- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
ലണ്ടൻ: ഒക്ടോബർ അഞ്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് 1.15. പതിവ് പോലെ എയർ ഇന്ത്യ 150 ബോയിങ് 787 നിറയെ യുകെ മലയാളികളുമായി പറന്നുയർന്നു. ബിസിനസ് ക്ലാസ് കഴിഞ്ഞുള്ള മുൻ നിര സീറ്റിലെ യാത്രക്കാരാണ് ദമ്പതികളായ സിമിയും ചെറിയാനും. തൊട്ടരികെ പോർട്സ്മൗത്തിലെ മലയാളി നഴ്സ് ലീല ബേബി, അധികം അകലെയല്ലാത്ത നിരയിൽ ബേസിങ്സ്റ്റോക്കിലെ രണ്ടാം തലമുറയിലെ മലയാളി ഡോക്ടർ റിച്ചു ഫിലിപ്പ്, ഡോ. ഇൻഷാദ് ഇബ്രാഹിം തുടങ്ങി ഡോക്ടർമാരും നഴ്സുമാരുമായി അനേകം മലയാളികൾ. വിമാനം ഏകദേശം ഒന്നര മണിക്കൂർ പറന്നപ്പോഴേക്കും വയറ്റിൽ 29 ആഴ്ച പ്രായമായ കുഞ്ഞുമായി യാത്ര ചെയ്യുന്ന ഗർഭിണി സിമിക്ക് ചെറുതായി വേദന അനുഭവപ്പെടുന്നു.
അൽപം സമയം വേദന സഹിച്ചെങ്കിലും കോൺട്രാക്ഷൻ അനുഭവപെട്ടു തുടങ്ങിയതോടെ ഭർത്താവ് വിവരം വിമാന ജീവനക്കാരെ അറിയിച്ചു. ഇതേ തുടർന്ന് വിമാനത്തിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാകണം എന്ന് ജീവനക്കർ അനൗൺസ് ചെയ്യുക ആയിരുന്നു. ഇതിനിടയിൽ പൈലറ്റ് തൊട്ടടുത്ത എയർ കൺട്രോൾ റൂമിലും വിവരം നൽകി.
അപ്പോഴേക്കും വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ എത്തിയിരുന്നു. എമർജൻസി ലാൻഡിങ് വേണ്ടി വരും എന്നുറപ്പായതോടെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് പൊലീസ്, മെഡിക്കൽ ടീം എന്നിവരുമായി എയർ ഇന്ത്യ വിമാനത്തിനായി കാത്തിരിപ്പായി.
ബിസിനസ് ക്ലാസ് ലേബർ റൂമായി മാറിയപ്പോൾ
ഇതിനിടയിൽ വിമാനത്തിൽ പ്രസവ മുറി അതിവേഗം തയ്യാറാവുക ആയിരുന്നു. ബിസിനസ് ക്ലാസ് / ഫസ്റ്റ് ക്ലാസ് ഏരിയ വിമാന ജീവനക്കാർ സീറ്റുകൾ ബെഡ് രൂപത്തിൽ അതിവേഗം സിമിയുടെ പ്രസവത്തിനായി സജ്ജമാക്കി. മെഡിക്കൽ കിറ്റും മറ്റും വേഗത്തിൽ താൽക്കാലിക ലേബർ റൂമിലേക്ക് എത്തിക്കാൻ ജീവനക്കാർ ധൃതിപ്പെട്ടു. യാത്രക്കാരിൽ നല്ല പങ്കും മലയാളികൾ തന്നെ ആയതിനാൽ എല്ലാവരും ഏതു സഹായത്തിനും ഒപ്പത്തിനൊപ്പമായി.
ചിലരാകട്ടെ ചെറിയാനെ ആശ്വസിപ്പിക്കാൻ കൂടെ നിന്നു. ആവശ്യത്തിലേറെ മെഡിക്കൽ സ്റ്റാഫ് വിമാനത്തിൽ ഉണ്ടെന്നു ബോധ്യമായതിന്റെ ആശ്വാസമാണ് എയർ ഇന്ത്യ ജീവനക്കാരുടെ മുഖങ്ങളിൽ ദൃശ്യമായത്. ഒട്ടും ടെൻഷൻ ഇല്ലാതെ തനിക്കു വിമാനം നിലത്തിറക്കാൻ ധൈര്യം നൽകിയത് സിമിയെ പരിചരിക്കാൻ തയ്യാറായി എത്തിയ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ആയിരുന്നെന്നു പൈലറ്റും പിന്നീട് വ്യക്തമാക്കി.
മുന്നിൽ നിൽക്കാൻ യുവ ഡോക്ടർ റിച്ചു, റിസ്ക് എടുക്കാൻ ഡോക്ടർ ഇൻഷാദ്, കുഞ്ഞിനെ സ്വീകരിച്ചത് ലീല ബേബി
വിമാന ജീവനക്കാരുടെ സന്ദേശം പലവട്ടം എത്തിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കപ്പെട്ട സീനിയർ ആരോഗ്യ പ്രവർത്തകരുടെ മുന്നിൽ മാതൃക ആയതു യുവ ഡോക്ടർ ആയ റിച്ചു ഫിലിപ്പിന്റെ ആർജ്ജവമാണ്. ഞാൻ റെഡി എന്ന് പറഞ്ഞു കൈ പൊക്കിയ റിച്ചു വേഗത്തിൽ കൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരിലേക്ക് പ്രതീക്ഷയോടെ നോക്കി സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ നാട്ടിൽ പ്രസവം എടുത്ത പരിചയം ഉണ്ടെന്നു പോർട്സ്മൗത്തിൽ നിന്നുള്ള ചിചെസ്റ്റർ ഹോസ്പിറ്റലിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റ് നഴ്സ് ലീല ബേബിയും വ്യക്തമാക്കി.
ഇതിനിടയിൽ എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് വെയിൽസിലെ വ്രക്സാം മാലൂർ ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോ. ഇൻഷാദ് ഇബ്രാഹിം ഏതു സാഹചര്യം കൈകാര്യം ചെയ്യാനും നമുക്കൊരു ടീം ഉണ്ടല്ലോ എന്ന മട്ടിൽ മെഡിക്കൽ കെയറിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുക ആയിരുന്നു. ഇതോടെ ഓരോ നിരയിലെ സീറ്റുകളിൽ നിന്നും ഡോക്ടർമാരും നഴ്സുമാരും സേവനത്തിനു തയ്യാറായി. ചുരുക്കത്തിൽ 15 ലേറെ വിദഗ്ധ സംഘം നൊടിയിടയിൽ ലേബർ റൂമിലെത്തിയാണ് അത്യന്തം റിസ്ക് നിറഞ്ഞ സിമിയുടെ പ്രസവ ശുസ്രൂഷ ഏറ്റെടുത്തത്.
പ്രസവം നൊടിയിടയിൽ, കത്രിക പോലും ഇല്ലാത്ത സാഹചര്യത്തെ ഡോക്ടർമാരും നഴ്സുമാരും നേരിട്ടത് അതീവ ധൈര്യത്തോടെ
ലേബർ റൂമിലേക്ക് നീക്കിയ സിമിയുടെ വസ്ത്രങ്ങൾ മാറാനുള്ള സാവധാനം പോലും ഇല്ലാതെ കുഞ്ഞിന്റെ തല വെളിയിലേക്കു പ്രത്യക്ഷപ്പെടുക ആയിരുന്നു എന്ന് മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നവർ വെളിപ്പെടുത്തുന്നു. വസ്ത്രം മാറുന്നതിനിടയിൽ തന്നെ കുഞ്ഞിന്റെ തല വെളിയിലേക്കു എത്തുന്നത് കണ്ട ലീല ബേബി സാഹചര്യം അടിയന്തിരമെന്നു ഡോക്ടർ ഇൻഷാദിനോട് ബോധ്യപ്പെടുത്തിയതോടെ എത്രയും വേഗത്തിൽ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമമമായി.
ഇതിനിടയിൽ ഡോ. റിച്ചുവും ഡോ. ഇൻഷാദും ചേർന്ന് മെഡിക്കൽ കെയറും ആരംഭിച്ചിരുന്നു. ക്യാനുള്ള ഇടലും ഐ വി ഫ്ലൂയിഡ് നൽകലും ഒക്കെ നൊടിയിടയിൽ പുരോഗമിച്ചു. സ്റ്റാൻഡ് ഒന്നും ലഭ്യമല്ലാത്തതിനാൽ നഴ്സിങ് ടീമിൽ ഒരാളാണ് ഐ വി ഫ്ലൂയിഡ് കയ്യിൽ പിടിച്ചു നിന്നത്. ഭാഗ്യമെന്നോണം സിമിയുടെ ബ്ലഡ് പ്രെഷർ ലെവൽ വലിയ വ്യത്യസം വരുത്താതെ വിമാനം നിലം തൊടുംവരെ പിടിച്ചു നിർത്താനും മെഡിക്കൽ ടീമിനായി.
ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിൽ വച്ച് തന്നെ ഇംഗ്ലീഷ് അറിയാവുന്ന ഒരു ജർമ്മൻ ഡോക്ടറോട് യുകെ മലയാളികളായ വൈദ്യ സംഘം കാര്യങ്ങൾ വിശധീകരിച്ചതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനേയും വേഗത്തിൽ തന്നെ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു ചെറിയാനെ കുഞ്ഞിനെ കാണിച്ച ശേഷം വീണ്ടും എയർപോർട്ടിൽ തന്നെ തിരികെ എത്തിച്ചു. ഇന്ന് അദ്ദേഹത്തിന് താൽക്കാലിക വിസ ലഭ്യമാക്കും എന്നാണ് ലഭ്യമായ വിവരം.
വളരെ നേരത്തെ ജനിച്ച കുഞ്ഞിന് വീണ്ടും ഒരു യാത്രക്കുള്ള ആരോഗ്യം വീണ്ടെടുക്കാൻ ചുരുങ്ങിയത് ഒരു മാസം എങ്കിലും ആശുപത്രി വാസം വേണ്ടിവന്നേക്കും എന്നാണ് സൂചന. അതുവരെ കുഞ്ഞിനെ ഐസിയുവിൽ തന്നെയാകും നിരീക്ഷിക്കുക. ആശുപത്രി ചെലവ് അടക്കമുള്ള കാര്യങ്ങൾ എയർ ഇന്ത്യ ഏറ്റെടുത്തേക്കും എന്ന പ്രതീക്ഷയാണ് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.
മുൻപ് ഒരു പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട ദാരുണ അനുഭവം കൂടെയുള്ളതിനാൽ ഇത്തവണ പ്രസവം നാട്ടിലാക്കാനാണ് സിമിയും ചെറിയാനും നേരത്തെ തന്നെ പുറപ്പെട്ടത്. പഴയ അനുഭവം ആവർത്തിക്കാതിരിക്കാനായി മുൻകൂറായി തന്നെ ഡോക്ടറെ സമീപിച്ചു സ്റ്റിച്ച് ഇട്ടിരുന്നതാണ് വലിയ നിലയിൽ രക്ത സ്രാവം ഉണ്ടാകാതെ സഹായിച്ചതെന്ന് നേതൃത്വം നൽകിയ ലീല ബേബി സൂചിപ്പിച്ചു.
അതേസമയം ധീരമായി കാര്യങ്ങൾ ചെയ്യുമ്പോഴും ഇത്തരം ഘട്ടങ്ങളിൽ എയർ ഇന്ത്യയുടെ പരാധീനത ഇത്തവണയും ആവർത്തിച്ചു. കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിക്കാനുള്ള കത്രിക പോലും വിമാനത്തിൽ ലഭ്യമായിരുന്നില്ല. യാത്രക്കാരിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന കത്രികയാണ് ഒടുവിൽ പ്രയോജനപ്പെട്ടത്. സ്റ്റെറിലൈസ് ചെയ്യാത്തത് ആയിരുന്നെങ്കിലും മറ്റു മാർഗം ഇല്ലാതെ അത് തന്നെ ഉപയോഗിക്കുക ആയിരുന്നു.
വിമാനത്തിലെ ശ്രദ്ധയിൽ പെട്ട ഇത്തരം കാര്യങ്ങൾ മെഡിക്കൽ സംഘം പരാതിയായി തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ക്യാനുള അടക്കമുള്ള ഫസ്റ്റ് എയ്ഡ് ബോക്സിലെ പലതും പേരിനു മാത്രം ആയിരുന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് മെഡിക്കൽ സംഘം ഉപയോഗിച്ചതും. ഇത്ര നേരത്തെയുള്ള ഒരു പ്രസവം തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണെന്ന് പൈലറ്റും വ്യക്തമാക്കി. അതിനിടെ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശ കൈമാറ്റ ചർച്ച അന്തരീക്ഷത്തിൽ ഉയരുന്ന സാഹചര്യത്തിൽ വിമാനത്തിൽ കുഞ്ഞ് ഉണ്ടായതു നല്ല ലക്ഷണം ആണെന്നാണ് എയർ ഇന്ത്യയുടെ അകത്തളത്തിൽ ഇന്നലെ കേൾക്കാനായത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.