സഫയര്‍ ജൂബിലിത്തിളക്കത്തില്‍;85്‌ന്റെ നിറവില്‍ തിരുഹൃദയ ദേവാലയം: ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ദേവാലയം വികാരിയേറ്റ് തീര്‍ത്ഥാടന കേന്ദ്രമായി

Update: 2025-11-12 14:18 GMT

85 വര്‍ഷത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന മാതൃദേവാലയം (Mother Church), ബഹ്‌റൈനിലെ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയം ചരിത്രത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

ഈ ദേവാലയത്തെ 'തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീര്‍ത്ഥാടന കേന്ദ്രമായി' (Vicariate Shrine of the Sacred Heart of Jesus) പ്രഖ്യാപിച്ചു. വടക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി OST മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമര്‍പ്പണവും നടന്നത്. ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടര്‍ ആയി തിരുഹൃദയ ദേവാലയം ഇടവക വികാരി ബഹു. ഫ്രാന്‍സിസ് ജോസഫ് പടവുപുരക്കല്‍ OFM Cap നെ നിയമിക്കുകയും ചെയ്തു.

ബഹ്‌റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യന്‍ വികാരിയേറ്റിന്റെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി ഇനി ഈ പള്ളി മാറും. തീര്‍ത്ഥാടകര്‍ക്ക് തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടാനും, തങ്ങളുടെ വിശ്വാസയാത്രക്ക് ശക്തിപകരാനും ഈ ദേവാലയം വലിയൊരു കാരണമാകും.

ഈ മേഖലയില്‍ കത്തോലിക്കാ സഭയുടെ സാന്നിധ്യത്തെയും ദൗത്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. 85 വര്‍ഷക്കാലം ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയമായി അഭയവും ആശ്വാസവും നല്‍കിയ ഈ മാതൃദേവാലയം, ഇനിമുതല്‍ ഒരു വികാരിയേറ്റ് തീര്‍ത്ഥാടന കേന്ദ്രമായി മാറുമ്പോള്‍, തിരുഹൃദയത്തിന്റെ അനന്തമായ സ്‌നേഹം കൂടുതല്‍ പേരിലേക്ക് പകരപ്പെടും.

Similar News