ബഹ്റൈന്‍ പ്രതിഭ വൈബ്സ് ഓഫ് ബഹ്റൈന്‍ ഡിസംബര്‍ 5ന്

Update: 2025-12-01 15:18 GMT

മനാമ: ബഹ്റൈന്‍ പ്രതിഭ  അവതരിപ്പിക്കുന്ന 'വൈബ്സ് ഓഫ് ബഹ്റൈന്‍' ഡിസംബര്‍ 5ന് ഇന്ത്യന്‍ ക്ലബ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗായിക രഞ്ജിനി ജോസും , റഫീഖ് റഹ്മാനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഒപ്പം ബഹ്റൈനിലെ അറിയപ്പെടുന്ന നൃത്ത അധ്യാപിക വിദ്യശ്രീയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ബഹ്റൈന്‍ പ്രതിഭയുടെ വനിതാ വേദി പ്രവര്‍ത്തകര്‍ അരങ്ങിലെത്തുന്ന 'ഋതു' എന്ന സംഗീത നൃത്ത ശില്‍പവും അറബിക് ഡാന്‍സ് ഉള്‍പ്പെടയുള്ള പരിപാടികളും അന്നേ ദിവസം അരങ്ങിലെത്തുന്നുണ്ട്.

ബഹ്റൈന്‍ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. കുട്ടികള്‍ക്കായുള്ള ഏകദിന കായിക മേള ഇത്തിഹാദ് ക്ലബ് മൈതാനത്ത് നടന്നു. നാല് മേഖലകളില്‍ നിന്നായി മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. സാഹിത്യവേദിയും സ്വരലയയും ചേര്‍ന്ന് സംഘടിപ്പിച്ച വയലാര്‍ കാവ്യസന്ധ്യ പ്രതിഭ ഹാളില്‍ നടന്നു , കവിയും നിരൂപകനുമായ ഹരീഷ് പഞ്ചമി മുഖ്യാതിഥി ആയിരുന്നു. ബഹ്റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16, 19 തീയതികളില്‍ രണ്ട് രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

ഡിസംബര്‍ 5ന് ഇന്ത്യന്‍ക്ലബ് മൈതാനത്തേക്ക് മുഴുവന്‍ കലാസ്‌നേഹികളെയും ക്ഷണിക്കുന്നതായും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രതിഭ സെന്ററില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബിനു മണ്ണില്‍ , ജനറല്‍ കണ്‍വീനര്‍ എന്‍ വി ലിവിന്‍ കുമാര്‍ , ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ , വൈസ് പ്രസിഡന്റ് നിഷ സതീഷ് എന്നിവര്‍ പങ്കെടുത്തു.

Similar News