പത്തനംതിട്ട: ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായ വീണാ ജോർജും സിപിഎം നേതാക്കളുമായുള്ള ഭിന്നത രൂക്ഷമാകുന്നു. ജില്ലാ ആസ്ഥാനത്തുള്ള നഗരസഭ ചെയർമാൻ സക്കീർ ഹുസൈനും മന്ത്രി വീണാ ജോർജും തമ്മിലാണ് ഭിന്നത നിലനിൽക്കുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റിന്റെ നവീകരണം വിലയിരുത്തി. ചെയർമാനെയോ സിപിഎം കൗൺസിലർമാരെയോ അറിയിക്കാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം. സിപിഐ കൗൺസിലർ കുമാർ അഴൂരും ഘടക കക്ഷി നേതാക്കളുമാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും വീണയും തമ്മിലുള്ള അകൽച്ച മറ നീക്കിയത്. നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ വീണയെ കാലുവാരാൻ ശ്രമിക്കുന്നുവെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ നേരിട്ട് പത്തനംതിട്ടയിൽ വരികയും സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ സക്കീർ ഹുസൈൻ അടക്കമുള്ളവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സക്കീർ ഹൂസൈനുമായുണ്ടായ അകൽച്ച വീണ ആരോഗ്യമന്ത്രിയായതിന് ശേഷവും തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം കൗൺസിലർ വിആർ ജോൺസൺ എസ്ഡിപിഐയ്ക്കെതിരേ രൂക്ഷമായ ഭാഷയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതും ഈ വിഭാഗീയതയുടെ ഭാഗമായിരുന്നു.

എസ്ഡിപിഐയും സക്കീർ ഹുസൈനുമായുള്ള ധാരണ പൊളിക്കുക എന്ന ലക്ഷ്യമായിരുന്നു ജോൺസന്റെ പ്രസ്താവനയ്ക്ക് പിന്നിൽ. സിപിഎം കൗൺസിലർമാരുടെ യോഗത്തിലും സിപിഎമ്മിന്റെ ഉൾപ്പാർട്ടി യോഗത്തിലും ജോൺസന്റെ നടപടി സക്കീർ ഹുസൈനെ അനുകൂലിക്കുന്നവർ ചർച്ചയാക്കിയിരുന്നു. മന്ത്രി മാർക്കറ്റ് പരിശോധിക്കാൻ വരുന്ന കാര്യം ചെയർമാനോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല.

മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂർത്തിയാകുക. 5000 ചതുരശ്ര അടി വിസ്തൃതിയിലാണു മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ ആറു മാംസ സ്റ്റാളുകളും 36 മത്സ്യ സ്റ്റാളുകളും ഉണ്ടാകും. ഏഴ് അടി വീതിയിലുള്ള നടവരാന്തയും ഒരേസമയം 100 പേർക്ക് മത്സ്യം വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും.

മാർക്കറ്റിൽ നിലനിന്നിരുന്ന കെട്ടിടം പൊളിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം നിർമ്മാണ പ്രവർത്തനം വൈകിയിരുന്നു. ഒരു വർഷം പിന്നിട്ടതിനാൽ ആദ്യ കരാറുകാരൻ പ്രവർത്തനം ഉപേക്ഷിച്ചു. രണ്ടാമത് ടെൻഡർ ക്ഷണിച്ചാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ധാരാളം പേർ ആശ്രയിക്കുന്ന മാർക്കറ്റാണിത്. മത്സ്യവ്യാപാരികൾക്കും സ്ത്രീകൾക്കും ഉള്ള റസ്റ്റ് റൂമുകൾ ഉൾപ്പടെയാണു പുതിയ മാർക്കറ്റിന്റെ നിർമ്മാണം. സമയബന്ധിതമായിത്തന്നെ പ്രവർത്തനം മുൻപോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.