കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യം പൊലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹമുയർന്നിരുന്നു. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാർജ്ജായി പോയിരുന്നു.

കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയിൽ കനത്ത തിരിച്ചടിയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സുഹൃത്തായ നടി ആത്മഹത്യക്ക് ശ്രമിച്ചത് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ്. ദിലീപിന്റെ ചില ഓഡിയോ സംഭാഷണങ്ങൾ സംവിധായകൻ ബാല ചന്ദ്രകുമാർ പുറത്ത് വിട്ടത്. ഇത് വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന് വിവരം പുറത്ത് വരുന്നത്. അതേ സമയം നടിയുടെ കുടുംബ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്.

നേരത്തെ നടിയെ ആക്രമിച്ചു കേസുമായി ബന്ധപ്പെട്ട നിർണായക മൊഴിഈ യുവനട രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നിരുന്ന ഇവർ പിന്നീട് പിൻവാങ്ങിയതെന്താണെന്ന് ആർക്കും അറിയില്ല. അന്ന് ഇരയായ നടിയെ സപ്പോർട്ട് ചെയ്ത് അവർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു.

കോടതിയിൽ കൂറുമാറിയതിന് പിന്നാലെ 2017 ൽ നടി സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് വീണ്ടും ഉയർന്നു വന്നത്. ഇതോടെയാണ് പോസ്റ്റ് നടി നീക്കം ചെയ്തത്. വലിയ വിമർശനങ്ങൾ ഇവർ അന്ന് നേരിട്ടിരുന്നു. ഇപ്പോൾ കുടംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് സിനിമാ മേഖലയിലുള്ളവർ പറയുമ്പോഴും ദീലീപിനെതിരെ പുതിയ കേസ് എടുത്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു എന്നത് ദുരൂഹത ഏറുന്നുണ്ട്.