- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ തീവ്രവാദികൾ കാബൂളിൽ പ്രവേശിച്ചു; കീഴടങ്ങൽ പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാൻ സർക്കാർ; ഇടക്കാല സർക്കാറിന് അധികാരം കൈമാറാൻ തയ്യാറെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി; നിലവിലെ സർക്കാർ രാജിവെക്കും; ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാൻ; പുറത്തു പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും പ്രഖ്യാപനം
കാബുൾ: അഫ്ഗാനിസ്ഥാൻ താലിബാൻ തീവ്രവാദികളുടെ ഭരണത്തിലേക്ക് നീങ്ങുന്നു. താലിബാൻ രാജ്യതലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചു. നഗരം താലിബാൻ വളഞ്ഞതോടെ അഫ്ഗാൻ സർക്കാർ കീഴടങ്ങൾ പ്രഖ്യാപിച്ചു. ഇടക്കാല സർക്കാറിന് അധികാരം കൈമാറാൻ തയ്യാറാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രി അറിയിച്ചു. താലിബാനുമായി ചർച്ചകൾ നടത്തിയ അടിസ്ഥാനത്തിലാണ് അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങുന്നത്. നിലവിലെ അഫ്ഗാൻ സർക്കാർ രാജിവെക്കും.
അധികാരം ലഭിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാനും അറിയിച്ചു. സർക്കാർ നേതൃത്വത്തിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണ്. നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി താലിബാൻ വക്താവിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളിൽ നിന്ന് വെടിയൊച്ച കേൾക്കാം. എന്നാൽ നിലവിൽ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാൻ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാൻ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. താലിബാൻ ഉടൻതന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഫ്ഗാനിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ജലാദാബാദ് താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ചെറിയ രീതിയിലുള്ള ആക്രമണങ്ങൾ പോലും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ജലാദാബാദ് ഗവർണർ കീഴടങ്ങിയതിനാലാണ് ആക്രമണങ്ങൾ നടക്കാതിരുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ വക്താക്കൾ നൽകുന്ന വിവരം. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാക്കിസ്ഥാനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.
ബലപ്രയോഗത്തിലൂടെ കാബൂൾ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചർച്ചകൾ നടക്കുകയാണെന്നും താലിബാൻ ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, നഗരത്തിൽ നിന്ന് വൻതോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്.
ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്.
ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 28ന്റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.
കാബൂൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കൻ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിലേക്ക് അയച്ചു. രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്.
താലിബാൻ ഏത് നിമിഷവും നഗരം പിടിച്ചെടുക്കുമെന്ന സാഹചര്യത്തിൽ, കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകൾ തീയിട്ട് നശിപ്പിക്കാൻ നിർദ്ദേശം നൽകിയിയെന്ന നിർദ്ദേശവും വന്നു. അമേരിക്കൻ പതാകയുൾപ്പെടെ എല്ലാം നീക്കം ചെയ്യാനാണ് ഇന്റേണൽ മെമോ വഴി നിർദ്ദേശം നൽകിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചും നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്