- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി; അടുത്ത കരുനീക്കമായി മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ; എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ; കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പിന്നോക്ക നേതാക്കളുടെ മുന്നറിയിപ്പ്
ബംഗളുരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കാര്യം ചൂണ്ടിക്കാട്ടി പൊട്ടിക്കരഞ്ഞെങ്കിലും യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ. തന്റെ വിശ്വസ്തൻ ബസവരാജ് എസ് ബൊമ്മെനെ മുഖ്യമന്ത്രി കസേരയിൽ എത്തിച്ചതിന് പിന്നാലെ നിർണായക കരുനീക്കവുമായി മുൻ മുഖ്യമന്ത്രി രംഗത്തുവന്നു. തന്റെ മകൻ ബി വൈ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാക്കാനാണ് യെദ്യൂരപ്പ നീക്കം നടത്തുന്നത്. അതേസമയം ഈ നീക്കത്തിൽ ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ് താനും.
യെദിയൂരപ്പ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. കർണാടകയിൽ പാർട്ടിയെ വളർത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടതായിരുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്നും അല്ലാത്ത പക്ഷം ബിജെപി സംസ്ഥാനത്ത് വലിയ തിരിച്ചടികൾ നേരിടുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ നിർദ്ദേശമെന്ന നിലയിൽ വിജയേന്ദ്രയുടെ പേര് മുന്നോട്ടുവയ്ക്കാനാണ് യെദിയൂരപ്പയുടെ നീക്കം. അതേസമയം, പാർട്ടിയിൽ യെദിയൂരപ്പയോട് വിയോജിച്ചു നിൽക്കുന്ന എംഎൽഎമാരും ശക്തമായ എതിർപ്പ് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകനായ ബി വൈ വിജയേന്ദ്ര യെദിയൂരപ്പയുടെ രാഷ്ട്രീയ പിൻഗാമിയായാണ് നിരീക്ഷിക്കപ്പെടുന്നത്. കർണ്ണാടക ബിജെപി വൈസ് പ്രസിഡന്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്.
കഴിഞ്ഞ ദിവസമാണ് ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒരാഴ്ചയ്ക്കകം പുതിയ മന്ത്രിമാർ ചുമതലയേൽക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ പറഞ്ഞു. നേതൃമാറ്റം സുഗമമായി സാധ്യമാക്കിയെങ്കിലും മന്ത്രിസഭാ രൂപീകരണം കേന്ദ്ര നേതൃത്വത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. യെഡിയൂരപ്പയുടെ വിശ്വസ്തനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ച സാഹചര്യത്തിൽ മന്ത്രിസഭാ വികസനത്തിലും അദ്ദേഹത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചേക്കും. കർണാടകയുടെയും ബിജെപിയുടെയും വളർച്ചയ്ക്ക് 4 പതിറ്റാണ്ടിലേറെക്കാലം യെഡിയൂരപ്പ നൽകിയ സംഭാവന വാക്കുകൾക്ക് അതീതമാണെന്ന് ബസവരാജ് ബൊമ്മെയെ അഭിനന്ദിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ജനതാദൾ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്തിക്കാൻ കൂറുമാറിയ 17 കോൺഗ്രസ്- ദൾ എംഎൽഎമാരിൽ 12 പേർ യെഡിയൂരപ്പ സർക്കാരിൽ മന്ത്രിമാരായിരുന്നു. യെഡിയൂരപ്പ നൽകിയ വാക്ക് കേന്ദ്ര നേതൃത്വവും പാലിക്കുമെന്നാണ് പ്രതിക്ഷയെന്ന് അവരിലൊരാളായ എം ടി.ബി നാഗരാജ് പറഞ്ഞു. കൂറുമാറ്റക്കാരെ പരിഗണിച്ചതു കൊണ്ട് അവസരം ലഭിക്കാത്ത ഒട്ടേറെ ബിജെപി സാമാജികരും പ്രതീക്ഷയിലാണ്. ചില മുതിർന്ന മന്ത്രിമാരെ ഒഴിവാക്കി കൂടുതൽ യുവാക്കൾക്കു പരിഗണന നൽകാനും സാധ്യതയുണ്ട്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എല്ലാ സമുദായങ്ങളെയും ഒപ്പംനിർത്താൻ വേണ്ട അനുപാതങ്ങളും പരീക്ഷിച്ചേക്കും. മുഖ്യമന്ത്രിക്കു പുറമെ 33 പേരെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാം. അതിനിടെ, അഴിമതി ഭരണത്തിന് അറുതിവരുത്തുമെന്ന തന്റെ പ്രതിജ്ഞ നിറവേറിയെന്ന് യെഡിയൂരപ്പയ്ക്കെതിരെ കലാപക്കൊടിയുയർത്തിയ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ പറഞ്ഞു.
ബസവരാജ് എസ് ബൊമ്മെ മുഖ്യമന്ത്രിയായ അധികാരത്തിലെത്തുന്നത് വളരെ അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി പലരും സ്വാധീനം ചെലുത്തിയപ്പോഴും ബസവരാജ ബൊമ്മൈ നിശബ്ദമായിരുന്നു. ആർഎസ്എസ് പശ്ചാത്തലമില്ലാത്ത, താരതമ്യേനെ ബിജെപി യിൽ പുതുതായ ബസവരാജ ബൊമ്മെക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ബസവരാജക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചതോടെയാണ് രാഷ്ട്രീയ വളർച്ചയുടെ പടവുകളിൽ യെദ്യൂരപ്പയുടെ ഏറ്റവും സ്വീകര്യനെന്ന സൽപ്പേര് ലഭിക്കുന്നത്. യെദ്യൂരപ്പക്ക് ഒപ്പം ഒരു നിഴലായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും ബസവരാജിന്റെ അഭിപ്രായവും യെദ്യൂരപ്പ തേടുമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തിയപ്പോഴും അദ്ദേഹം തന്നിലേക്ക് മാധ്യമങ്ങളുടെയും മറ്റും അമിതമായ ശ്രദ്ധ വരാതെ നോക്കിയിരുന്നു. ഇത് തന്നെയാണ് ബസവരാജിന് നേട്ടമായി മാറിയത്
യെദ്യൂരപ്പക്ക് തന്നിലുള്ള വിശ്വാസം ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിലേക്കുള്ള ചവിട്ടുപടിയായി. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അഭിപ്രായ വ്യത്യാസങ്ങളേതുമില്ലാതെയായിരുന്നു ബസവരാജ് ബൊമ്മയുടെ സ്ഥാനാരോഹണം. കർണാടകയിൽ ലിംഗായത്ത് രാഷ്ട്രീയത്തിൽ ചുറ്റിപ്പറ്റി ബിജെപി കരു ഉറപ്പിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനം.
ലിംഗായത്ത് സമുദായത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനിക്കാൻ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയാകേണ്ടതെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റുകയും ചെയ്തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയിൽ എതിർപ്പറിയിച്ച ലിംഗായത്ത് മഠാധിപതികൾ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്ഥാനത്തോടെ അടങ്ങുകയായിരുന്നു. ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ലിംഗായത്ത് സമുദായം വാശിപിടിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയിൽ 16 ശതമാനമാണ് ലിംഗായത്ത് സമുദായം. അതിനാൽ തന്നെ കർണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തിൻേറതാണ്. ലിംഗായത്ത് നേതാവ് എന്നതോടൊപ്പം യെദിയൂരപ്പയോട് ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക് തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, പാർലമെന്ററി കാര്യം എന്നിവ കൈകാര്യം ചെയ്തത് 61കാരനായ ബൊമ്മൈയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ