- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്നിയിൽ ഓസീസ് റൺമലയും കയറി ടീം ഇന്ത്യ; ആവേശ കൊടുമുടിയിൽ എത്തിയ മത്സരം വിജയിച്ചത് ആറ് വിക്കറ്റിന്; അവസാന ഓവർ വെട്ടിക്കെട്ടുമായി വിജയം സമ്മാനിച്ചത് ഹാർദ്ദിക് പാണ്ഡ്യ; വിജയത്തോടെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി കോലിയും കൂട്ടരും; ഏകദിന പരമ്പരയിലെ തോൽവിക്ക് മധുരപ്രതികാരം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസ് വലിയ സ്കോർ ഇന്ത്യ രണ്ട് പന്ത് ബാക്കി നിൽക്കേ മറികടന്നു. ആവേശപ്പോരാട്ടത്തിലേക്ക് നീങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ഹർദ്ദിക് പാണ്ഡ്യ(42)യുടെ വെടിക്കെട്ടാണ്. അവസാന ഓവറിൽ വേണ്ടിയിരുന്ന 14 റൺസ് രണ്ട് സിക്സറുകളുടെ അകമ്പടിയിൽ പാണ്ഡ്യ നേടിയതോടെ ഇന്ത്യ മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയും പോക്കറ്റിലാക്കി. നേരത്തെ ഏകദിന പരമ്പരയിൽ ഇന്ത്യയെ തോൽപ്പിച്ച ഓസീസിനോടുള്ള കോലിയുടെയും കൂട്ടരുടെയും മധുരപ്രതികാരം കൂടിയായി മാറി ടി20 പരമ്പരയിലെ വിജയം. സ്കോർ: ഓസ്ട്രേലിയ: 194/5( 20 ഓവർ), ഇന്ത്യ: 195/4 (19.4 ഓവർ)
22 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 42 റൺസോടെ പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട ധവാൻ രണ്ടു സിക്സും നാലു ഫോറുമടക്കം 52 റൺസെടുത്തു. 24 പന്തുകൾ നേരിട്ട ക്യാപ്റ്റൻ വിരാട് കോലി രണ്ടു വീതം സിക്സും ഫോറുമടക്കം 40 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ അഞ്ചു പന്തിൽ നിന്ന് 12 റൺസോടെ പുറത്താകാതെ നിന്നു. സഞ്ജു 10 പന്തിൽ നിന്ന് 15 റൺസെടുത്തു പുറത്തായി.
195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ കെ.എൽ രാഹുലും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും തകർത്തടിച്ചതോടെ പവർപ്ലേയിൽ 60 റൺസാണ് ഇന്ത്യൻ സ്കോറിലെത്തിയത്. ഇതിനിടെ 22 പന്തിൽ നിന്ന് 30 റൺസെടുത്ത രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ആൻഡ്രു ടൈയുടെ ബാൾ വലിച്ചടിക്കാനുള്ള രാഹുലിന്റെ (30) ശ്രമം പാളുകയായിരുന്നു. പന്ത് നേരെ സ്വീപ്സണിന്റെ കൈയിൽ. എങ്കിലും ശിഖർ ധവാൻ അനായാസം സ്കോർ തുടർന്നു. 36 പന്തിൽ 52 റൺസുമായി നിന്ന ശിഖറിനെ സാംപയാണ് പുറത്താക്കിയത്. അപ്പോഴേക്കും ഇന്ത്യൻ സ്കോർ ബോർഡിൽ 92 റൺസ് ആയിരുന്നു.
പിന്നീടിറങ്ങിയ, മലയാളി താരം സംഞ്ജു വി സാംസൺ നിരാശപ്പെടുത്തി. ഒരു സിക്സും ഫോറുമായി മലയാളി താരം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മിച്ചൽ സ്വീപ്സണിന്റെ പന്തിൽ സഞ്ജു പുറത്തായി. പിന്നാലെ വിരാട് കോലിയുടെ നേതൃത്വത്തില് മത്സരം മുന്നോട്ടു കൊണ്ടുപോയി. 24 പന്തിൽ 40 റൺസുമായി ക്യാപ്ടൻ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ, ഹാർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും കളി കൈപ്പിടിയിൽ ഒതുക്കി. ഒരു സിക്സും ഫോറുമായി അഞ്ചു പന്തിൽ 12 റൺസെടുത്ത് അയ്യരും രണ്ടു സിക്സും മൂന്ന് ഫോറുമായി 22 പന്തിൽ 42 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് വിജയമൊരുക്കുകയായിരുന്നു.
അവസാന ഓവറിൽ ഡാനിയൽ സാംസിനെ രണ്ടു വട്ടം സിക്സർ പറത്തിയാണ് ഹാർദിക് ഇന്ത്യക്ക് ജയമൊരുക്കിയത്. അവസാന ഓവറുകളുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിച്ചു എന്നതാണ് ഇന്ത്യയ്ക്ക് നേട്ടമായി മാറിയത്. ഈ വിജയത്തോടെ ഇന്ത്യക്ക് ട്വന്റി20യിൽ തുടർച്ചയായ ഒമ്പത് ജയങ്ങളായി. ഓസ്ട്രേലിയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ട്വന്റി20 റൺ ചേസുമാണിത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. പരിക്കേറ്റ ആരോൺ ഫിഞ്ചിന് പകരം ടീമിനെ നയിക്കുന്ന മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറർ. 32 പന്തിൽ നാലു ഫോറും ഒരു സിക്സുമടക്കം വെയ്ഡ് 58 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 38 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 46 റൺസെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മാത്യു വെയ്ഡ് മികച്ച തുടക്കമാണ് നൽകിയത്. വെയ്ഡ് തകർത്തടിച്ചതോടെ പവർപ്ലേയിൽ 59 റൺസാണ് ഓസീസ് സ്കോറിലെത്തിയത്. ഇതിനിടെ ഒമ്പത് പന്തിൽ ഒമ്പത് റൺസുമായി ഡാർസി ഷോർട്ട് മടങ്ങി. തന്റെ ആദ്യ ഓവറിൽ തന്നെ ടി. നടരാജനാണ് ഷോർട്ടിനെ പുറത്താക്കിയത്.
ഇതിനു പിന്നാലെ എട്ടാം ഓവറിലെ അവസാന പന്തിൽ വാഷിങ്ടൺ സുന്ദറാണ് തകർത്തടിച്ച് മുന്നേറിയ മാത്യു വെയ്ഡിനെ പുറത്താക്കിയത്. സുന്ദറിന്റെ പന്തിലെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ച വെയ്ഡിന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് പിടിക്കാൻ ക്യാപ്റ്റൻ കോലിക്ക് സാധിച്ചില്ല. എന്നാൽ കോലി ക്യാച്ചെടുത്തെന്ന് ഉറപ്പിച്ച് തിരികെ ക്രീസിൽ കയറാതിരുന്ന വെയ്ഡിനെ ഉടൻ തന്നെ കോലി റണ്ണൗട്ടാക്കുകയായിരുന്നു.
13 പന്തിൽ രണ്ടു സിക്സടക്കം 22 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലിനെ ഷാർദുൽ താക്കൂർ തന്റെ സ്ലോ ബോളിൽ വീഴ്ത്തുകയായിരുന്നു. മോയസ് ഹെന്റിക്വസ് 18 പന്തിൽ നിന്ന് 26 റൺസെടുത്തു. മാർക്കസ് സ്റ്റോയ്നിസ് (16), ഡാനിയൽ സാംസ് (8) എന്നിവർ പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ടി. നടരാജൻ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 20 റൺസ് വഴങ്ങിയ നടരാജൻ രണ്ടു വിക്കറ്റ് വീഴ്ത്തി. അതേസമയം യൂസ്വേന്ദ്ര ചാഹൽ ഈ മത്സരത്തിൽ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 51 റൺസാണ് ചാഹൽ വഴങ്ങിയത്.
മറുനാടന് ഡെസ്ക്