- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്
തിരുവനന്തപുരം: കേരളത്തെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണം ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കുന്നു. കിഫ്ബിയിലെ സിഎ.ജി കരട് റിപ്പോർട്ട് കേന്ദ്രത്തിന്നെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി നേതാക്കൾ ഒരുങ്ങുന്നത്. വരുന്നതിരഞ്ഞെടുപ്പുകളിൽ ബിജെപിയെയും കോൺഗ്രസിനെയും അടിച്ചിരുത്താനുള്ള ആയുധമാക്കി സിഎജി റിപ്പോർട്ട് മാറ്റാനാണ് നീക്കം. കിഫ്ബി വായ്പകൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ വാദം കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആരോപണം ഇതിന്റെ ഭാഗമായി ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കും.
സംസ്ഥാനസർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾക്ക് റിസർവ് ബാങ്ക് അനുവാദത്തോടെ വായ്പകൾ എടുക്കാനുള്ള അധികാരം നിലനിൽക്കെ ഈ അധികാരം ഇല്ലാതാക്കൽ കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആക്ഷേപമാണ് ഇടതുമുന്നണി നേതാക്കൾ ഉയർത്തുക. കിഫ്ബിയിലെ സിഎജി കരടു റിപ്പോർട്ടിനെതിരെ ശക്തമായ ആഞ്ഞടിക്കലുമായി രംഗത്ത് വന്നിരിക്കുന്നത് ലോക് താന്ത്രിക് ജനതാദളാണ്. കിഫ്ബി പദ്ധതികൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജി പരാമർശം ശരിയല്ലെന്ന് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു.
റിസർവ് ബാങ്ക് കരുതൽ ധനം എടുത്ത് കേന്ദ്ര സർക്കാർ ദൈനം ദിന ചെലവ് നിർവഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ച് മുന്നോട്ടു പോകുന്നു. ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സിഎജിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അപാകത മൂലം സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 24 സംസ്ഥാനങ്ങളും വൻ കടക്കെണിയിലാണ്. പ്രധാന ചുമതലകൾ സംസ്ഥാനങ്ങൾക്കാണ്. വിദ്യാഭ്യാസം ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങി എല്ലാം സംസ്ഥാനങ്ങളുടെ ചുമതലയാണ്.
സംസ്ഥാനങ്ങൾക്ക് യാതൊരുവിധ മൂലധന നിക്ഷേപം നടത്താനുമുള്ള വഴിയില്ല. നിത്യ ചെലവ്ക്ക് പോലും നിവൃത്തിയില്ല. എല്ലാ മാസവും ശമ്പളം കൊടുക്കുന്നതിനു പോലും നിവൃത്തിയില്ല. റിസർവ് ബാങ്കിൽ നിന്നും കടമെടുത്താണ് ചെലവ് നടത്തുന്നത്. ആ നിലയിൽ കേരളത്തിന്റെ വളർച്ച നിലച്ച സാഹചര്യമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഇടതു മുന്നണി സർക്കാർ പുതിയ കാര്യം ആലോചിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മൂലധനം കണ്ടെത്തുക.
ആ മൂലധനം കണ്ടെത്താൻ രണ്ടു മാർഗമാണ് സ്വീകരിച്ചത്. ഒന്ന് മോട്ടോർ വാഹന ടാക്സ്. ഇതാണ് പ്രധാന വരുമാനം. അതിന്റെ ഒരു നിശ്ചിതഭാഗം അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി മാറ്റി വയ്ക്കുക. രണ്ടു പെട്രോളിൽ നിന്നുള്ള സെസ്. അതിന്റെ ഒരു ഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി നൽകുക. ഇത് രണ്ടും കൂടി മാറ്റിവയ്ക്കുമ്പോൾ പ്രതിവർഷം 1300 കോടി സർക്കാരിനു ലഭിക്കും. പക്ഷെ ഇതുകൊണ്ടും ഒന്നും ആകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കടം എടുക്കണം. അത് ഒരു ന്യായമായ പലിശ ഓഫർ ചെയ്തിട്ട് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കടം എടുക്കുക. കടം എടുത്തിട്ട് അതിൽ നിന്നുൽ റിട്ടേൺസ് എടുത്തിട്ടു കടം തിരികെ അടയ്ക്കുക. ഇതാണ് കിഫ്ബി വരുമാന ശ്രോതസ്. ഇതോടെ കിഫ്ബി ആകർഷകമായ പദ്ധതിയായി മാറും.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ , റോഡ്, കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് കേരളത്തിൽ വൻ തോതിൽ മൂലധനം സ്വരൂപിക്കാൻ തുടങ്ങി. അത് കിഫ്ബി വഴി വന്ന ഫണ്ട് കൊണ്ടാണ്. 2019-ൽ മാത്രം 50000 കോടി രൂപ വിവിധ പദ്ധതികൾക്കായി നിക്ഷേപിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ സാധാരണയുള്ള റവന്യൂ ചെലവിന്റെ പുറമേ മൂലധന നിക്ഷേപത്തിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. ഇങ്ങനെയുള്ള ധനം വേറൊരു കാര്യത്തിനും ചെലവാക്കുന്നില്ല. അതിനു വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും ചേർന്ന് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
മന്ത്രിമാരും ഉൾപ്പെട്ട ഒരു ബോർഡ് ഇതിനു വേണ്ടി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ തന്നെ മൂലധന നിക്ഷേപത്തിനുള്ള വഴി കണ്ടെത്തുകയാണ്. ആ നിലയിൽ പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും വൻ പ്രോജക്ടുകൾ റോഡുകളും പാലങ്ങളും വന്നിട്ടുണ്ട്. ഇതെല്ലാം കിഫ്ബി ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാൽ ഇങ്ങനെ കടം എടുക്കുന്നത് ശരിയല്ലെന്നുള്ള ആരോപണമാണ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ നല്കിയാ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കടം എടുക്കുന്നത്.
സംസ്ഥാന സർക്കാർ കടം എടുത്താൽ അത് തിരികെ നൽകും. ന്യായമായ പലിശയും നൽകും. ഇങ്ങനെയുള്ള ഗ്യാരണ്ടി ഉള്ളതുകൊണ്ടാണ് കടം കൊടുക്കാൻ തയ്യാറാകുന്നത്. ആ നിലയിൽ കിഫ്ബിയുടെ പ്രയോജനം ഈ രണ്ടു മൂന്നു വർഷങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ മുന്നേറ്റം വന്നിട്ടുണ്ട്. പാലങ്ങൾ , മെഡിക്കൽ കോളേജ്, ഹൈവേകൾ, എന്നെല്ലാം ഇങ്ങനെ കിഫ്ബി വഴി വന്നതാണ്. ഇത് കേരള സർക്കാരിന്റെ പ്രത്യേക രീതിയാണ്. അപ്പോൾ ഇതിനെ വിമർശിക്കേണ്ട കാര്യമില്ല. ജിഎസ്ടി വന്നതോടെ സംസ്ഥാന വരുമാനം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച രീതിയിൽ വരുമാനം വന്നിട്ടുമില്ല.
നേരത്തെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതി ഈടാക്കാമായിരുന്നു. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് നികുതിയുടെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ജിഎസ്ടി വന്നതോടെ ഇതിൽ മാറ്റം വന്നു. ജിഎസ്ടി വരുമാനം മുഴുവൻ കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ച് നൽകുകയാണ്. ഇപ്പോൾ മൂലധന നിക്ഷേപങ്ങൾക്കുള്ള മറ്റു മാർഗങ്ങൾ കണ്ടെത്തുകയല്ലാതെ നിവൃത്തിയില്ല. അതിനൊക്കെ വേണ്ടിയാണ് മോട്ടോർ വാഹന നികുതിയിലെ വരുമാനവും പെട്രോൾ സെസും മാറ്റിവെച്ച് വികസന പദ്ധതികൾക്കായി മാറ്റിവെച്ച് കിഫ്ബി തുടങ്ങിയത്. . സംസ്ഥാന സർക്കാരുകൾ വായപ് എടുക്കുമ്പോഴും മൂലധന നിക്ഷേപങ്ങൾക്ക് വേണ്ടി സ്വന്തം മാർഗങ്ങൾ ആശ്രയിക്കുമ്പോഴും അത് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കേന്ദ്രം പുനരവലോകനം ചെയ്യേണ്ടതുണ്ട്. സംസ്ഥാനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും വിധം പുതിയ ധനകാര്യ കമ്മിഷൻ രൂപീകരിക്കണം-വർഗീസ് ജോർജ് പറയുന്നു.
കിഫ്ബി ഓഡിറ്റിൽ സി ആൻഡ് എ.ജി. തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരേ ധനമന്ത്രി തോമസ് ഐസക് ഇന്നലെയാണ് രംഗത്ത് വന്നത്. കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോർട്ടിലെ പരാമർശം അട്ടിമറിയാണ് ധനമന്ത്രി ആക്ഷേപിച്ചത്. ഭരണഘടനാ ഏജൻസികളെ ബിജെപി.യും കേന്ദ്രസർക്കാരും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കുന്നതിനു തെളിവാണിതെന്നാണ് തോമസ് ഐസക് പറഞ്ഞത്. സി.എ.ജി.യെ കേരളത്തിന്റെ വികസനപദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നു. ലൈഫ്മിഷൻ പദ്ധതി, കെ-ഫോൺ പദ്ധതി, ടോറസ് ഐ.ടി. പാർക്ക് പദ്ധതി, ഇ-മൊബിലിറ്റി പദ്ധതി തുടങ്ങിയവ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നു. കിഫ്ബിയെ തകർക്കാനുള്ള നീക്കം ഇതുമായി ചേർത്ത് വയ്ക്കണം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.