- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസികൾ അയക്കുന്ന വിദേശ പണത്തിൽ 50 ശതമാനവും അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നായി; അഞ്ചിലൊന്ന് വ്യാപാരവും ഗൾഫുമായി; വ്യാപാരത്തിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളി; മൂന്ന് കോടിയിലേറെ പേർ ജോലി ചെയ്യുന്നതും ഗൾഫ് നാടുകളിൽ; നൂപുർ ശർമയുടെ നാവുപിഴയുടെ പേരിൽ വിദേശ ബന്ധം വഷളാവുന്നത് ആർക്കും ഗുണകരമാകില്ല
ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് നാടുകളുടെ തമ്മിലുള്ള വ്യാപാര - ഉഭയകക്ഷി ബന്ധങ്ങൾക്ക് ചരിത്രകാലം മുതൽ പഴക്കമുണ്ട്. അറബികൾ ഇന്ത്യയിലെത്തി വ്യാപാരം ചെയ്തു മടങ്ങിയത് കാലങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ബിജെപി നേതാവിന്റെ വാവിട്ട വാക്കിന്റെ പേരിൽ ഉണ്ടായ പ്രതിഷേധങ്ങൾ എത്രയും വേഗം തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗൾഫ് നാടുകൾക്ക് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തുടരുക എന്നത് വളരെ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്നങ്ങൽ സൗമ്യമായി തീരേണ്ടത് എല്ലാവർക്കും അനിവാര്യമായ കാര്യമാണ്.
വിവാദം സർക്കാരിന് നയതന്ത്രതലത്തിലും ബിജെപിക്ക് രാഷ്ട്രീയമായും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഗൾഫ് രാജ്യങ്ങളുടെയും മറ്റും ശക്തമായ പ്രതിഷേധം സർക്കാരിനെ വെട്ടിലാക്കിയെങ്കിൽ, മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിനിടെയാണ് പ്രശ്നങ്ങളെന്നതു പാർട്ടിയെ പ്രതിസന്ധിയിലാക്കി. പരാമർശങ്ങളുടെ പേരിലുള്ള അച്ചടക്ക നടപടിയിൽ പാർട്ടിയിലെ യുവനിരയ്ക്കുള്ള അസംതൃപ്തിയും നേതൃത്വത്തെ വിഷമത്തിലാക്കുന്നു.
ഗൾഫ് രാജ്യങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്ത്താനാണ് ഇന്ത്യ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഏതാനും രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചിട്ടുമുണ്ട്. എന്നാൽ, വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ നിലപാടാണ് ഈ രാജ്യങ്ങൾ സ്വീകരിച്ചത്. ചില രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുക മാത്രമല്ല, ഇന്ത്യ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മോദിയുടെ സൗദി, യുഎഇ സന്ദർശനങ്ങളെല്ലാം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
വിവാദ പരാമർശങ്ങൾ തങ്ങളുടെ രാജ്യത്ത് പ്രതിഷേധത്തിന് ഇടയാക്കുമ്പോൾ ഉഭയകക്ഷി ബന്ധത്തിലെ ഊഷ്മളത മാറ്റിവച്ച് നിലപാടെടുക്കേണ്ടിവരുമെന്ന് ചില രാജ്യങ്ങൾ വ്യക്തമാക്കിയതായാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അസമിലും കർണാടകയിലും മറ്റും അടുത്തകാലത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ചില ഗൾഫ് രാജ്യങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇപ്പോൾ, വിവാദ പരാമർശങ്ങൾക്കൂടിയായപ്പോൾ പ്രതിഷേധം ശക്തമായി.
കയറ്റിറക്കുമതി കണക്കെടുത്താൽ ഇന്ത്യയുടെ വ്യാപാര ഇടപാടുകളുടെ അഞ്ചിലൊന്നും ഗൾഫ് രാജ്യങ്ങളുമായാണ്. ഇന്ത്യയിലേക്കുള്ള വിദേശനാണ്യ വരവിന്റെ പകുതിയും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ ബന്ധം വഷളാവുന്നത് ഇരുകൂട്ടർക്കും ഗുണകരമല്ല.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം പരിഗണിക്കുമ്പോൾ, സ്പർധയ്ക്കു വഴിവയ്ക്കുന്ന കാര്യങ്ങൾ ഗുരുതര സാഹചര്യങ്ങളിലേക്കു നീങ്ങിയേക്കാം. അതു പരിഗണിച്ച് സർക്കാരും ബിജെപിയും അതിവേഗം ഇടപെട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ, വ്യാപാര മേഖലയിലുൾപ്പെടെയുള്ള ഇടപാടുകൾക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളും കേന്ദ്ര സർക്കാരും നടപടികളെടുക്കുന്നുണ്ട്. ഇതിനിടെ, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനത്തിനിരയാകുന്നുവെന്ന് യുഎസ് വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തലുണ്ടായതും തിരിച്ചടിയായി.
ഇന്ത്യയുടെ അഞ്ചിലൊന്ന് വ്യാപാരവും നടക്കുന്നത് ഗൾഫ് നാടുകളുമായാണ്. യുഎഇയും സൗദിയുമാണ് ഇതിൽ പ്രധാനമായത്. മൂന്ന് കോടിയോളം ഇന്ത്യക്കാരാണ് വിവിധ ഗൾഫ് നാടുകളികൾ കഴിയുന്നത്. യുഎഇയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്ത വ്യാപാര പങ്കാളി. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം പ്രവാസികൾ അയക്കുന്നതും ഗൾഫ് നാടുകളിൽ നിന്നുമാണ്. അഞ്ച് ഗൾഫ് നാടുകളിൽ നിന്നുമാണ് ഇന്ത്യയുടെ 50 ശതമാനം വിദേശനാണ്യവും ലഭിക്കുന്നത്. ഇതെല്ലാം ഇപ്പോഴത്തെ വിവാദം കൂടുതൽ വ്യാപകമാകാതിരിക്കാൻ കാരണമായി മാറുന്നുണ്ട്.
അതേസമയം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കുക എന്ന നിലപാടിലേക്ക് ഗൾഫ് രാജ്യങ്ങൽ നീങ്ങിയാൽ അത് അത് വിവാദം വലുതാകാനും ഇടായക്കും. പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഉറച്ച് ഖത്തർ. പരാമർശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. എന്നാൽ മാപ്പുപറയുന്ന നിലപാട് ഇന്ത്യയിൽ നിന്നും ഉണ്ടാകില്ലെന്നാണ് വിദേശകാര്യ വിദഗ്ധരെല്ലാം പൊതുവിൽ അഭിപ്രായപ്പെടുന്നത്.
വിവാദ പരാമർശം സമൂഹമാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഖത്തറിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കിയെന്ന റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും ഖത്തർ പ്രതികരിച്ചു. പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഖത്തറിനു പുറമേ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തൊനീഷ്യ, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളാണു പരാമർശത്തെ അപലപിച്ചത്.
നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. നേതാക്കൾക്കെതിരെ ബിജെപി നടപടിയെടുത്തതിനെ സൗദിയും ബഹ്റൈനും സ്വാഗതം ചെയ്തു. പരാമർശങ്ങൾ ചില ഛിദ്രശക്തികളുടേതു മാത്രമാണെന്ന നിലപാടിലാണു വിദേശകാര്യ മന്ത്രാലയം.
വിശ്വാസങ്ങളെ വിലകുറച്ചു കാണുന്ന നിലപാടിനെ തിരസ്കരിക്കുന്നതായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പ്രതികരിച്ചു. പരാമർശത്തെ ശക്തമായി എതിർക്കണമെന്ന് ഈജിപ്ത് ആഹ്വാനം ചെയ്തു. ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
അതേസസമയം വിവാദപരാമർത്തിനു ശേഷവും നേതാക്കൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് വിഷയം സജീവമാക്കി നിലനിർത്താൻ നൂപുർ ശർമ്മ ശ്രമിച്ചെന്ന് പാർട്ടിയിൽ വിമർശനമുയർന്നിട്ടുണ്ട്. നവീൻ ജിൻഡലിന്റെ പരാമർശങ്ങൾ വൈകിമാത്രമാണത്രേ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നടപടി വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് ബിജെപി യുവ നേതാക്കളിൽ പലർക്കുമുള്ളത്. ഇന്ത്യ ഗൾഫ് രാജ്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കി എന്ന പ്രചാരണം ധാരാളമായി വരുന്നുമുണ്ട്. ഉന്നത നേതാക്കളുൾപ്പെടെ നടത്താറുള്ള പരാമർശങ്ങളാണ് യുവനിരയ്ക്ക് പ്രചോദനമാകുന്നതെന്ന് വിമർശിക്കുന്നവരുമുണ്ട്.
മറുനാടന് ഡെസ്ക്