- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്പ്രിൻക്ലറിലെ കള്ളത്തരം മറയ്ക്കാൻ ഖജനാവ് മുടിച്ചു പിണറായി; മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സമിതി അധ്യക്ഷന് പ്രതിമാസം നൽകുന്നത് 75,000 രൂപ! സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയ ആദ്യ കമ്മറ്റിക്ക് പ്രതിഫലവും നൽകിയില്ല
തിരുവനന്തപുരം: വിവാദമായ സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ആണെന്ന മാധവൻ നായർ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എം ശിവശങ്കറിനെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ടിൽ ഇടപാട് നടത്തിയത് ശിവശങ്കരനാണെന്നാണ് വ്യക്തമാക്കിയത്. എന്നിട്ടും ശിവശങ്കരനെ തള്ളിപ്പറയാതെ അദ്ദേഹത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് സ്പ്രിൻക്ലർ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ പുതിയ മൂന്നംഗ സമിതിയെ നിയമിച്ചത്.
ഇടപാടിന്റെ പരാജയം സംബന്ധിച്ച മാധവൻ നമ്പ്യാർ റിപ്പോർട്ട് പരിശോധിക്കാനാണ് സംസ്ഥാന സർക്കാർ പുതിയ സമിതിയെ നിയോഗിച്ചിരുന്നത്. ആദ്യ സമിതിയുടെ കണ്ടെത്തലുകളാണ് വീണ്ടും അന്വേഷിച്ചത്. റിട്ടയേർഡ് ജില്ലാ ജഡ്ജി ശശിധരൻ നായരാണ് സമിതിയുടെ അദ്ധ്യക്ഷൻ. ആദ്യ സമിതിയിലെ മറ്റൊരു അംഗമാണ് ഐടി വിദഗ്ധൻ ഗുൽഷൻ റോയ്. സ്പ്രിംഗളർ കരാറിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മാധവൻ നമ്പ്യാർ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സർക്കാറിനെ വെള്ളപൂശാൻ പുതിയ സമിതിയെ നിയമിച്ചത്.
എന്നാൽ, ഈ സമിതിക്ക് വേണ്ടി ഖജനാവ് മുടിക്കുന്ന അവസ്ഥാണ് ഉള്ളത്. സ്പ്രിൻക്ലർ കരാർ പരിശോധിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ മൂന്നംഗ സമിതിയുടെ അധ്യക്ഷൻ ആവശ്യപ്പെട്ടത് പ്രതിമാസം 75,000 രൂപയുടെ ഓണറേറിയമാണ്. ആദ്യ കമ്മിറ്റിയിലെ അംഗങ്ങളായ മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ.ഗുൽഷൻ റായി എന്നിവർക്ക് ഒരു പ്രതിഫലവും നൽകാതിരിക്കെയാണ് പുതിയ സമിതിയുടെ ആവശ്യങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഈ പണം നൽകണമെന്ന് സർക്കാർ നിർദ്ദേശവും പോയിട്ടുണ്ടെന്നാണ് അറിയുന്നത്. സർക്കാറിന്റെ മുഖം രക്ഷിക്കാൻ കള്ള റിപ്പോർട്ട് തയ്യാറാക്കാനാണ് ഇതെന്ന ആക്ഷേപവും ശക്തമാണ്.
മുൻ നിയമസെക്രട്ടറിയും റിട്ടയഡ് ജില്ലാ ജഡ്ജിയുമായ കെ.ശശിധരൻ നായരാണ് സമിതിയുടെ ആദ്യ യോഗത്തിനു ശേഷം ഡിസംബർ 12ന് പൊതുഭരണവകുപ്പിന് കത്തയച്ചത്. സമിതി അംഗങ്ങൾക്കു പുറമേ കൺസൽറ്റന്റ് ആയി നിയമവകുപ്പിൽ നിന്ന് വിരമിച്ച ഒരു അഡീഷനൽ സെക്രട്ടറിയുടെ സേവനം കൂടി വേണമെന്ന് ശശിധരൻ നായർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമ പരിഷ്ക്കരണ കമ്മിഷൻ വൈസ് ചെയർമാൻ എന്ന നിലയ്ക്കുള്ള വേതനം മാത്രമേ തനിക്കുള്ളുവെന്നും അതിനാൽ കമ്മിറ്റി അധ്യക്ഷനാകാൻ 75,000 രൂപ അനുവദിക്കണമെന്നുമാണ് ആവശ്യം. ഇതിനു പുറമേ മറ്റൊരു അംഗവും കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) പ്രഫസറുമായ ഡോ.സുമേഷ് ദിവാകരന് ഓരോ സിറ്റിങ്ങിനും 3,000 രൂപ വീതം അനുവദിക്കണം. മൂന്നാമത്തെ അംഗവും ജെഎൻടിയുഎച്ച് കോളജ് ഓഫ് എൻജിനീയറിങ് റിട്ട. പ്രഫസർ ഡോ.എ. വിനയബാബു ജോലിയുടെ വ്യാപ്തി മനസ്സാക്കിയ ശേഷം ഓണറേറിയം തീരുമാനിക്കൂ എന്നും കത്തിൽ പറയുന്നു.
റിപ്പോർട്ട് തയാറാക്കുന്നതിനായി നിയമപരിഷ്കാര കമ്മിഷൻ ഓഫിസിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നിവരെ ആവശ്യമാണെന്നും ഇതിനായി യഥാക്രമം 7,500 രൂപ, 6,000 രൂപ എന്നിങ്ങനെ നൽകണമെന്നാണ് മറ്റൊരു ആവശ്യം. മുൻ സമിതിയുടെ ഓണറേറിയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറായിരുന്ന ഡോ. ഗുൽഷൻ റായ് രാജ്യത്തെ സൈബർ നിയമങ്ങൾ രൂപീകരിച്ചതിൽ മുഖ്യ പങ്കു വഹിച്ചയാളാണ്. അദ്ദേഹം ഉൾപ്പെടെ തയാറാക്കിയ ആദ്യ റിപ്പോർട്ട് പരിശോധിക്കാനാണ് നവംബറിൽ റിട്ട. ജഡ്ജിയും 2 കോളജ് അദ്ധ്യാപകരും ഉൾപ്പെട്ട സമിതിയെ സർക്കാർ നിയോഗിച്ചത്.
കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ ആരോപണത്തെ തുടർന്ന് വിവാദമായി മാറിയ ഇടപാടിൽ നിന്നും സർക്കാറിന് പിന്നീട് പിന്മാറേണ്ടി വന്നിരുന്നു. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞ സംഭവത്തിലാണ് പിന്നീട് മാധവൻ നായർ കമ്മിറ്റിയെ വച്ച് സർക്കാർ അന്വേഷണം നടത്തിയത്.
കോവിഡ് വൻതോതിൽ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി വിദേശത്ത് നിന്നുള്ള മലയാളിയുടെ കമ്പനിയുടെ സഹായം തേടിയത്. എന്നാൽ കരാർ നിബന്ധനകൾക്ക് മേൽ ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിരുന്നില്ല, നിബന്ധനകൾ തെറ്റിച്ചാൽ ന്യൂയോർക്കിലെ കോടതിയിൽ കേസ് നടത്തേണ്ടി വന്നേനെ, കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആറു മാസത്തോളം എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീർത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ സംഗതി വിവാദമായതിനെത്തുടർന്ന് നിയമിച്ച അന്വേഷണക്കമ്മീഷനും ഈ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ലക്ഷങ്ങൾ സർക്കാരിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിരുന്നു.
സ്പ്രിൻക്ലർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ അതത് വകുപ്പുകളായിരിക്കണം പദ്ധതികൾ നടപ്പാക്കേണ്ടത്. ഐടി വകുപ്പും സിഡിറ്റും അവരെ സഹായിച്ചാൽ മതിയാകുമെന്നാണ് മാധവൻ നമ്പ്യാർ സമിതിയുടെ ശുപാർശളിൽ പ്രധാന കാര്യം. സ്പ്രിൻക്ലറിനു സമാനമായ കമ്പനികളിൽ നിന്നു പദ്ധതിനിർദ്ദേശം വന്നാൽ വിലയിരുത്താനുള്ള സാങ്കേതികവൈദഗ്ധ്യം ഐടി വകുപ്പിനുണ്ടാക്കിയെടുക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എടുക്കണമെന്നും നമ്പ്യാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ടിനോട് അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും എന്നാൽ, റിപ്പോർട്ട് പുറത്തുവിടാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും മാധവൻനമ്പ്യാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിൽ ഏറെ പ്രസക്തം കമ്മിറ്റിയുടെ ശുപാർശകളാണെന്നും ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളാണ് കമ്മിറ്റി സമർപ്പിച്ചതെന്നും നമ്പ്യാർ പറഞ്ഞു. സ്പ്രിംക്ലർ ഇടപാട് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന കമ്മിറ്റിയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് പുതിയ വിവരമല്ലെന്നും ഇടപാടിന്റെ പൂർണ്ണ ഉത്തരവാദിത്തവും നേരത്തെ തന്നെ മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കർ പരസ്യമായി ഏറ്റെടുത്തിരുന്നതാണെന്നും നമ്പ്യാർ ചൂണ്ടിക്കാട്ടുകയുണ്ടായി.
നടപടിക്രമങ്ങൾ പാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണുണ്ടായതെന്നും എന്നാൽ, കോവിഡ് മഹാമാരി ഉയർത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിൽ സ്പ്രിംക്ലർ ഇടപാട് ന്യായീകരിക്കുന്ന സമീപനമാണ് ഐ.ടി. മുൻ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നമ്പ്യാർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 17-നാണ് കമ്മിറ്റിയുടെ റിപ്പോർട്ട് ചെയർമാൻ മുഖ്യമന്ത്രിക്ക് കൈമാറിയത്. കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന സർവ്വെ (കിരൺ- കേരള ഇൻഫർമേഷൻ ഒഫ് റെസിഡന്റ്സ് - ആരോഗ്യം നെറ്റ്വർക്ക് )യുടെ കാര്യത്തിൽ മാധവൻ നമ്പ്യാർ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ ഏറെ പ്രസക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ യു.ഡി.എഫ്. സർക്കാർ നടപ്പാക്കാനൊരുങ്ങിയ അതേ പദ്ധതിയാണ് കിരൺ എന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു.
കേരള ജനതയുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നുവെന്ന സിപിഎമ്മിന്റെ കടുത്ത എതിർപ്പിനെത്തുടർന്നാണ് മുൻ യു.ഡി.എഫ്. സർക്കാർ ഈ പദ്ധതി വേണ്ടെന്നുവെച്ചത്. പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളാണ് ഈ സർവ്വെയിലൂടെ കേരള സർക്കാർ ശേഖരിക്കുന്നത്. കിരൺ പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് സ്പ്രിംക്ലർ അന്വേഷണ കമ്മീഷനിൽ രണ്ടാമത്തെ അംഗമായി സർക്കാർ ആദ്യം നിയോഗിച്ചത്. രാജീവിനെ പിന്നീട് കോവിഡ് 19 വിഷയത്തിൽ സർക്കാരിന്റെ ഉപദേഷ്ടാവാക്കിയതോടെയാണ് സൈബർ സുരക്ഷാ വിദഗ്ദൻ ഗുൽഷൻ റായ് കമ്മീഷനിലേക്കെത്തിയത്. ആറു മാസത്തോളം എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
എന്നാൽ, ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ നടപടികളെടുക്കുന്നതിനു പകരം പുതിയൊരു അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്. മുൻ ജില്ലാ ജഡ്ജി ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് മാധവൻ നമ്പ്യാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ