- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 ലക്ഷം ദിർഹം ധനസഹായം റെഡ് ക്രസന്റിൽ നിന്നു കൈപ്പറ്റിയതിൽ കൃത്യമായ മറുപടി നൽകാൻ യുവി ജോസിന് കഴിഞ്ഞില്ല; മിനിറ്റ്സ് ഇല്ല എന്ന മറുപടി മുഖവിലയ്‌ക്കെടുത്തിട്ടില്ല; വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന നിലപാടിൽ ഉറച്ച് ഇഡി; ഫയലുകൾ നൽകാതെ ലൈഫ് നീട്ടിയെടുക്കാൻ പിണറായി സർക്കാർ; കോഴയിലെ അന്വേഷണം എത്തി നിൽക്കുന്നത് യുഎഎഫ്എക്‌സ് സൊലൂഷൻസിലും ഫോർത്ത് ഫോഴ്സിലും; രാഷ്ട്രീയ നേതാവിന്റെ മകനും നിരീക്ഷണത്തിൽ; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിറകേ കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഉടൻ ചീഫ് സെക്രട്ടറി കൈമാറില്ല. ഫയൽ പരിശോധന കേരള സർക്കാരും നടത്തുന്നുണ്ട്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സിപിഎമ്മും നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഫയൽ വിജിലൻസ് വകുപ്പിന് കൈമാറാനും സാധ്യതയുണ്ട്. വിജിലൻസിന് ഫയൽ നൽകി ഇഡി കേസിൽ നിന്നും തലയൂരാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ വിശദ നിയമോപദേശം കേരളം തേടും. കേന്ദ്ര ഏജൻസിക്ക് ഫയൽ നൽകുന്നത് വിനയാകുമെന്ന വിലയിരുത്തൽ സംസ്ഥാന സർക്കാരിൽ സജീവമാണ്.
കേസിലെ പ്രതികളുടെ മുഴുവൻ സ്വത്തു വിവരങ്ങളും തേടി സംസ്ഥാനത്തെ ജില്ലാ രജിസ്റ്റ്രാർമാർക്കും കത്തു പോയി. ലൈഫ് മിഷൻ പദ്ധതിക്കായി യുഎഇ റെഡ് ക്രസന്റിൽ നിന്നു സ്വപ്‌നാ സുരേഷ് സഹായധനം വാങ്ങിയതിലാണ് ഇഡിയുടെ പരിശോധന. കത്തിന്റെ പകർപ്പ് തദ്ദേശ സെക്രട്ടറിക്കും കൈമാറി. നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചാണ് ഇടപാടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഗുരുതര ക്രമക്കേടുകൾ അവർ കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിൽ റെഡ്ക്രസന്റുമായി നടന്ന ചർച്ചകളുടെ മിനിറ്റ്‌സ് ഇല്ലെന്ന വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. ഒരു കോടി രൂപ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു.
സ്വർണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന, സന്ദീപ് നായർ എന്നിവരുടെ പാർട്‌നർഷിപ് കമ്പനിയായ ഐസോമോങ്കിന്റെ അക്കൗണ്ട് വഴി കൈമാറിയ 75 ലക്ഷം രൂപയാണു ലൈഫ് ഇടപാടിലെ കമ്മിഷൻ. ബാക്കി തുക മറ്റാർക്കോ വേണ്ടിയുള്ള കോഴയാണെന്നാണ് അന്വേഷകരുടെ നിഗമനം. തന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടുകളിലും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ വൻതുകയും വിദേശ കറൻസിയും ഈ 4 കമ്പനികൾ പലപ്പോഴായി നൽകിയ കമ്മിഷൻ തുകയാണെന്നാണ് സ്വപ്നയുടെ മൊഴി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് നൽകിയ 4.25 കോടി രൂപ കമ്മിഷനല്ല, കോഴയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സ്വർണ്ണ കടത്തിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി സൂചനയുള്ള 4 സ്ഥാപനങ്ങളുടെ പ്രവർത്തനം എൻഫോഴ്‌സമെന്റ് വിഭാഗം (ഇഡി) പരിശോധിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ കരാർ സ്ഥാപനങ്ങളായ യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ്, യൂണിടാക്, സേൻ വെഞ്ചേഴ്‌സ് എന്നിവയാണ് സംശയ നിഴലിലൂള്ളത്. പ്രതികളുടെ പല മൊഴികളും വസ്തുതാ വിരുദ്ധമാണെന്നു കണ്ടെത്തിയതോടെയാണു മറ്റു സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിൽ സ്വപ്‌നയ്ക്ക് സാമ്പത്തിക പങ്കാളിത്തം ഉണ്ടോ എന്നും പരിശോധിക്കും. ഒരു രാഷ്ട്രീയ നേതാവിന്റെ മകനും ഈ കമ്പനികളിൽ ഒന്നിൽ പങ്കാളിയാണെന്ന സൂചനയും എൻഐഎയ്ക്ക് ലഭിച്ചിരുന്നു.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ യുഎഇ വീസ സ്റ്റാംപിങ്, പൊലീസ് ക്ലിയറൻസ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ എന്നിവയുടെ കരാർ ലഭിച്ച സ്ഥാപനങ്ങളാണു യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നിവ. കേരളത്തിലെ 2 മുൻനിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഈ കരാറിനു ശ്രമിച്ചിരുന്നു. ഇവരെ ഒഴിവാക്കിയാണു യുഎഎഫ്എക്‌സിനും ഫോർത്ത് ഫോഴ്‌സിനും കരാർ ലഭിച്ചത്. ഇതിന് പിന്നിൽ സ്വപ്‌നയുടെ ഇടപെടലായിരുന്നു എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. യൂണിടാകിനും സേൻ വെഞ്ചേഴ്‌സിനും ലഭിച്ചതു ലൈഫ് മിഷന്റേത് അടക്കമുള്ള നിർമ്മാണകരാറുകളാണ്. പൂവാർ സർവ്വീസ് സഹകരണ ബാങ്കിൽ അടക്കം സ്വപ്‌നയ്ക്കും സരിത്തിനും നിക്ഷേപം ഉണ്ട്. ഇതും പരിശോധിക്കുകയാണ്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇ. റെഡ് ക്രസന്റുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ തേടി ഇഡി കത്തയച്ചതും തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ്. റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയതിന് കേന്ദ്ര വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയിരുന്നോയെന്നു വ്യക്തമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശപ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ മിനിറ്റ്സുൾപ്പെടെയുള്ള രേഖകൾ, തുകസംബന്ധിച്ച വിശദമായ വിവരങ്ങൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊന്നും ഇല്ലെന്ന് ലൈഫ് മിഷൻ സിഇഒയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ചോദിച്ച രേഖകൾ ഒന്നുമില്ലെന്ന കത്താകും ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകുക.
വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) അനുസരിച്ച് സംസ്ഥാനസർക്കാരുകൾക്കും കീഴിലുള്ള ഏജൻസികൾക്കും വിദേശസഹായം സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര-വിദേശ മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതിവാങ്ങണം. ലൈഫ് മിഷനു കീഴിൽ തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമ്മാണത്തിന് വിദേശസഹായം കൈപ്പറ്റിയപ്പോൾ കേന്ദ്രാനുമതി വാങ്ങിയിരുന്നില്ല. ഇത്തരത്തിൽ അനുമതിയുണ്ടെങ്കിൽ ഹാജരാക്കണം. നേരത്തേ ലൈഫ് മിഷൻ സിഇഒ. യു.വി. ജോസിനോട് ഈ വിവരങ്ങൾ ഇ.ഡി. തേടിയിരുന്നു. എന്നാൽ, 10 ലക്ഷം ദിർഹത്തിന്റെ ധനസഹായം യു.എ.ഇ.യിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റിൽനിന്നു കൈപ്പറ്റിയതിൽ കൃത്യമായ മറുപടി നൽകാൻ യു.വി. ജോസിന് കഴിഞ്ഞില്ല. ധാരണാപത്രത്തിന്റെ പകർപ്പ് മാത്രമാണു കൈമാറിയത്. ധാരണാപത്രം ഒപ്പിടുംമുമ്പ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽനടന്ന യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ലെന്നാണ് യു.വി. ജോസ് മറുപടിനൽകിയത്.
ഇതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇ.ഡി.യുടെ പുതിയ നീക്കത്തിൽനിന്ന് വ്യക്തമായി. മിനിറ്റ്സ് ഇല്ല എന്ന മറുപടി ഇ.ഡി. മുഖവിലയ്‌ക്കെടുത്തിട്ടില്ല. കരാറിലേക്ക് എത്തുന്നതിനുമുമ്പ് നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ അറിയണമെങ്കിൽ മിനിറ്റ്സ് ഉണ്ടെങ്കിലേ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കൂടുതൽ വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയിൽനിന്നുതന്നെ തേടിയത്.
മറുനാടന് മലയാളി ബ്യൂറോ