400+ മത്സരങ്ങളിലായി 350-ലധികം കളിക്കാര്‍ മത്സരിക്കും; ഇന്ത്യന്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും

Update: 2025-05-06 13:58 GMT

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇന്ന് (മെയ് 6 ) തുടക്കമാകും. ഇതിനകം 350-ലധികം കളിക്കാര്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400-ലധികം മത്സരങ്ങള്‍ മെയ് 6 മുതല്‍ 10 വരെ ഇസാ ടൗണ്‍ കാമ്പസിലെ ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള നാല് ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലാണ് മത്സരം നടക്കുക.

ഇന്ത്യന്‍ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മത്സരം രാജ്യത്തെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായിരിക്കും. നാഷണല്‍ ട്രേഡിംഗ് ഹൗസാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍. ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്റെ (BBSF) പിന്തുണയോടെ നടക്കുന്ന ഈ മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്നും സൗദി അറേബ്യ, കുവൈറ്റ് ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിഭാധനരായ കളിക്കാര്‍ പങ്കെടുക്കും.

മെയ് 6നു ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. അതേ ദിവസം വൈകുന്നേരം 7:30 ന് ഒരു ഹൃസ്വമായ ഉദ്ഘാടന ചടങ്ങും നടക്കും. നാല് അത്യാധുനിക കോര്‍ട്ടുകളിലായി മത്സരങ്ങള്‍ അരങ്ങേറും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്, ഡബിള്‍സ് (U9 മുതല്‍ U19 വരെ), പുരുഷ ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, F1-F5), വനിതാ ഡബിള്‍സ് (ലെവലുകള്‍ 1 & 2), മിക്‌സഡ് ഡബിള്‍സ് (ലെവലുകള്‍ C, 1 & 2) എന്നിവ വിഭാഗങ്ങളില്‍ മത്സരം നടക്കും.

എല്ലാ മത്സരങ്ങളും നോക്കൗട്ട് ഫോര്‍മാറ്റിലായിരിക്കും. BWF നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും യോഗ്യതയുള്ള അമ്പയര്‍മാര്‍ കളി നിയന്ത്രിക്കുകയും ചെയ്യും. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും . കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അവരുടെ പങ്കാളിത്തത്തിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും . സ്‌കൂള്‍ വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്‍, ടൂര്‍ണമെന്റ് റഫറി ഷനില്‍ അബ്ദുള്‍ റഹീം (ബാഡ്മിന്റണ്‍ ഏഷ്യ), ജനറല്‍ കണ്‍വീനര്‍ ആദില്‍ അഹമ്മദ്, കോര്‍ഡിനേറ്റര്‍ ബിനോജ് മാത്യു എന്നിവരുടെനേതൃത്വത്തിലും മുന്‍ ഭരണ സമിതി അംഗം-സ്പോര്‍ട്സ് രാജേഷ് എംഎന്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയുമാണ് മത്സരം ഒരുക്കുന്നത്.

ഇന്ത്യന്‍ സ്‌കൂളിലെ നവീകരിച്ച സ്പോര്‍ട്സ് സൗകര്യങ്ങള്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് പൂര്‍ണ്ണമായും തയ്യാറായിക്കഴിഞ്ഞു. ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ പിവിസി ഇന്‍ഡോര്‍ ഫ്‌ലോറിംഗുള്ള നാല് കോര്‍ട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് , സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍ ,പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ്. നടരാജന്‍ എന്നിവര്‍ ബാഡ്മിന്റണ്‍ പ്രേമികളെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനും ഒരു വര്‍ഷം നീളുന്ന പ്ലേറ്റിനും ജൂബിലി ആഘോഷങ്ങളില്‍ പങ്കാളികളാകാനും ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചനെ +973 3919 8193 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Similar News