ന്യൂഡൽഹി: ഹൈക്കമാൻഡ് തന്റെ കൈകാലുകൾ കെട്ടി ഇട്ടിയിരിക്കുക ആണെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വെടി പൊട്ടിച്ചിട്ട് അധികം ദിവസമായില്ല. ഹൈക്കമാന്റിനെ വലിയ പ്രതിസന്ധിയിലാണ് റാവത്തുകൊണ്ടെത്തിച്ചത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായിട്ടായിരുന്നു റാവത്തിന്റെ വിമർശനം. എന്നാൽ റാവത്തിന്റെ കലാപക്കൊടി പതിയെ താഴ്ന്നു. ട്രബിൾ ഷൂട്ടറായി മാറിയത് പ്ര്ിയങ്ക ഗാന്ധിയും. പരസ്യമായി ഇടഞ്ഞ റാവത്തിന് അനുനയിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനത്ത് കാര്യങ്ങൾ ഭദ്രമാക്കിയത് മറ്റാരുമല്ല, പ്രിയങ്ക തന്നെ. പാർട്ടിയിൽ ഉയരുന്ന പരാതികൾക്കെല്ലാം ഇപ്പോൾ പരിഹാരം കാണുന്നത് പ്രിയങ്ക ആണെന്നാണ് സംസാരം. ഇതാദ്യമായല്ല, പ്രിയങ്ക പാർട്ടി പ്രതിസന്ധിക്ക് പരിഹാരം കാണുന്നത്.

പഞ്ചാബിൽ, ഇടഞ്ഞുനിന്ന അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനും, നവജ്യോത് സിങ് സിദ്ദുവിനെ പാർട്ടി തലപ്പത്ത് എത്തിക്കാനും പ്രവർത്തിച്ച ബുദ്ധികേന്ദ്രവും പ്രിയങ്ക ഗാന്ധി തന്നെ. രാജസ്ഥാനിൽ അശോക് ഗെലോട്ടിൽ സമ്മർദ്ദം ചെലുത്തി സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരെ സർക്കാരിൽ ഉൾപ്പെടുത്തിയതും രാഹുലും പ്രിയങ്കയും മുൻകൈയെടുത്താണ്.

യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രിയങ്കയ്ക്ക് വലിയ റോൾ

യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയിൽ പ്രിയങ്കയ്ക്ക് കൂടുതൽ വിപുലമായ റോൾ കിട്ടിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുപി പ്രീപോൾ സർവേ ഫലങ്ങൾ കോൺഗ്രസിന് മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും, പ്രിയങ്കയ്ക്ക് പാർട്ടിയിൽ കൂടുതൽ ചുമതലകൾ കിട്ടുമെന്ന് ഉറപ്പ്. രാഹുൽ ഗാന്ധിയുമായി അടുപ്പത്തിൽ അല്ലാത്ത നേതാക്കളുമായി ആശയവിനിമയം നടത്തി, പാർട്ടിയിൽ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ പ്രേരണ നൽകാൻ പ്രിയങ്കയ്ക്ക് കഴിയും. വിശേഷിച്ചും, അസംതൃപ്തരായ നേതാക്കളുമായും, ജി-23 ഗ്രൂപ്പ് നേതാക്കളുമായും പ്രിയങ്കയ്ക്ക് അടുപ്പം സ്ഥാപിക്കാനാവും. ഇവരിൽ പലരും, ലഖിംപുരി ഖേരി സംഭവത്തിലെ പ്രിയങ്കയുടെ ഇടപെടലുകളെ പ്രശംസിച്ചിരുന്നു.

ചുരുങ്ങിയ സമയം, കൊണ്ട് യുപിയിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസിന്റെ സാന്നിധ്യം അറിയിക്കാൻ എങ്കിലും പ്രിയങ്കയ്ക്ക് കഴിഞ്ഞു എന്ന് വിലയിരുത്തുന്നവരുണ്ട്. ഒരുപക്ഷേ നിലവിലെ സർവേകൾ പാർട്ടിക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിൽ പോലും. ഞായറാഴ്ച 'ലഡ്കി ഹൂ, ലഡ് സക്തി ഹൂ' (പെൺകുട്ടിയാണ്, പോരാടാനാകും) എന്ന മുദ്രാവാക്യവുമായി ലഖ്‌നൗവിലും ഝാൻസിയിലും നടന്ന വനിതാ മാരത്തോണിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് പെൺകുട്ടികളാണ്. മത-ജാതി രാഷ്ട്രീയത്തിനപ്പുറം പുതിയതും പുരോഗമനപരവുമായ ഒരു രാഷ്ട്രീയത്തിലൂടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രിയങ്കയ്ക്ക് ആകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ യുപിക്ക് പുറമെ ഉത്തരാഖണ്ഡും പഞ്ചാബും ഉൾപ്പടെ നിർണ്ണായകമായ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസിന്റെ പാൻ ഇന്ത്യൻ മുഖമായി പ്രിയങ്ക ഗാന്ധി എത്തുമെന്ന് പാർട്ടി വിലയിരുത്തുന്നു.

രാജ്യം കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞുനിന്ന കാലഘട്ടത്തിലാണ് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പദവിയിലേക്ക് പ്രിയങ്ക ഗാന്ധിയെത്തിയത്. ലോക്ഡൗൺ പ്രതിസന്ധിയിൽ കുടിയേറ്റ തൊഴിലാളികൾ നിരാലംബരായി നിന്നപ്പോൾ സ്വന്തം നിലയ്ക്ക് ബസുകൾ എത്തിച്ച് പ്രിയങ്ക പ്രശംസ നേടി. ഹാത്രസിലും സോൻഭദ്രയിലും പ്രിയങ്കയുടെ സാന്നിധ്യം ശ്രദ്ധേനേടി. ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് കയ്യേറ്റം ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങൾ ഇന്ദിര ഗാന്ധിയുടെ വീര്യം എന്ന വിശേഷണത്തോടെയാണ് പ്രചരിക്കപ്പെട്ടത്. യുപി പൊലീസ് തടങ്കലിൽവെച്ച പ്രിയങ്കയുടെ മോചനത്തെ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല സാധാരണക്കാരും കാത്തിരുന്നു.

പ്രിയങ്കയെ പാർട്ടി അദ്ധ്യക്ഷയാക്കുമോ?

കർഷക സമരത്തിനിടയിലും പ്രിയങ്ക മുന്നണി പോരാളിയായിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വീശിയടിച്ചത് ആ സമയത്താണ്. ഇതെല്ലാം കൊണ്ടു തന്നെ പ്രിയങ്കയ്ക്ക് പാർട്ടിയിൽ കൂടുതൽ പ്രമുഖ സ്ഥാനം വേണമെന്ന് വാദിക്കുന്നവരുടെ എണ്ണം ഏറി. പ്രിയങ്കയെപാർട്ടി അദ്ധ്യക്ഷ ആക്കണമെന്ന് വാദിക്കുന്നവരും കുറവല്ല. ആചാര്യ പ്രമോദ് കൃഷ്ണം അക്കൂട്ടത്തിൽ പെട്ടയാളാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയോട് വിയോജിപ്പുള്ളവർ സോണിയ ഗാന്ധി പാർട്ടി അദ്ധ്യക്ഷയായി തുടരണമെന്നും പ്രിയങ്കയെ ഉത്തരേന്ത്യയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റായി വാഴിക്കണമെന്നും ആവശ്യപ്പെടുന്നു.

പാർട്ടിയെ നേതൃത്വ പ്രതിസന്ധി വല്ലാതെ അലട്ടിയപ്പോൾ, സോണിയയെ സഹായിക്കാൻ ഒരു കൊളീജിയം ഉണ്ടായിരുന്നു. എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി. കെ.സി വേണുഗോപാൽ, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവരായിരുന്നു സമിതി അംഗങ്ങൾ. അഹമ്മദ് പട്ടേൽ വിടവാങ്ങലിന് ശേഷം ഈ സമിതി വല്ലപ്പോഴുമാണ് ചേരുന്നത്.

കോൺഗ്രസ് ഭരണഘടന പ്രകാരം, ഉപാദ്ധ്യക്ഷ പദവിയില്ല. എന്നാൽ, മുമ്പ് രാഹുൽ ഗാന്ധി, അർജുൻ സിങ്, ജിതേന്ദ്ര പ്രസാദ എന്നിവർ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പ്രവർത്തന ശൈലി കുറിച്ചുകൂടി സുഗമമാണെന്നാണ് ചില കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നത്. വളരെ നല്ലൊരു കേൾവിക്കാരിയാണ് അവർ. രാജസ്ഥാനിലെയും പഞ്ചാബിലെയും പ്രതിസന്ധികളെ തരണം ചെയ്യുന്നതിലും മിടുക്ക് കാട്ടി. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡ്, പഞ്ചാബ്, യുപി, ഗോവ, മണിപ്പൂർ, ഗുജറാത്ത്. എന്നീ സംസ്ഥാനങ്ങളിൽ ഉൾപാർട്ടി പോര് പാർട്ടിയെ വലയ്ക്കുന്നുണ്ട്. മധ്യപ്രദേശിലും, രാജസ്ഥാനിലും , ഛത്തീസ്‌ഗഡ്ഡിലും 2023 ൽ തിരഞ്ഞെടുപ്പ് നടക്കാനിക്കുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിൽ, പ്രിയങ്കയ്ക്ക് വിപുലമായ റോൾ അനിവാര്യമെന്ന് പല നേതാക്കളും കരുതുന്നു.

ഒരുപദവിയും വഹിക്കാതെ തന്നെ രാഹുലിന് പാർട്ടിയെ നയിക്കാമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്താൻ രാഹുലിന് കഴിഞ്ഞെന്ന് ഈ നേതാക്കൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധി, കോവിഡ് മാനേജ്‌മെന്റിലെ വീഴ്ച എന്നിവയിൽ പ്രധാനമന്ത്രിക്ക് എതിരെ നിരന്തരം നടത്തിയ ആക്രമണങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.

രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം പാർട്ടിക്ക് പ്രതിസന്ധിയുണ്ട്. ഛത്തീസ്‌ഗഡിൽ ടിഎസ് സിങ് ദിയോയുടെ അനുയായികൾ അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട സമ്മർദ്ദം ചെലുത്തുന്നു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മാറ്റത്തിനായി അക്ഷമനാണ്. ജ്യോതിരാദ്യസിന്ധ്യ ബിജെപിയിലേക്ക് പോയത് പോലെ ഒരു നഷ്ടം കൂടി കോൺഗ്രസിന് ഇനി താങ്ങാനും വയ്യ. വലിയൊരു വെല്ലുവിളിയുടെ കാലത്ത് പ്രിയങ്കയുടെ റോൾ വിപുലമാക്കുകയല്ലാതെ കോൺഗ്രസിന് തരമില്ല.