- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന പാട്ടിയമ്മയെ കണ്ടാലേ മനസ് നിറയും. ഇരുളിൽ പ്രകാശം പകരുന്ന ചല വ്യക്തിത്വങ്ങളില്ലേ, അതുപോലെ.പുലർച്ചെ കുളിച്ചു ശുദ്ധിയായി പട്ടുചേല ചുറ്റി, നെറ്റിയിൽ ചുവന്ന വട്ടപൊട്ടു തൊട്ട് ആഭരണങ്ങൾ അണിഞ്ഞു പ്രാർത്ഥനയോടെ ഗാന്ധിഭവനിലെ നിലവിളക്ക് തെളിക്കുന്ന പാട്ടിയമ്മ. സ്നേഹവും കരുണയും പൊഴിയുന്ന ചുണ്ടുകളിൽ എപ്പോഴും ഒരു ചെറുചിരി ഉണ്ടാകും. പൂവിതൾ പോലെ മൃദുലമാണ് പാട്ടിയമ്മയുടെ മനസ്സ്. ഗാന്ധിഭവന്റെ ഐശ്വര്യമായിരുന്ന പാട്ടിയമ്മയുടെ കഥ പറയും മുമ്പ് അവരുടെ നിറവേറാത്ത പോയ ഒരു ആഗ്രഹത്തെ കുറിച്ച് പറയാം.
നടൻ മോഹൻലാലിന്റെ ലാൽസലാം എന്ന ടി.വി. പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ അതിഥിയാവുകയും ഒരു മകൻ എന്നപോലെ ലാലിനെ കാണുകയും എപ്പോഴും അദ്ദേഹത്തെക്കുറിച്ച് തിരക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ ഒരു തവണകൂടി കാണണമെന്ന ആഗ്രഹം പാട്ടിയമ്മ എപ്പോഴും പറയുമായിരുന്നു. എന്നാൽ ലാലിനെ കാണണമെന്ന ആഗ്രഹം ബാക്കി നിൽക്കെ പാട്ടിയമ്മ ലോകത്തോട് വിടവാങ്ങി.
ആരാണീ പാട്ടിയമ്മ?
ഗാന്ധിഭവന്റെ ഐശ്വര്യമായ ഈ പാട്ടിയമ്മ ആരാണന്നല്ലേ? അതിനുമുമ്പ് കേരളത്തിന്റെ ചരിത്രത്തിൽ മറക്കാൻ കഴിയാത്ത തിരുവിതാംകൂറിന്റെ ശക്തനായ ദിവാൻ സർ സി.പി രാമസ്വാമി അയ്യരെ കുറിച്ച് പറയണം. കോട്ടും തലപ്പാവുമൊക്കെയായി പ്രൗഢിയോടെ രാജകീയ ശൈലിയിൽ വരുന്ന നീണ്ട കണ്ണുകളും ഗൗരവം നിറഞ്ഞ മുഖവുമുള്ള രാജതുല്യനായ മുത്തശ്ശനെ പാട്ടിയമ്മക്ക് ഓർമ്മയുണ്ട്. സർ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകൾ, പാട്ടിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആനന്ദവല്ലിയമ്മാൾ തന്റെ അമ്മയെ കാണാൻ കൊല്ലത്തു വീട്ടിൽ രാജകീയമായി വന്നിരുന്ന സി.പി.യെ ഓർക്കുന്നുണ്ട്. സർ സി.പി. യുടെ ജ്യേഷ്ഠൻ ഗണപതി അയ്യരുടെ മകൾ ചെല്ലമ്മാളിന്റെയും എസ്.എം. സുന്ദര അയ്യരുടെയും പുത്രിയായി കൊല്ലത്തു ജനിച്ച ആനന്ദവല്ലിയമ്മാൾ തന്റെ ബാല്യകാലം ചിലവഴിച്ചത് വാടകവീടുകളിലാണ്. അച്ഛൻ സുന്ദര അയ്യർക്ക് മൂന്നു വിവാഹത്തിലായി പതിനൊന്നു മക്കൾ. കൊല്ലം സെന്റ് ജോസഫ് കോൺവെന്റിൽ നിന്ന് ഉന്നത മാർക്ക് നേടിയെങ്കിലും ആനന്ദവല്ലിയെ പഠിപ്പിക്കുവാൻ ആരും ഉത്സാഹം കാട്ടിയിരുന്നില്ല.
സമ്പന്നകുടുംബത്തിലായിരുന്നു ജനനമെങ്കിലും പിന്നീട് സാമ്പത്തികപരാധീനതകൾ ഏറിയപ്പോൾ ജീവിതം ആസ്വദിക്കേണ്ട സമയത്തു ചെറുപ്രായത്തിലേ കുടുംബത്തിന്റെ പ്രാരാബ്ധം ആനന്ദവല്ലി സ്വയം ഏറ്റെടുക്കേണ്ടി വന്നു. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ അമ്മ ആനന്ദവല്ലിക്ക് ആ ചുമതല നൽകിയെന്ന് പറയുന്നതാകും ശരി. പിന്നീട് കടബാദ്ധ്യതകൾ ആയപ്പോൾ കുടുംബം കോയമ്പത്തൂരിലേക്ക് ആനന്ദവല്ലിയെ പറിച്ചുനട്ടു. പഠിക്കണം എന്ന മനസ്സിലെ അതിയായ മോഹം ജീവിതത്തിലെ പ്രതിസന്ധികളിലും കുടുംബത്തിലെ എതിർപ്പുകളിലും ഒലിച്ചു പോയില്ല. മുടങ്ങിപ്പോയ പഠനം ഇരുപത്തിയെട്ടാം വയസ്സിൽ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങി. മറ്റാരെയും ആശ്രയിക്കാതെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കുവാൻ ആനന്ദവല്ലി കാണിച്ച ധൈര്യവും മനസ്സുറപ്പും മാതൃകയാക്കേണ്ട ഒന്നാണ്. കോയമ്പത്തൂരിൽ പ്രീഡിഗ്രി പാസ്സായ ശേഷം ടി.ടി.സി. എടുത്തു, അതും നാൽപ്പതാം വയസ്സിൽ. വിദ്യാഭ്യാസത്തിനും ജോലിക്കും പ്രായം ഒരു തടസ്സമല്ല എന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്നു.
തുടർന്ന് ഒരു പോരാട്ടമായിരുന്നു. എതിർസ്ഥാനത്തു സ്വന്തം ജീവിതം തന്നെ. മദ്രാസിൽ വനിതാക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പി.എ. ആയും സ്റ്റോർ കീപ്പറായും മേട്രനായും എട്ടു വർഷം ജോലി ചെയ്തു. പഠിക്കാനും പഠിപ്പിക്കാനുമുള്ള ആഗ്രഹം വിട്ടു കളഞ്ഞില്ല. മനഃശാസ്ത്രത്തിൽ ഡിപ്ലോമ എടുത്തു. ആ സമയത്താണ് അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ വന്നതിനെ തുടർന്ന് ശുശ്രൂഷിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ ആനന്ദവല്ലി ആ ഉത്തരവാദിത്വം സ്വയമേ ഏറ്റെടുത്തു. നാം അതിശയിക്കേണ്ടത് ആനന്ദവല്ലിയമ്മാൾ തന്റെ കടമ നിർവ്വഹിച്ചതിൽ അല്ല, മറിച്ച് ആരും കൊതിക്കുന്ന രീതിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി വിട്ടിട്ട് നാട്ടിൽ വന്ന് ഇളയമ്മയുടെ കൂടെ നിന്നതിലാണ്. കടമകൾ നിറവേറ്റിയും കുടുംബം നോക്കിയും ജീവിക്കാൻ മറന്നു പോയപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.
പ്രായം കണക്കിടാതെ സ്‌കൂൾ അദ്ധ്യാപികയായും കുട്ടികളോടൊപ്പം നടന്നു നീങ്ങി. ആ കാലയളവിൽ കുഞ്ഞുങ്ങളുടെ മനസ്സ് തൊട്ടറിയുവാനും അവർക്കു ജീവിതത്തിന്റെ വിവിധ അർത്ഥപാടവങ്ങൾ പകർന്നു കൊടുക്കുവാനും കഴിഞ്ഞു. സ്‌കൂൾ തലത്തിൽ ഒതുങ്ങാതെ എല്ലാ വിഷയങ്ങളിലും കുട്ടികൾക്കു ട്യൂഷൻ നൽകുകയും അവരെ പ്രാപ്തിയുള്ളവരാക്കി തീർക്കുകയും ചെയ്തു. അവിവാഹിതയായ അമ്മാളിന് സ്നേഹിക്കാൻ നൂറുകണക്കിന് കുട്ടികൾ.
കൊല്ലത്തു സഹോദരിയുടെ സംരക്ഷണത്തിൽ കഴിഞ്ഞ പാട്ടിയമ്മ മറ്റാർക്കും താൻ ഒരു ഭാരമായി മാറാൻ പാടില്ല എന്ന് നിർബന്ധമുള്ളയാളായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച് അദ്ധ്വാനിച്ച് ജീവിതം മുഴുവനും സേവനം ചെയ്തിട്ടും ലൗകികമായി താൻ ഒന്നും നേടിയില്ലായെന്നു തിരിച്ചറിഞ്ഞു. ഉന്നത കുടുംബത്തിൽ ജനിച്ച് ഒരുപാട് ബന്ധുക്കളും പ്രിയപ്പെട്ടവരും ചുറ്റിനും ഉണ്ടായിട്ടും ഒറ്റപ്പെടലിന്റെ അനുഭവം പാട്ടിയമ്മക്കു ഒരു വെല്ലുവിളി ആയിരുന്നു. ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം 2009 ൽ വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെ സഹായത്തോടെ പത്തനാപുരം ഗാന്ധിഭവൻ കുടുംബത്തിലേക്ക്. അവിടെ അവരെ കാത്തിരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു. ഗാന്ധിഭവൻ കുടുംബാംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സേവനപ്രവർത്തകരുടെയും പ്രിയപ്പെട്ട പാട്ടിയമ്മയായി മാറാൻ അധികം താമസം വേണ്ടി വന്നില്ല.
പുലർച്ചെ എഴുന്നേറ്റു ദീപം തെളിയിച്ച് ഗാന്ധിഭവന് പ്രകാശം പകരുന്ന പാട്ടിയമ്മ തന്റെ ചിട്ടകൾക്കും ജീവിതശൈലികൾക്കും ഒരിക്കലും മാറ്റം വരുത്തിയിട്ടില്ലായിരുന്നു. പാട്ടിയമ്മ എന്ന് പറയുമ്പോൾ നൂറു നാവാണ് എല്ലാവർക്കും. ഗാന്ധിഭവനിൽ കുഞ്ഞുങ്ങൾക്ക് അക്ഷരം ചൊല്ലി കൊടുക്കുവാനും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുവാനും സാമൂഹികസാംസ്കാരിക ചടങ്ങുകളിൽ പങ്കെടുക്കുവാനും പാട്ടിയമ്മ കാണിച്ചിരുന്ന ഉത്സാഹം ഗാന്ധിഭവനിലെത്തുന്ന അതിഥികൾക്കുപോലും കൗതുകം ഉണർത്തുന്നതായിരുന്നു.
പാട്ടിയമ്മയുടെ നേതൃത്വത്തിൽ 2016 ലും 2021 ലും മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും അദ്ദേഹത്തിന്റെ വിജയം പാട്ടിയമ്മയും ഗാന്ധിഭവനും ആഘോഷിക്കുകയും ചെയ്തു. പാട്ടിയമ്മ ഗാന്ധിഭവനിൽ ഒതുങ്ങുന്ന ഒരു സെലിബ്രിറ്റിയായിരുന്നില്ല.
ഫ്ളവേഴ്സ് ചാനൽ നടത്തിയ പ്രോഗ്രാമിൽ മുഖ്യഅതിഥിയായി പങ്കെടുത്തിട്ടുണ്ട്.അമ്മയുടെ സ്നേഹം കൊതിച്ചിരുന്ന ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂർ സോമരാജന് അമ്മയായിരുന്നു പാട്ടിയമ്മ. ഇതുവരെ ലഭിച്ചിട്ടില്ലാത്ത സ്നേഹവും കരുതലും സോമരാജൻ എന്ന മകനിൽ നിന്നും മകന്റെ തണലിൽ കഴിയുന്ന കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ചപ്പോൾ പാട്ടിയമ്മ തിരിച്ചറിഞ്ഞത് മറ്റൊരു സത്യമാണ്. താൻ എടുത്ത തീരുമാനം തെറ്റിയില്ല എന്ന സത്യം.
ആനന്ദവല്ലിയമ്മാളിന് ആനന്ദിക്കാൻ ഗാന്ധിഭവനിൽ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ഗാന്ധിഭവൻ അറിയുന്ന എല്ലാവരുടെയും അമ്മയായിരുന്നു പാട്ടിയമ്മ. തൊണ്ണൂറ്റിയൊന്നാം വയസ്സിലും വാർദ്ധക്യത്തിന്റെ ക്ഷീണം തട്ടിയപ്പോൾ പോലും പാട്ടിയമ്മ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ