- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്ലിംഗിനിടെ ജീവനക്കാരന് ഒരക്കം മാറിപ്പോയി; 1105 രൂപക്ക് പകരം ഉപഭോക്താവിന് നൽകേണ്ടി വന്നത് 11105 രൂപ; ഉപഭോക്താവ് പരാതിയുമായി എത്തിയതോടെ പണം മടക്കി നൽകി; നൽകേണ്ടി വന്ന തുക കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാർ നൽകണമെന്ന് വിചിത്രവാദം; 6 ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ച് സിൽക്കോണിന്റെ അന്യായ നടപടി
എറണാകുളം: ജീവനക്കാരുടെ ശമ്പളം ബോധപൂർവം വൈകിപ്പിക്കുന്നതായി പരാതി. മേനകയിലെ സിൽക്കോൺ ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 6 ജീവനക്കാരുടെ ശമ്പളം നൽകാതെ പിടിച്ചുവെച്ചിരിക്കുന്നെന്നാണ് ആരോപണം. ലേബർ കോടതിയിലാണ് ജീവനക്കാർ പരാതി നൽകിയിരിക്കുന്നത്. ബില്ലിംഗുമായി ബന്ധപ്പെട്ടുണ്ടായ പിശകിൽ സ്ഥാപനത്തിന് കാശ് നഷ്ടമായെന്ന് അവകാശപ്പെട്ടാണ് ശമ്പളം നൽകാതെ ദ്രോഹിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഒരു വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെയാണ് അന്യായ നടപടി. സംഭവത്തിൽ പരാതി നൽകാനെത്തിയ ജീവനക്കാരെ പോലീസ് കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതി നൽകിയിരിക്കുന്ന ജീവനക്കാർ ഉന്നയിക്കുന്നത്. 10 മണിക്കൂറായിരുന്നു ജോലി സമയമായി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നതെന്നും എന്നാൽ പിന്നീടത് 12 മണിക്കൂർ ആയി കൂട്ടിയതായും പരാതിയിൽ പറയുന്നു. അധിക സമയം ജോലി ചെയ്ത ശമ്പളവും മുടങ്ങി എന്നാണ് ഇവർ പറയുന്നത്. പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 16 ന് ബില്ലിംഗുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകാൻ കാരണമായത്. അന്നേ ദിവസം ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന 6 ജീവനക്കാർക്കെതിരെയാണ് നടപടി. 1105 ബിൽ ചെയ്യന്നതിനിടെ പറ്റിയ അബദ്ധമാണ് സ്ഥാപനത്തിന്റെ അന്യായമായ നടപടിക്ക് കാരണമായത്. ബില്ലിൽ ഒരക്കം മാറിപോവുകയായിരുന്നു. 1105 രൂപക്ക് പകരം 11105 രൂപയാണ് ജീവനക്കാരൻ ബിൽ ചെയ്തത്. സ്ഥാപനത്തിൽ നല്ല തിരക്കുള്ള സമയത്ത് പറ്റിയ അബദ്ധമായിരുന്നെന്ന് ജീവനക്കാർ തുറന്ന് പറയുന്നുണ്ട്. തുക അധികമായ കാര്യം ഉപഭോക്താവിന്റെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.
രണ്ട് ദിവസങ്ങൾക്ക് ശേഷം ഉപഭോക്താവ് കാശ് അധികം നഷ്ടമായ പരാതിയുമായി സ്ഥാപനത്തിൽ എത്തിയിരുന്നു. തുടർന്ന് ഉപഭോക്താവിന്റെ നഷ്ടമായ തുക മടക്കി നൽകി. എന്നാൽ നഷ്ടമായ തുക അന്നേ ദിവസം ബില്ലിംഗ് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാർ നൽകണമെന്ന വിചിത്രമായ നടപടി സ്ഥാപനം സ്വീകരിച്ചതോടെ ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥാപനത്തിന് നഷ്ടമായ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താവ് വാങ്ങിയ സാധനത്തിന്റെ തുക സ്ഥാപനത്തിന് നഷ്ടമായിട്ടില്ലെന്നും അധികമായി അക്കൗണ്ടിൽ കയറിയ തുക മടക്കി നല്കുകയാണുണ്ടായതെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാൽ ഈ തുക ജീവനക്കാർ നൽകണമെന്നാണ് സ്ഥാപനത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്. ശമ്പളം ചോദിച്ചെത്തിയപ്പോൾ മാനേജർ വളരെ മോശമായാണ് പെരുമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്. ഫെബ്രുവരി 26ന് ബ്രാഞ്ച് മാനേജർമാരുടെ മീറ്റിങ്ങിൽ വെച്ച് കമ്പനി അക്കൗണ്ടിൽ അധിക തുക കയറിയതായി സ്ഥാപനത്തിന്റെ അക്കൗണ്ടന്റ് വെളിപ്പെടുത്തിയതായി ജീവനക്കാർ പറയുന്നു. എന്നാൽ മാർച്ച് 8ന് ശമ്പളം ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ടന്റ് മീറ്റിങ്ങിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുകയായിരുന്നുവെന്നാണ് ആരോപണം.
സ്ഥാപനത്തിൽ അക്കൗണ്ടിൽ അധിക തുക കയറിയിട്ടില്ലെന്നും അതിനാലാണ് ശമ്പളം നൽകാത്തതെന്നുമായിരുന്നു മറുപടി. ജീവനക്കാർ പണം മോഷ്ടിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയും നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. എന്നാൽ ജീവനക്കാർ പണം മോഷ്ടിച്ചുവെന്ന് തെളിയിക്കുന്ന ഒരു രേഖകളും കണ്ടെത്താനായിട്ടില്ല. സ്ഥാപനത്തിന്റെ അകത്തും പുറത്തുമായി നിരവധി ക്യാമറകൾ ഉള്ളപ്പോൾ 6 പേർ ചേർന്ന് കാശ് മോഷ്ടിച്ചുവെങ്കിൽ അത് തെളിയിക്കാൻ കഴിയില്ലേയെന്നും ജീവനക്കാർ ചോദിക്കുന്നു.