വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടൊപ്പം, ചൈനയ്‌ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. അതനുസരിച്ച് 10 ശതമാനം നികുതിയാണ് ചൈനയ്ക്ക് ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാനഡിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമാണ് നികുതി ചുമത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അമേരിക്ക നല്‍കുന്ന വലിയ സബ്‌സിഡികള്‍ എന്നിവ കാരണം ആണ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഇപ്പോള്‍ ചുമത്തുന്ന 25 ശതമാനം തീരുവ കാലക്രമേണ വര്‍ദ്ധിച്ചേക്കാം. വ്യാപാരത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയും കാനഡയും ഒരിക്കലും യുഎസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചു. വ്യാപാരത്തിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും അമേരിക്കയോട് അന്യായമായാണ് പെരുമാറുന്നത്. അനധികൃതമായി വരുന്ന ലഹരിമരുന്നുകള്‍ തടയാന്‍ കാനഡയും മെക്‌സിക്കോയും ശ്രമിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഫെന്റാനില്‍ എന്ന ലഹരിമരുന്ന് മൂലം നിരവധി ആളുകളാണ് അമേരിക്കല്‍ കൊല്ലപ്പെടുന്നതെന്ന് നികുതിയെ ന്യായീകരിച്ച് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

കാനഡയുടേയും മെക്‌സിക്കോയുടേയും സാധനങ്ങള്‍ യുഎസിന് ആവശ്യമില്ലെന്ന് പ്രസിഡന്റ് ട്രംപ്ര പറഞ്ഞു. അമേരിക്കക്കാര്‍ക്ക് ആവശ്യമായ എണ്ണ രാജ്യത്തുണ്ട്. മെക്‌സിക്കോ അമേരിക്കയ്ക്ക് എണ്ണ നല്‍കുന്നു, കാനഡ തടി ഉല്‍പ്പന്നങ്ങളും. മറ്റാരെക്കാളും കൂടുതല്‍ എണ്ണയും ആവശ്യത്തിനുള്ള മരത്തടിയും തങ്ങളുടെ പക്കലുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം കുടിയേറ്റക്കാരെ തടയാനും കാനഡയും മെക്‌സിക്കോയും ശ്രമിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് കാനഡയ്ക്കും മെക്‌സിക്കോയിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്രംപ് ഉന്നയിച്ചത്. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ നികുതി കൂട്ടിയതോട് കൂടി അവിടുന്ന് എത്തുന്ന സാധനങ്ങള്‍ക്ക് വില കൂടും. അതേസമയം ട്രംപ് നികുതി കൂട്ടുകയാണെങ്കില്‍ അതിനെതിരെ പ്രതികരിക്കുമെന്ന് കാനഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനധികൃത കുടിയേറ്റമുള്‍പ്പെടെയുള്ള അമേരിക്കയുടെ ആശങ്ക കണക്കിലെടുക്കുമെന്ന് മെക്‌സിക്കോ നിലപാട് എടുത്തിരുന്നു.

നികുതി ഉയര്‍ത്തിയത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയിലുപയോഗിക്കുന്ന പെട്രോളിന്റെ 40 ശതമാനവും കാനഡയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ചെടുക്കുന്നതാണ്. ഇത് ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ജീവിതച്ചെലവ് കുറയ്ക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് കടകവിരുദ്ധമാകുമെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ ഒഴികെയുള്ള മേഖലയില്‍ ട്രംപിന്റെ തീരുമാനം ഗുണം ചെയ്തേക്കും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളേക്കാള്‍ വിലക്കുറവില്‍ സ്വന്തം രാജ്യത്തെ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അത് രാജ്യത്തെ വ്യവസായത്തിന് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗം കരുതുന്നത്.

2018ന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു. ട്രംപിന്റെ ആദ്യത്തെ ടേമില്‍ ചൈനയുമായുണ്ടായ വമ്പന്‍ വ്യാപാര യുദ്ധമാണ് ഇതിന് ഇടയാക്കിയത്. ആദ്യം 60 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നതെങ്കിലും 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.