- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിഷയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 14ാം നിലയില്‍ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തില്‍ പൊട്ടലുകളില്ലായിരുന്നു; മൃതശരീരം കിടന്നയിടത്ത് രക്തക്കറയില്ലായിരുന്നു; സുഷാന്ത് സിങ് രാജ്പുത്തിന്റെ മുന്‍മാനേജരുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് എതിരെ ഹര്‍ജി; മഹാരാഷ്ട്രയില്‍ മഹായുതി- ശിവസേന യുബിടി പോര് പുതിയതലത്തില്‍
ദിഷയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് എതിരെ ഹര്‍ജി
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തിന് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെയ്ക്ക് എതിരെ ഹര്‍ജി. ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ ബോംബെ ഹൈക്കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയത്.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നാണ് ആദിത്യ താക്കറെയുടെ ആദ്യ പ്രതികരണം. കോടതിയില്‍ തന്റെ വാദം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിഷയുടെ മരണത്തില്‍ പൊടുന്നനെ സംശയം?
2020 ജൂണ്‍ എട്ടിന് മുംബയ് മലദിലെ ഒരു കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് വീണാണ് ദിഷ മരിച്ചത്. അപകട മരണത്തിന് അന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദിഷ മരിച്ച് ആറ് ദിവസത്തിന് ശേഷമാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
മകളുടെ മരണത്തില്‍ സംശയമൊന്നുമില്ലെന്നായിരുന്നു 2020ല്‍ സതീഷ് പറഞ്ഞത്. ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മകള്‍ ബലാത്സംഗത്തിന് ഇരയായെന്നാണ് സതീഷ് സാലിയന്‍ ആരോപിക്കുന്നത്. ജൂണ്‍ എട്ടിന് ദിഷ വീട്ടില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ആദിത്യ താക്കറെയും നടന്മാരായ സൂരജ് പഞ്ചോളിയും ദിനോ മോറിയയും പങ്കെടുത്തു.
ദിഷയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നും ബലമായി തടഞ്ഞുവച്ചുവെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവിന്റെ ഹര്‍ജിയില്‍ ആരോപിച്ചു. 14ാം നിലയില്‍ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തില്‍ പൊട്ടലുകളില്ലായിരുന്നു. മൃതശരീരം കിടന്നയിടത്ത് രക്തക്കറയില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ആദിത്യയ്ക്കും നടന്മാര്‍ക്കുമെതിരെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പരാതി നല്‍കിയെന്നും എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും സതീഷ് സാലിയന്റെ അഭിഭാഷകന്‍ നിലേഷ് ഓജ വ്യക്തമാക്കി. കേസില്‍ സിബിഐ തനിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി ആദിത്യ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് കളവാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
തെളിവ് നശിപ്പിക്കല്‍
രാഷ്ട്രീയ സമ്മര്‍ദ്ദഫലമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി. ദിഷയുടെ മൃതദേഹം പിന്നീട് കെട്ടിടത്തിന് താഴേക്ക് മാറ്റുകയായിരുന്നു. ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കുകയും, സിസി ടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടുകയും ചെയ്തു. ശരിയായ പോസ്റ്റ്‌മോര്‍ട്ടം വിശകലനമില്ലാതെ ധൃതിയില്‍ സംസ്‌കാരം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയപ്പോള്‍, അദ്ദേഹത്തിന്റെ ഓട്ടോപ്‌സി അന്നുതന്നെ നടത്തി. എന്നാല്‍ ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം 50 മണിക്കൂറിലേറെ വൈകി. ഈ കാലതാമസം മുഖ്യപ്രതി ആദിത്യ താക്കറെയെ രക്ഷിക്കാനായി തെളിവ് നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ഹര്‍ജിയിലെ ആരോപണം.
2023 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ദിഷയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍, സംഘം ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം: ആദിത്യ താക്കറെ
അതേസമയം, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമാണിതെന്നും കോടതിയില്‍ കേസുമായി മുന്നോട്ട് പോകുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. ഔറംഗസേബ് വിഷയം മഹാരാഷ്ട്രയില്‍ കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ചൂണ്ടിക്കാട്ടി. താക്കറെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മഹായുതി സഖ്യവും ശിവസേന ഉദ്ധവ് വിഭാഗവും തമ്മിലുള്ള പോരിന്റെ ഒടുവിലത്തെ ചേരുവയായി മാറിയിരിക്കുകയാണ് ദിഷയുടെ മരണം. പ്രതിയെ ജയിലില്‍ അയയ്ക്കണമെന്നും കോടതി അനന്തര കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശിര്‍സത് പ്രതികരിച്ചു.