കോഴിക്കോട്: ബാണാസുരയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം കാണാനെത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെയും ഡി.സി.സി അംഗങ്ങളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊലീസ് തടഞ്ഞു. മെഡിക്കൽ കോളേജ് മോർച്ചറി പ്രദേശത്താണ് സംഭവം.

മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മോർച്ചറി ഭാഗത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇവിടെയെത്തിയ ടി സിദ്ദിഖും മറ്റ് കോൺഗ്രസ് നേതാക്കളും മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് സംഘർഷമുണ്ടാകുകയും ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയുമായിരുന്നു. കോഴിക്കോട് എംപി കെ.രാഘവനും പൊലീസ് മൃതദേഹം കാണാൻ അനുമതി കൊടുത്തില്ല. മാവോയിസ്റ്റ് വേൽമുരുകന്റെ ബന്ധുക്കൾ പ്രത്യേക അനുമതിയോടെ മൃതദേഹം കണ്ടു.

അതേസമയം മാവോയിസ്റ്റിന്റെ മൃതദേഹം കാണാനും കുടുംബവുമായി സംസാരിക്കാനുമാണ് എത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടും അനുവദിക്കാതെ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാൻ നടത്തിയ നടപടിയാണ് മാവോയിസ്റ്റ് വേട്ടയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.