- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
2019ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 1.39 ലക്ഷം പേർ; അതിൽ 67 ശതമാനവും ചെറുപ്പക്കാർ; വ്യക്തിപരമായ പരാജയങ്ങൾ മുതൽ സാമ്പത്തിക ബാദ്ധ്യതകൾ വരെ കാരണമാകുന്നു; സ്ത്രീധന പീഡനങ്ങളും ജീവനെടുക്കുന്നു; പാതിവഴിയിൽ പൊഴിയുന്ന ജീവിതങ്ങളെ കുറിച്ച്
ന്യൂഡൽഹി: കേരളക്കരയിൽ എങ്ങോട്ടു തിരിഞ്ഞാലും ആത്മഹത്യാ വാർത്തകളാണ്. ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധിയാണ്. വിസ്മയയുടെ മരണം കേരളത്തിന്റെ മനസ്സാക്ഷിയെ തന്നെ പിടിച്ചുലച്ചു. രാജ്യത്ത് തന്നെ ആത്മഹത്യാ കണക്കിൽ കേരളം മുന്നിലാണ്. അതിജീവിക്കാം എന്നു പറയുന്ന വിഷയങ്ങളിൽ പോലും ഒരു കൈത്താങ്ങില്ലാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധിയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് പറയുമ്പോഴും ആത്മഹത്യയിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കാൻ അധികമാർക്കും സാധിക്കാറില്ലെന്നതും ഒരു നഗ്ന യാഥാർഥ്യമായി നിലനിൽക്കുന്നു.
നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്കനുസരിച്ച് 2019-ൽ ഇന്ത്യയിൽ 1.39 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 67 ശതമാനവും (ഏകദേശം 90,000 പേർ) 18 നും 45 നും ഇടയിൽ പ്രായമുള്ളവരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 2018-ലെ യുവാക്കളിലെ ആത്മഹത്യാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ബ്യുറോ റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ പ്രായക്കാരുടേയും കാര്യം പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ആത്മഹത്യാ നിരക്കിൽ 2019-ൽ ഉണ്ടായിരിക്കുന്നത് 3.45 ശതമാനത്തിന്റെ വർദ്ധനവാണ്.
ജീവിക്കാൻ ഒരു വഴിയുമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നവരായിരുന്നു ഒരുകാലത്ത് കൂടുതലായി ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ ഇന്ന് പല പ്രശസ്തരും ആ ലിസ്റ്റിൽ ഉൾപ്പെടുന്നു. മാത്രമല്ല, സാമ്പത്തികമായി നല്ല രീതിയിൽ നിൽക്കുന്നവരുടേ ഇടയിലും ആത്മഹത്യ വർദ്ധിച്ചു വരികയാണ്. എൻ സി ആർ ബി റിപ്പോർട്ടിൽ ആത്മഹത്യക്ക് ഇടയാക്കുന്ന കാരണങ്ങളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾ, തകരുന്ന പ്രേമബന്ധം, മയക്കു മരുന്ന് ഉപയോഗം, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് ഇന്ത്യയിലെ ആത്മഹത്യകൾക്കുള്ള പ്രധാന കാരണം എന്ന് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
1.39 ലക്ഷം ആത്മഹത്യകൾ നടന്ന 2019-ൽ ഇതിൽ 34 ശതമാനത്തിനും കാരണമായത് വിവിധ കുടുംബ പ്രശ്നങ്ങളാണ്. 7.3 ശതമാനം പേർ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മരണമടഞ്ഞപ്പോൾ 7 ശതമാനം പേരുടെ ആത്മഹത്യയ്ക്ക് കാരണമായത് മാനസിക പ്രശ്നങ്ങളാണ്.5.6 ശതമാനം പേരാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതൊപയോഗം മൂലം മരണത്തെ വരിച്ചത്. തകർന്ന പ്രേമബന്ധങ്ങൾ മരണത്തിലേക്ക് നയിച്ചത് 5.2 ശതമാനം പേരെയാണ്. ഇതിൽ ആശ്ചര്യകരമായ ഒരു കാര്യം, ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പുരുഷന്മാരായിരുന്നു എന്നതാണ്.
കോവിഡ് പ്രതിസന്ധിയും ആത്മഹത്യകളും
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയ 2020 മാർച്ച് 19 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ 338 പേരാണ് ആത്മഹത്യ ചെയ്തതെന്ന് പബ്ലിക് ഇന്ററസ്റ്റ് ടെക്നോളജിസ്റ്റ് തേജേഷ് ജി എൻ, സാമൂഹ്യ പ്രവർത്തക കണിക ശർമ്മ എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നമ്മൾ വിചാരിക്കുന്നതുപോലെ ഇതിൽ എല്ലാവരും ജീവിതം വെടിഞ്ഞത് സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നില്ല. ഏകദേശം എൺപതോളം പേർ മരണമടഞ്ഞത് ഒറ്റപ്പെടലിന്റെ വേദന സഹിക്കാതെയും അതുപോലെ കോവിഡ് പിടിപെടുമെന്ന ഭയം മൂലവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്യം ലഭിക്കാതെ വന്നപ്പോൾ ആതമഹത്യയിൽ അഭയം തേടിയ മദ്യാസക്തരുടെ എണ്ണം ഏകദേശം 45 വരും.
ആത്മഹത്യ ആഗോളാടിസ്ഥാനത്തിൽ
ലോകത്തിലെ ആത്മഹത്യകളിൽ 49 ശതമാനവും നടക്കുന്നത് ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന ചൈനയിലും ഇന്ത്യയിലും കൂടിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ജൈവശാസ്ത്രപരമായും, ജനിതകപർമായും, മാനസികപരമായും, സാമൂഹ്യപരമായും ഒക്കെയുള്ള നിരവധി ഘടകങ്ങൾ ആത്മഹത്യയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. 1990 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ലോകത്തിലെ ആത്മഹത്യാ നിരക്ക് 32 ശതമാനമായി വർദ്ധിച്ചു. ഇതിൽ കൂടുതലും 15 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്.
ആഗോളാടിസ്ഥാനത്തിൽ നോക്കിയാൽ തൂങ്ങി മരിക്കാനാണ് ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗം പേരും തീരുമാനിച്ചത്. വിഷം കഴിച്ചാണ് പിന്നീട് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. സ്വയം തീവയ്ക്കൽ, സ്വയം വെടിയുതിർക്കൽ തുടങ്ങിയവയും കുറഞ്ഞ തോതിലാണെങ്കിലും ഉണ്ടായിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത് ഗ്രാമീണ മേഖലകളിലാണ് ആത്മഹത്യ അധികമാകുന്നത് എന്നാണ്. അതുപോലെ വിദ്യാഭ്യാസം ഇല്ലാത്തവരോ കുറഞ്ഞ വിദ്യാഭ്യാസം മാത്രം ഉള്ളവരോ ആണ് കൂടുതലായും ആത്മഹത്യക്ക് തുനിയുന്നത് എന്നും ഇതിൽ പറയുന്നു.
സ്ഥിരവരുമാനമുള്ള ജോലികൾ ചെയ്യുന്നവരിലും അതുപോലെ പ്രത്യേക നൈപുണ്യം ആവശ്യമായ ജോലികൾ ചെയ്യുന്നവരിലും ആത്മഹത്യ പൊതുവേ കുറവാണ് എന്ന് ഇതിൽ പറയുന്നു. തൊഴിൽ സുരക്ഷ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് ഇത് തെളിയിക്കുന്നു. അതുപോലെ, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരിൽ ആത്മഹത്യ കൂടുതലായി കാണപ്പെടുന്നു. നിസ്സഹായതയും ആരും സഹായിക്കാനില്ലെന്ന ബോധവുമാണ് ഇത്തരത്തിലുള്ളവരെ കൂടുതലായി ആത്മഹത്യയിലേക്ക് തിരിച്ചു വിടുന്നത്.
ഇന്ത്യയിലെ ആത്മഹത്യകൾക്ക് കാരണം തേടി പോകുമ്പോൾ
ഇന്ത്യയിലെ ആത്മഹത്യ നിരക്ക് വർദ്ധിക്കുവാൻ പ്രധാനമായും കാരണമാകുന്നത് ഇന്ത്യൻ സമൂഹത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വന്ന സാമൂഹ്യ മാറ്റങ്ങളാണെന്നാണ് ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. കാർഷിക സമ്പദ്ഘടനയിൽ ഉണ്ടായിരുന്ന ഇന്ത്യൻ ജീവിതം അധികമായി തളച്ചിടപ്പെട്ടിരുന്നത് ഗ്രാമങ്ങളിലായിരുന്നു. താരതമ്യേന കുറഞ്ഞ ജീവിതാവശ്യങ്ങൾ ഉള്ള ഒരു ജനതയ്ഹിൽ നിരാശാബോധം വരുവാൻ കാരണങ്ങൾ കുറവുമായിരുന്നു.
എന്നാൽ, ആഗോളവത്ക്കരണത്തിന്റെ ഭാഗമായി നഗരവത്ക്കരണം ത്വരിതഗതിയിലായപ്പോൾ, ജീവിത ശൈലിയിൽ തന്നെ പല മാറ്റങ്ങളും വന്നു. കാർഷിക രംഗത്തിന്റെ തകർച്ച പല കുടുംബങ്ങളേയും ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിൽ ചേക്കേറാൻ നിർബന്ധിതരാക്കി. നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിൽ നഷ്ടപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ ദൃഢതയും അതുപോലെ അനുഭവിക്കേണ്ടി വരുന്ന അധിക മാനസിക സമ്മർദ്ദവും ധാരാളം പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ മാത്രമല്ല കാണുന്നത്. സാമാന്യം ഭേദപ്പെട്ട വരുമാനമുള്ളവരും ആധുനിക സമൂഹത്തിന്റെ ഭാഗമായ ആഡംബരമോഹങ്ങളിൽ വീണ്ട് കടക്കാരായി മാറുന്ന കാഴ്‌ച്ചകൾ നമുക്ക് ചുറ്റും കാണാവുന്നതാണ്. ഐ ടി മേഖലയും അനുബന്ധ വ്യവസായവു തഴച്ചുവളരാൻ തുടങ്ങിയതോടെ ഇന്ത്യയിൽ പുതിയൊരു മദ്ധ്യവർത്തി വിഭാഗം ഉയർന്നുവന്നു.
പരമ്പരാഗത തൊഴിൽ സംസ്‌കാരത്തിൽ നിന്നും വേറിട്ടൊരു തൊഴിൽ സംസ്‌കാരമാണ് ഈ മേഖലകളിൽ ഉള്ളത്. ഇത് ഇവിടെയുള്ള ജീവനക്കാരുടേ വ്യക്തിപരമായ സ്വഭാവരീതികളേയും സാരമായി ബാധിച്ചു. ജീവിതത്തിന്റെ അർത്ഥങ്ങളിലേക്കും അർത്ഥശൂന്യതയിലേക്കും ആഴത്തിലിറങ്ങാതെ ഉപരിപ്ലവമായ ഒരു തരം ജീവിതരീതി ഇതിന്റെ ഫലമായി പല ഇന്ത്യൻ നഗരങ്ങളിലും രൂപപ്പെട്ടു. പബ്ബുകളും ഡിസ്‌കോതെക്കുകളും ശബ്ദപൂരിതമാക്കുന്ന ജീവിതങ്ങൾക്ക് പുറകിലും ചില ഒറ്റപ്പെടലുകൾ ഉണ്ടായിരുന്നു.
ഈ ഒറ്റപ്പെടലുകളിൽ നീറിനീറി മരണത്തെ വരിച്ചവർ ഏറെയാണ്. അതിനുപുറമേയാണ് പുതിയ തലമുറയിൽ പ്രണയ സങ്കൽപങ്ങളിൽ വന്ന മാറ്റങ്ങൾ. കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർക്ക് ഒപ്പം എത്താതെ കാലിടറിയവർ അവസാനം ആത്മഹത്യയിൽ അഭയം തേടിയ കഥകൾ നിരവധിയാണ്. ആധുനിക നഗരജീവിതത്തിന്റെ പര്യായമായി മാറിയിരിക്കുന്ന മദ്യവും മയക്കുമരുന്നും നിരവധിപേരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.
സാമൂഹിക ജീവിതത്തിലെ മാറ്റങ്ങൾ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചു
അടിസ്ഥാനപരമായി ഇന്ത്യൻ സംസ്‌കാരം സമൂഹ ജീവിതത്തെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. കൂട്ടുകുടുംബം എന്ന സങ്കൽപം തന്നെ സമൂഹ ജീവിതത്തിന് ഉത്തമോദാഹരണമാണ്. വലിയൊരു കൂട്ടം ജനങ്ങൾക്കിടയിലുള്ള ജീവിതം ഒരു സുരക്ഷിത ബോധം നൽകിയിരുന്നു എന്നുമാത്രമല്ല, ഒറ്റപ്പെടൽ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടുമില്ല. കൂട്ടുകുടുംബത്തിനു പുറത്തുള്ള നാട്ടുക്കൂട്ടങ്ങളും മറ്റും അധിക സുരക്ഷ ഉറപ്പാക്കിയിരുന്നു.
ഇതിന്റെ ഒരു ചെറിയ പതിപ്പായിരുന്നു എഴുപതുകളിലും എൺപതുകളിലുമൊക്കെ കേരളത്തിൽ വ്യാപകമായിരുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംസ്‌കാരം. ഏതൊരു ഗ്രാമത്തിലും പട്ടണത്തിലും ഇത്തരത്തിലുള്ള ക്ലബ്ബുകൾ കാണാമായിരുന്നു. കുറേക്കൂടി പ്രായമായവർക്ക് ഒത്തുകൂടാൻ അമ്പലമുറ്റത്തെ അരയാൽ തറകളും പള്ളിപ്പറമ്പുമൊക്കെ ഉണ്ടായിരുന്നു. നയൻ ടു ഫൈവ് തൊഴിൽ സംസ്‌കാരം നിലനിന്നിരുന്ന അക്കാലത്ത് ഇവിടങ്ങളിലെ സായാഹ്ന സദസ്സുകളൊക്കെ വിവിധ വിഷയങ്ങളിലെ ചർച്ചകൾ കൊണ്ട് നിറയുമായിരുന്നു.
ഇത്തരം സദസ്സുകൾ, എല്ലാ പ്രായക്കാരിലും വളരെ നല്ലരീതിയിലുള്ള ആത്മബന്ധം വളരുവാൻ കാരണമാക്കിയിരുന്നു. എന്താവശ്യംവന്നാലും വിളിപ്പുറത്ത് സഹായിക്കാനൊരാളുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. ഇതുതന്നെ ഏതു ജീവിത പ്രതിസന്ധിയുംതരണം ചെയ്യുന്നതിന് ഏറെ സഹായകരമായിരുന്നു. അതിനുപുറമേ, യുവതലമുറയുടെ വഴിപിഴച്ച പോക്കിനെതിരെ മുന്നറിയിപ്പുമായി കവലകളിൽ കാവലാളുകളുണ്ടായിരുന്നു. ഇന്നത്തെ ജീവിതസാഹചര്യത്തിൽ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നവർ, സദാചാര പൊലീസ് എന്നൊക്കെ നാം വിളിക്കുന്ന ഈ കവലയിലെ കാവലാളുകൾ നിരവധി യുവാക്കളേയും യുവതികളേയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കാതെ കാത്തിരുന്നു എന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്.
എന്നാൽ, ലോകം മുഴുവൻ ഒരു കുഞ്ഞു ഗ്രാമമായി മാറുന്നു എന്ന മുദ്രാവാക്യവുമായി ആഗോളവത്ക്കരണവും ഐടി വിപ്ലവവും എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ സ്വകാര്യ ജീവിതത്തിന് ഇന്ത്യൻ സമൂഹത്തിൽ പ്രാധാന്യം കൂടുതൽ കൈവന്നു. നയൻ ടു ഫൈവ് തൊഴിൽ സംസ്‌കാരം ഓർമ്മയായി മാറിയതോടെ നാട്ടിൻപുറത്തേയും പട്ടണങ്ങളിലേയും സൗഹൃദ കൂട്ടായ്മകളും എങ്ങോപോയ് മറഞ്ഞു.
ന്യുക്ലിയർ കുടുംബങ്ങൾ വർദ്ധിക്കുവാൻ തുടങ്ങിയതോടെ ഒറ്റപ്പെട്ട തുരുത്തുകൾ തീർത്ത് മനുഷ്യർ അതിലൊതുങ്ങിക്കൂടാൻ തുടങ്ങി. ഇവിടെയാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ സമൂഹ ജീവിതത്തിന് അന്ത്യം കുറിക്കുന്നത്. തീർത്തും ഒറ്റപ്പെട്ടവർ പല സാഹചര്യങ്ങളിലും നിസ്സഹായരാവുക കൂടി ചെയ്തതോടെ ജീവിതത്തിനു നേരെ മുഖം തിരിക്കാൻ പലരും നിർബന്ധിതരാവുകയായിരുന്നു.
കൊറോണാനന്തര കാലഘട്ടവും ആത്മഹത്യയും
കൊറോണയെന്ന കുഞ്ഞൻ വൈറസ് മനുഷ്യനെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അതുപോലെ മനുഷ്യ ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തി. ഇത് ഭവിയിലെ ജീവിതത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പാശ്ചാത്യ ലോകത്തെ പല സാമൂഹ്യ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പരമ്പരാഗതമായ തൊഴിലവസരങ്ങളുടെ ദൗർബല്യമായിരിക്കും ഭാവിയിൽ യുവത അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് ഇവർ പറയുന്നത്. ഇത് മുന്നിൽക്കണ്ടുകൊണ്ട് ബ്രിട്ടൻ പോലുള്ള പല പാശ്ചാത്യ രാജ്യങ്ങളും ആധുനിക സാങ്കേതിക വിദ്യയിൽ അനൗപചാരിക പരിശീലനം നൽകുന്ന പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു.
ഔപചാരിക വിദ്യാഭ്യാസം സിദ്ദിഖാത്തവർക്കും, ഭാവിയിൽ ആവശ്യമായി വരുന്ന ഏതെങ്കിലും മേഖലകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാൽ, കാലത്തിനൊത്ത് മാറാൻ തയ്യാറാകാത്തവർക്ക് കൊറോണാനന്തര കാലത്തെ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ബ്രിട്ടനിൽ ലോക്ക്ഡൗൺ കഴിഞ്ഞ് കടകൾ തുറക്കാനുള്ള അനുമതി നൽകിയപ്പോൾ, ഏകദേശം 13 ശതമാനത്തോളം കടകൾ പൂട്ടിപ്പോയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബാക്കിയുള്ളവയിൽ പലതും നിലനിന്നുപോകാൻ വിഷമിക്കുകയും ചെയ്യുന്നു.
ആധുനിക സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിച്ച കൊറോണക്കാലത്തിനു ശേഷവും മനുഷ്യർ ആ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യങ്ങൾ ഉപേക്ഷിക്കാൻ ഇടയില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇത് നിരവധി തൊഴിൽ നഷ്ടങ്ങൾക്ക് വഴി തെളിക്കും. മാത്രമല്ല, തത്ഫലമായി ഉയർന്നു വരുന്ന സാമ്പത്തിക മാന്ദ്യവും, മാനസിക പ്രശ്നങ്ങളുമെല്ലാം യുവാക്കളെ കൂടുതലായി ആത്മഹത്യയിലേക്ക് നയിക്കാം എന്നും ഗവേഷകർ പറയുന്നു. ഇതിനെ തടയുവാൻ ഭരണകൂടങ്ങൾ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുക തന്നെവേണം എന്നും അവർ പറയുന്നു.
ഗാർഹിക പീഡനങ്ങളും ആത്മഹത്യകളും
അടുത്തകാലത്ത് കേരളത്തിൽ വാർത്തകളിൽ നിറയുന്നത് ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകളാണ്. ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണവും വിഴിഞ്ഞത്തെ അർച്ചനയുടെ മരണവുമെല്ലാം ഭർതൃവീട്ടിലെ പീഡനങ്ങളെ തുടർന്നുള്ളവയാിയരുന്നു. ഗാർഹിക പീഡനങ്ങൾ അനുഭവിച്ചിട്ടില്ലാത്ത സ്ത്രീകൾ കുറവാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട. ഒരു ആഗോള പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന 2014 ൽ ആരോ കണ്ടെത്തി ഓരോ 40 സെക്കൻഡിലും ആത്മഹത്യ ചെയ്യുന്നു, 15 - 29 വയസ് പ്രായമുള്ളവരുടെ മരണത്തിന് രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്.
കഴിവ്, ലിംഗഭേദം, വംശം, ലൈംഗിക ആഭിമുഖ്യം എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഐഡന്റിറ്റികൾ എങ്ങനെ പരസ്പരം ബന്ധിപ്പിക്കുമെന്നത് ഫാക്റ്ററിങ് ചെയ്യുമ്പോൾ, ഗാർഹിക പീഡനത്തിന് ഇരയായവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അപകടസാധ്യത വർദ്ധിക്കുന്നു. ഗാർഹിക പീഡനത്തെ അതിജീവിച്ചയാളുമായി അടുത്തിടപഴകുകയും അവരെ എനർജറ്റിക്കായി നിർത്തുകയും ചെയ്യുക എന്നതാണ് ഒരു സമൂഹത്തിന്റ കടമ. അധിക്ഷേപകരമായ ബന്ധത്തിൽ ജീവിക്കുകയും ഒരുപക്ഷേ ഒറ്റപ്പെടലോ ആത്മഹത്യയുടെ ചിന്തകളോ അനുഭവിക്കുകയും ചെയ്യുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ സഹായം അവരുടെ കഥകൾ കേൾക്കാനും തുറന്നുപറയാനുമുള്ള നമ്മുടെ സന്നദ്ധതയാണ്. അവർ തനിച്ചല്ലെന്നും ഒരു വഴിയുണ്ടെന്നും വ്യക്തമാക്കിയാൽ മരണ മുനമ്പിൽ നിന്നും ഓരോ ജീവിതങ്ങളും തിരികെ പിടിക്കാം.