ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഓണാഘോഷം; മന്തി, ഗണേഷ് കുമാര്‍ തിരുവോണദിന പരിപാടികളില്‍ പങ്കെടുത്തു

Update: 2024-09-17 10:40 GMT

ഹ്റൈന്‍ കേരളീയ സമാജത്തില്‍ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനം നടന്ന പരിപാടിയില്‍, കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം ജനറല്‍ സെക്രെട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു. യോഗാധ്യക്ഷനായിരുന്ന സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള മന്ത്രിയെന്നുള്ള നിലയില്‍ ഗണേഷ് കുമാര്‍ ദീര്‍ഘവീക്ഷണത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ എണ്ണിപറഞ്ഞു അഭിനന്ദനം അറിയിച്ചു. തിരുവോണ ദിനം സമാജം കുടുംബാങ്ങളുടെയും മലയാളി സമൂഹത്തിന്റെയും കൂടെ ചിലവഴിക്കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കതയും രാധാകൃഷ്ണപിള്ള അഭിനന്ദിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച മന്ത്രി, ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനില്‍ക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തെ അഭിനന്ദിച്ചു. തിരുവോണം ഇത്രയും ഊര്‍ജ്ജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവറും അദ്ദേഹം പ്രകടിപ്പിച്ചു. തലേന്ന് താന്‍ സാക്ഷിയായി സമാജത്തില്‍ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയേയും അനുബന്ധ നൃത്ത ശില്പങ്ങളെയും പറ്റിയും അദ്ദേഹം വാചാലനായി. അതില്‍ പങ്കെടുത്ത കുരുന്നുകളെയും വനിതകളെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രവാസി മലയാളികള്‍ ചുരുങ്ങിയ അവധിക്കു നാട്ടില്‍ എത്തുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിന് തിയ്യതി കിട്ടാനുള്ള പ്രയാസം ചൂണ്ടികാട്ടിയപ്പോള്‍ ഞൊടിയിടയില്‍ പരിഹാരം അവതരിപ്പിച്ചു അദ്ദേഹം ഏവരെയും ഞെട്ടിച്ചു. പ്രാവാസികള്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നല്‍കാനുള്ള സംവിധാനം അദ്ദേഹം വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. കയ്യടികളോടെയാണ് സദസ്സ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. നാല്പതോളം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിംഗ് ഏരിയകള്‍ ആരംഭിക്കുന്നതും, ദീര്‍ഘദൂര സര്‍വീസുകളില്‍ ബസ് റൂട്ടില്‍ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തു നിന്നും ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസ്സില്‍ സീറ്റുണ്ടോ എന്ന് മൊബൈല്‍ ആപ്പ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ഒരു പിടി പുതിയ നടപടികളാണ് കെ എസ് ആര്‍ ടി സി നവീകരണവുമായി ബന്ധപെട്ടു അദ്ദേഹം പങ്കുവച്ചത്. ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്, സമാജം ട്രഷറര്‍ ദേവദാസ് കുന്നത്ത് എന്നിവര്‍ സന്നിഹിതരായിരുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാന്‍ഡിന്റെ സംഗീത നിശ അരങ്ങേറി


Tags:    

Similar News