കാഞ്ഞങ്ങാട്: അയൽക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആത്മഹത്യ ചെയ്തത് 17 വർഷത്തെ ജയിൽ വാസത്തിനു ശേഷം. കയ്യൂർ കണിയന്തോലിലെ കുട്ടപ്പന്റെ മകൻ ഷാജിയാണ് (51) മൂന്ന് മാസത്തെ പരോൾ കാലാവധി പൂർത്തിയാക്കി തിരിച്ച് ജയിലിലേക്ക് മടങ്ങാൻ ഒരാഴ്ച ബാക്കിയിരിക്കെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്.

കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷാജി കഴിഞ്ഞ 17 വർഷമായി തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇതിനിടയിലാണ് മൂന്ന് മാസത്തെ പരോൾ ലഭിച്ചത്. മരണം വരെ പുറത്തിറങ്ങാനാവാതെ ജയിലിൽ കഴിയേണ്ടിവരുമെന്നുള്ള മനോവിഷമത്തെത്തുടർന്ന് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. അതിർത്തി തർക്കത്തിനിടെയാണ് ഷാജി യുവതിയെ കൊലപ്പെടുത്തിയത്.