേഗത്തില്‍ യോര്‍ക്കറുകള്‍ എറിയുന്ന വാസിം അക്രം, മിച്ചല്‍ ജോണ്സണ് എന്നിവരെ റോള്‍ മോഡലുകളാക്കിയായിരുന്നു ബംറ കളി പഠിച്ചത്.
കടുത്ത വേനല്‍ക്കാലത്ത് പുറത്ത് പോയി കളിക്കാന്‍ അമ്മ അനുവദിക്കില്ലായിരുന്നു. പക്ഷേ ബോള്‍ കൊണ്ട് വെറുതെ ഇരിക്കാന്‍ ബുമ്ര തയ്യാറായില്ല. വീട്ടിലെ ചുവരും തറയും ചേരുന്ന ഭാഗത്ത് അവന് യോര്‍ക്കറുകള്‍ എറിഞ്ഞ് പഠിച്ചു. ക്രിക്കറ്റ് കളിച്ച് നടന്നാല്‍ മകന്റെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടായിരുന്ന അമ്മ മകന് കസിന്‍സിന്റെ കാനഡയില്‍ ഉപരിപഠനത്തിന് പോണം എന്നാണ് ആഗ്രഹിച്ചത്. 14 വയസ്സുള്ളപ്പോള്‍ തനിക്ക് ക്രിക്കറ്റ് മതി എന്ന് പറഞ്ഞ് അമ്മയെ അവന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.
ബുംറക്ക് ഏഴു വയസുള്ളപ്പോളാണ് അച്ഛന് മരിച്ചത്. അതുവരെ ബുദ്ധിമുട്ടുകളറിയാതെ വളര്‍ന്നവര്‍ക്ക് പെട്ടൊന്നൊരു ദിവസമാണ് എല്ലാ തുണയുമായിരുന്നയാള്‍ നഷ്ടമായത്. വീട്ടില്‍ ബുംറയെ കൂടാതെ അമ്മ ദല്‍ജിത് കൗറും സഹോദരി ജൂഹികയും. ജീവിതം മുഴുവന്‍ സങ്കടപ്പെട്ട് തീര്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ ദല്‍ജിത് ഒരു സ്കൂളില്‍ ജോലിക്കു പോകാനാരംഭിച്ചു. ബുംറയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നതും അമ്മ നല്കിയ പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും പുറത്താണ്. പതിയെ പേസ് ബൗളറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനലും കയറിപ്പറ്റി.
ഈയടുത്താണ് ബുമ്രയുടെ അമ്മ ജോലിയില്‍ നിന്ന് വിരമിച്ചത്. വിരമിക്കലിനു ശേഷം അമ്മയെക്കുറിച്ചുള്ള ബുമ്രയുടെ ട്വിറ്റര്‍ പോസ്റ്റ് പലരുടെയും ഹൃദയം തൊട്ടു. "അമ്മ ഞങ്ങള്‍ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാം ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഒരു അദ്ധ്യാപികയില്‍ നിന്ന് പ്രിന്‍സിപ്പളായി, ഇപ്പോഴിതാ വിരമിച്ചിരിക്കുന്നു. വിജയകരമായ ഒരു കരിയര്‍ ആയിരുന്നു അമ്മയുടേത്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇനി അമ്മയെ നോക്കാനുള്ള ഞങ്ങളുടെ ഊഴമാണ്. ഇനി കാലുകള്‍ നിലത്തു വെക്കൂ, വിശ്രമിക്കൂ. ഞങ്ങള്‍ അമ്മയെ സ്നേഹിക്കുന്നു", ബുമ്ര ട്വിറ്ററില്‍ കുറിച്ചു.
പില്ക്കാലത്ത് ക്രിക്കറ്റ് കരിയറിലെ വിജയത്തിന് പിന്നാലെ സ്പോര്‍ട്സ് അവതാരക സഞ്ജന ഗണേശനെ ബുംറ വിവാഹം ചെയ്തു. 2021 മാര്‍ച്ചിലായിരുന്നു വിവാഹം. 2023 സെപ്റ്റംബര്‍ നാലിന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അംഗദ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇപ്പോള്‍ ഒരു അച്ഛനായതിന്റെ എല്ലാ സന്തോഷവും അനുഭവിക്കുകയാണ് ബുംറ. അച്ഛനായ ശേഷം ജീവിതം ഒരുപാട് മാറിപ്പോയെന്നും ഉത്തരവാദിത്തം കൂടിയെന്നും ബുംറ പറയുന്നു. തന്റെ അച്ഛന്റെ പഴയ ചിത്രത്തോാടൊപ്പം ഒരു വികാരനിര്‍ഭരമായ കുറിപ്പും ബുംറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരന്നു.
'അച്ഛനില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ ജീവിതത്തില്‍ എല്ലായ്പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഒരു അച്ഛന്റെ വികാരം എന്താണെന്നും ജീവിതത്തില്‍ എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചറിഞ്ഞത് ഞാനൊരു അച്ഛനായപ്പോഴാണ്. സന്തോഷകരമായ ഓര്മകളോടെ ഞങ്ങള്‍ അച്ഛനെ ഓര്‍ക്കുമ്പോള്‍, അച്ഛന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'- ബുംറ ഇന്‍സ്റ്റഗ്രാം കുറിപ്പ് സൈബറിടത്തില്‍ വൈറലായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന അച്ഛന്റെ ചിത്രവും കുറിപ്പിനൊപ്പം ബുംറ പങ്കുവെച്ചിരിന്നു. ഈ ചിത്രത്തിന് താഴെ ബുംറയുടെ ഭാര്യ സഞ്ജന കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ തണലായി അദ്ദേഹം എന്നും കൂടെയുണ്ട്' എന്നായിരുന്നു സഞ്ജനയുടെ കമന്റ്.