വിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്.
അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് എതിരാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവവും ഇല്ലാത്ത കമ്പനിയെയാണ് കേന്ദ്രസർക്കാർ നടത്തിപ്പ് ഏൽപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
അതേസമയം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം ന്യായമായ കാര്യങ്ങൾക്ക് പോലും കൂടെ നിൽക്കില്ലെന്നാണ് മുഖ്യമന്ത്രി നിരന്തരം പറയുന്നത്. സംസ്ഥാന താത്പര്യങ്ങൾക്കായി പ്രതിപക്ഷം ഉറച്ച് നിന്നിട്ടുണ്ട്. സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വിമാത്താവളത്തിൽ ഒരേ സമയത്തിൽ അദാനിയെ എതിർക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്ന സർക്കാർ നയം കൊടിയ വഞ്ചനയാണ്. സർക്കാർ നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണ്. നീരവ് മോദി കേസിൽപ്പെട്ട കുപ്രസിദ്ധമായ കമ്പനിയുടെ സഹായമാണ് സർക്കാർ തേടിയത്. ലാഭകരമായി പ്രവർത്തിക്കുന്ന സിയാലിനെ കൺസൾട്ടൻസിയായി നിയമിക്കാത്തത് എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
ബിഡിൽ പങ്കെടുത്താതിരുന്നെങ്കിൽ സർക്കാരിന് മറ്റൊരു വഴി തേടാമായിരുന്നു. എന്നാൽ സർക്കാർ ആരുമായും ആലോചിക്കാതെയാണ് ബിഡിൽ പങ്കെടുത്തത്. പറയുന്ന കാര്യമല്ല സർക്കാർ പ്രവർത്തിക്കുന്നത്. പ്രമേയത്തിന്റെ സ്പിരിറ്റിനെ അനുകൂലിക്കുന്നെങ്കിലും വഞ്ചനാപരമായ നിലപാട് ഇനിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.നിർഭാഗ്യകരമായ പരാമർശമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരവരുടെ ശീലം വച്ചാണ് സർക്കാരിനെ പ്രതിപക്ഷം അളക്കുന്നത്. സാധാരണഗതിയിലുള്ള സംസ്‌ക്കാരം പ്രതിപക്ഷം പാലിക്കണം. എന്ത് അപവാദവും വിളിച്ച് പറഞ്ഞിട്ട് അത് ബഹളത്തിൽ മുക്കാനാണ് പ്രതിപക്ഷ നിലപാട്. ആരെയും പേടിക്കാനല്ല നിയമസഭയിൽ വരുന്നത്.
നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച് പല അവസരങ്ങളിലും നാം ഒരുമിച്ചാണ് നിന്നിട്ടുള്ളത്. രാജ്യത്തെ പ്രമുഖമായി നിയമ സ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത്. കപിൽ സിബലിനെ കേസ് ഏൽപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കോൺഗ്രസ് ബന്ധമല്ല നിയമ പാണ്ഡിത്യമാണ് അന്വേഷിക്കുന്നത്. തുകയുമായി ബന്ധപ്പെട്ട ഇടപെടുകളിലൊന്നും നിയമ സ്ഥാപനത്തിന് ബന്ധമില്ല. അവർ ആ ഭാഗത്തേ വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖമായ നിയമ സ്ഥാപനമായതുകൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്ന് മുഖ്യമന്ത്രി. ലേലത്തുക നിശ്ചയിച്ചതിൽ മംഗൾ ദാസിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി. നിയമപരമായ കാര്യങ്ങൾക്കാണ് സമീപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.