- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിവുകെട്ട രണ്ടു വൃദ്ധന്മാരിൽ ആരായിരിക്കം ഇനി അമേരിക്ക ഭരിക്കുക? ലോകം ചങ്കിടിപ്പോടെ കാത്തിരിക്കുന്നു; അവസാന ലാപ്പിൽ ഓടിത്തളർന്നു ട്രംപ്; തോറ്റാലും വൈറ്റ് ഹൗസ് വിടില്ലെന്ന് പ്രഖ്യാപിച്ചു പാർട്ടിക്കാരെ തെരുവിൽ ഇറക്കി ട്രംപ് ജനാധിപത്യം അട്ടിമറിക്കുമെന്ന ആശങ്ക വളരുന്നു
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ കഴിവുകെട്ട രണ്ട് സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്. പ്രായാധിക്യം കൊണ്ട് മറവിബാധിച്ച ജോ ബൈഡൻ ഒരു വശത്ത്. മണ്ടത്തരങ്ങൾ തന്റെ ജന്മാവകാശമാണെന്ന് പറയുന്ന ഡൊണാൾഡ് ട്രംപ് മറുവശത്ത്. ഇങ്ങനെയുള്ള രണ്ട് സ്ഥാനാർത്ഥികളിൽ നിന്നും ആരെയാണ് അമേരിക്കൻ ജനത തിരഞ്ഞെടുക്കുക. ലോകം ആകാംക്ഷയോടെ ഉന്നയിക്കുന്ന ചോദ്യം ഇതാണ്.
വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രവചനങ്ങളിലും അഭിപ്രായ സർവേകളിലും മുന്നിൽ ബൈഡനാണ്. ഇതുവരെ പുറത്തിറങ്ങിയ സർവേ ഫലങ്ങൾ പരിശോധിച്ചു വിശലകലനം ചെയ്യുമ്പോൾ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമെന്നാണ് ശാസ്ത്രീയമായ ഉത്തരം. എന്നാൽ, സർവേകൾക്ക് അപ്പുറത്തേക്കാണ് ട്രംപിന്റെ ആസൂത്രണം. ബാലറ്റിൽതോറ്റാലും നിയമ യുദ്ധത്തിന്റെ വഴിയേ നീങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.
പുതിയ സർവേകൾ പ്രകാരം ബൈഡനാണ് അധികാരം പ്രവചിക്കുന്നത്. അത് ഇങ്ങനെയാണ്:
ബൈഡൻ 53%, ട്രംപ് 43% യുഗവ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 50%, ട്രംപ് 42 % റിസർച് കോ. (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 45% ഇപ്സോസ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 46% സ്വേയബിൾ (നവംബർ1)
ബൈഡൻ 52%, ട്രംപ് 45% ജോൺ സൊഗ്ബി സ്ട്രാറ്റജീസ് - ഇഎംഐ റിസർച് സൊല്യൂഷൻസ്
എന്നാൽ, മുമ്പ് തെരഞ്ഞെടുപ്പുകളിൽ പതിവില്ലാത്ത ഒരു രീതി ഇക്കുറി അമേരിക്കയിലുണ്ട്. ജനാധിപത്യ രാജ്യമെന്ന് പറയുമ്പോഴും അതിനെ അട്ടിമറിക്കാൻ ട്രംപ് കണക്കു കൂട്ടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തോൽവി എന്നത് തന്റെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല, അങ്ങനെ സംഭവിക്കില്ല എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. അവസാന ലാപ്പിലും ട്രംപ് വിയർക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിന് ഇടെയാണ് ഇത്തരമൊരു പരാമർശം ട്രംപ് നടത്തിയത്.
ഇത് തെരഞ്ഞെടുപ്പിന് ശേഷം നിയമ യുദ്ധത്തിന് ശ്രമിക്കുമെന്നും അണികളെ തെരുവിൽ ഇറക്കി അക്രമം അഴിച്ചുവിടുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമായി വിലയിരുത്തുന്നു. ട്രംപ് തോറ്റാൽ വലിയ അക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിയമവിദഗ്ധരുമായുള്ള ചർച്ചകൾ അടക്കം ഇക്കുറി ട്രംപ് നടത്തിക്കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ലോകമാകെ ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡോണൾഡ് ട്രംപിന് അനുകൂലമായ ഫലങ്ങളാണ് ആദ്യം വരുന്നത്. 11 ഇലക്ട്രൽ വോട്ടുകളുള്ള ഇന്ത്യാന ട്രംപ് നിലനിർത്തിയിരിക്കുകയാണ്. 2016ൽ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്ത്യാനയിൽ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.
ഫ്ളോറിഡയിലും ട്രംപ് മുന്നിലാണ്. 29 ഇലക്ട്രൽ വോട്ടുകളുള്ള ഫ്ളോറിഡയുടെ ഫലം അതിനിർണായകമാണ്. ജോർജിയ, കെന്റക്കി, സൗത്ത് കാരലൈന, വെർമോണ്ട്, വെർജീനിയ എന്നിവിടങ്ങളിലെ ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടിടത്താണ് ബൈഡൻ മുന്നിൽ നിൽക്കുന്നത്. ജോർജിയയും വെർമണ്ടിലുമാണ് ട്രംപിനെ കൈവിട്ട് ആദ്യഫലസൂചനകളിൽ ബൈഡനെ തുണച്ചിരിക്കുന്നത്.
കഴിഞ്ഞ തവണയും അഭിപ്രായ സർവേകളിൽ ട്രംപ് പിന്നിലായിരുന്നു. എന്നാൽ, അവസാന ലാപ്പിൽ അദ്ദേഹം വീണ്ടും വിജയിച്ചു കയറി. ഇക്കുറിയും അത് തന്നെ ആവർത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രസിഡന്റ് തലം മാത്രമല്ല, സെനറ്റ്, ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റ് തരംഗം പ്രവചിക്കുകയാണു മിക്ക സർവേകളും. ഇലക്ടറൽ വോട്ടുകളുടെ സങ്കീർണ വിന്യാസങ്ങൾ സൂക്ഷ്മമായി പഠിച്ചു നിഗമനങ്ങൾ അവതരിപ്പിക്കുന്ന പേരെടുത്ത ഗവേഷകസംഘങ്ങളാണ് ഫൈവ് തേർട്ടി എയ്റ്റ് , ടു സെവന്റി ടു വിൻ എന്നിവർ. ആകെയുള്ള ഇലക്ടറൽ വോട്ടായ 538 എന്ന സംഖ്യയുടെ പേരാണ് ആദ്യ സംഘത്തിന്റേത്. രണ്ടാമത്തെ ടീം ഇലക്ടറൽ വോട്ടിലെ കേവലഭൂരിപക്ഷ സംഖ്യയായ 270 നോക്കിയുള്ള പേരാണു സ്വീകരിച്ചിരിക്കുന്നത്.ഇന്ററാക്ടീവ് ഫോർകാസ്റ്റ് സൗകര്യം വരെയാണ് ഇത്തരം വെബ്സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്. അതായത്, നമുക്കു തന്നെ വിജയസാധ്യതകൾ സങ്കൽപിച്ചുനൽകി, സംസ്ഥാനങ്ങൾ തിരഞ്ഞെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും എത്ര ഇലക്ടറൽ വോട്ട് കിട്ടുമെന്നു കണ്ടുപിടിക്കാം).
ഫൈവ് തേർട്ടി എയ്റ്റ് പറയുന്നത് - ബൈഡൻ ജയിക്കും, സെനറ്റിൽ ഡമോക്രാറ്റ് ഭൂരിപക്ഷം നേടും, ജനപ്രതിനിധി സഭയിൽ (ഹൗസ്) ഡമോക്രാറ്റ്് മേൽക്കൈ നിലനിർത്തും. ബൈഡന് പ്രസിഡന്റാകാൻ 100ൽ 89 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൊടുക്കുന്നത്. ട്രംപിന് വീണ്ടും പ്രസിഡന്റാകാൻ 10ൽ 1 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൽപിക്കുന്നത്. അതായത്, ഒരു സാധ്യതയും ഇല്ലെന്നല്ല, ഒരു ചെറിയ സാധ്യത ഉണ്ടെന്നാണെന്നതു ശ്രദ്ധിക്കണം. സെനറ്റ് തിരിച്ചു പിടിക്കുന്നതിൽ 4ൽ 3 സാധ്യതയാണ് ഡമോക്രാറ്റുകൾക്ക്. ഹൗസ് നിലനിർത്താനും ഒരു പക്ഷേ മേൽക്കൈ വർധിപ്പിക്കാനും ഡമോക്രാറ്റ് പാർട്ടിക്ക് കഴിയും.
പ്രവചനങ്ങളെ തെറ്റിച്ച ട്രംപ് മാജിക്ക്
അവസാനം നിമിഷം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന ജനത'- അമേരിക്കൻ പ്രസിഡന്റ് തരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവെ അങ്ങനെയാണ് പറയാറ്. നമ്മുടെ നാട്ടിലെപ്പോലെയല്ല, അവസാന നിമിഷം നടക്കുന്ന ഒരു പ്രസംഗംപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2012ൽ ബറാക്ക് ഒബാമയും മിറ്റ് റോംനിയും തമ്മിലെ മൽസരം നോക്കുക. അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പലയിടത്തും ഒബാമ വീഴുമെന്നും അഭിപ്രായം ഉയർന്നകാലം.ഒക്ടോബറിൽ അമേരിക്കയിൽ ''സാൻഡി'' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചു. വൻ നാശനഷ്ടങ്ങൾ ഇല്ലാതെ ചുഴലിക്കാറ്റിനെ നേരിട്ടതിൽ ഒബാമ മിടുക്ക് കാണിച്ചു എന്ന് പൊതുജനാഭിപ്രായം ഉയർന്നു. ജനവിധി ഒബാമക്കൊപ്പമായി. 2016ലെ ഹിലരി ക്ലിന്റൻ ,ഡോണൾഡ് ട്രംപ് മൽസരം നോക്കുക. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഒക്ടോബർ 7-നു കുപ്രസിദ്ധമായ ''ഹോളിവുഡ് ആക്സസ്'' സംഭാഷണ ശകലം പുറത്തായി. ഇതോടെ ഹിലരി ക്ലിന്റൺ തീർച്ചയായും അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രപതി ആകുമെന്ന് പലരും കരുതി. എന്നാൽ, ഒക്ടോബർ 27-നു സ്വകാര്യ ഇമെയിൽ കേസിൽ തുടരന്വേഷണ പ്രഖ്യാപനം വന്നു. ജനവിധി ട്രംപിനൊപ്പം നിന്നു.
എല്ലാ അഭിപ്രായ സർവേകളിലും പിന്നിട്ടുനിന്ന ട്രംപാണ് കയറിവന്നത് എന്നോർക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത് നോക്കണം. ക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിൽ ട്രംപിന് ഇപ്പോഴും ജയിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്ന് ബൈഡന്റെ പ്രചാരണ മാനേജർ ജെൻ ഒ മെല്ലി ധില്ലൻ തന്നെ സമ്മതിച്ചിരുന്നു. വിധി നിർണയിക്കാവുന്ന 14 സംസ്ഥാനങ്ങളിൽ ബൈഡന് ലീഡ് നേരിയതാണെന്നാണ് ഡെമൊക്രാറ്റുകളെ അസ്വസ്ഥപ്പെടുത്തുന്നത്.'അലസമായി ഇരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും', -ബൈഡന്റെ പ്രചരണ മാനേജർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട ചെയ്തു.അനിശ്ചിതത്വം നിലനിർത്തുന്ന സംസ്ഥാനങ്ങളാവും തെരഞ്ഞെടുപ്പ് വിധിയിൽ നിർണായകമാകുകയെന്ന് ട്രംപിന്റെ മാനേജർ പറഞ്ഞു. ന്യൂ കരോലിന, മിന്നോസെറ്റ, അരിസോണ, ഫ്ളോറിഡ, പെൻസൽവാലിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതുന്നു.
ആ നാലു സംസ്ഥാനങ്ങളിൽനിന്നുമായി ആകെ 75 ഇലക്ടറൽ വോട്ടുകളാണു ട്രംപിന്റെ കീശയിലായത്. 50 സംസ്ഥാനങ്ങളിൽ 30 എണ്ണവും ട്രംപ് നേടി, ഹിലറിക്കു ശേഷിച്ചത് 20 എണ്ണം മാത്രം. ഹിലറിക്ക് രാജ്യമെമ്പാടുമായി 65,853,625 ഇലക്ടറൽ വോട്ടുകൾ കിട്ടിയപ്പോൾ ട്രംപിന് 62,985,106 ജനകീയ വോട്ടുകൾ മാത്രം. പക്ഷേ, ഓരോരുത്തരും ജയിച്ച സംസ്ഥാനങ്ങളിൽനിന്നായി ലഭിച്ച ഇലക്ടറൽ വോട്ടുകൾ കൂട്ടി നോക്കിയപ്പോൾ 306. ഹിലറിക്ക് വെറും 232! ആകെയുള്ള 538 ഇല്ക്ടറൽ വോട്ടുകളിൽ 270 എന്ന കേവലഭൂരിപക്ഷം നേടാൻ അവർക്കു കഴിഞ്ഞില്ല. ഹിലറിക്ക് വോട്ടു ചെയ്യേണ്ടിയിരുന്ന 5 ഇലക്ടർമാരും ട്രംപിന്റെ പക്ഷത്തുണ്ടാകേണ്ടിയിരുന്ന 2 ഇലക്ടർമാരും കൂറുമാറിയതും സംസാരവിഷയമായി. ഇത്തവണ എന്തു സംഭവിക്കുമെന്ന് അറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
കോവിഡിനെ വകവെക്കാതെ വൻ പോളിങ്
തപാൽ ഉൾപ്പടെയുള്ള മുൻകൂർ വോട്ടിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി 10 കോടിപേർ ഇതിനോടകംതന്നെ വോട്ടുചെയ്തു കഴിഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങ്ങിനാണ് ഇത്തവണ അമേരിക്ക സാക്ഷിയാകുക എന്ന സൂചനയാണ് ഇത് നൽകുന്നത്. കോവിഡ് വകവെക്കാതെ ഇത്രയും പേർ വോട്ടുചെയ്യാൻ എത്തിയെന്നതും പ്രാധാന്യമുള്ളതാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ട്രംപിനെതിരേ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ ആയുധമാക്കിയതും കോവിഡ് തന്നെയായിരുന്നു.
ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലാനിയ ട്രംപ് ഫ്ളോറിഡയിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുൻപ്രസിഡന്റ് ബിൽ ക്ലിന്റനും ഭാര്യ ഹില്ലരി ക്ലിന്റനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമല ഹാരിസിനും വോട്ട് രേഖപ്പെടുത്തി. താനും ഹില്ലരിയും ബൈഡനും കമലയ്ക്കും വോട്ട് രേഖരപ്പെടുത്തിയ വിവരം ബിൽ ക്ലിന്റൻ ട്വിറ്ററിലൂടെ പങ്കുവെച്ചു.
രാജ്യത്തിന്റെ ആത്മാവിനെ സുഖപ്പെടുത്താനായി ഒരുമിച്ചുനിൽക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോ ബൈഡൻ ട്വീറ്റ് ചെയ്തു. വിജയത്തെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലും അരിസോണയിലും വൻവിജയം നേടുമെന്നും ട്രംപ് പറഞ്ഞു.
നമ്മുടെ തിരഞ്ഞെടുപ്പുകമ്മിഷൻപോലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഫെഡറൽ സ്ഥാപനം അമേരിക്കയിലില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. ഓരോ സംസ്ഥാനവും മുൻകൂർ വോട്ടിങ് ആരംഭിച്ച തീയതിയും വ്യത്യസ്തമാണ്.
വോട്ടർമാരുടെ ഒപ്പും തിരിച്ചറിയൽരേഖകളും പരിശോധിച്ച് ബാലറ്റുകൾ സ്കാൻചെയ്തശേഷമാണ് വോട്ടുകൾ എണ്ണിത്തുടങ്ങുക. ബാലറ്റ് പേപ്പറിലും ഡിജിറ്റലായും രേഖപ്പെടുത്തുന്ന വോട്ടുകൾ മെഷീൻവഴിയാണ് എണ്ണുക. പോളിങ് അവസാനിച്ചശേഷം വോട്ടിങ് ഡേറ്റ സംസ്ഥാനങ്ങളുടെ അതത് കേന്ദ്രീകൃത തിരഞ്ഞെടുപ്പ് ആസ്ഥാനത്തേക്ക് മാറ്റും. വോട്ടെണ്ണൽ പൂർത്തിയായാൽ സംസ്ഥാനങ്ങൾ ഫലം വൈബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. മുൻതിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി തപാൽവോട്ടുകൾ കൂടിയതുകൊണ്ട് ഫലം എന്നറിയാമെന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, നവംബർ 13 വരെ തപാൽവോട്ടുകൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. ഇവയെല്ലാം ലഭിച്ചശേഷമേ വോട്ടെണ്ണൽ പൂർത്തിയാകൂ.
മറുനാടന് ഡെസ്ക്