ഈദ് രാവ് ഒരുക്കി ബഹ്‌റൈന്‍ കേരളീയ സമാജം

Update: 2025-04-03 14:37 GMT

മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഒരുക്കിയ 'ഈദ് നിശ ' ശ്രദ്ധേയമായി.ഏതൊരു വിശേഷവും ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഏവരുമൊന്നിച്ച് ആഘോഷിക്കുന്ന സമാജത്തിന്റെ സമഭാവനയിലധിഷ്ഠിതമായ സാംസ്‌കാരിക പരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഈദ് ആഘോഷമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

ബഹ്‌റൈനിലെ സംഗീത കൂട്ടായ്മയായ ഗസല്‍ ബഹ്‌റൈന്‍ അവതരിപ്പിച്ച മുട്ടിപ്പാട്ട്, ഒപ്പന, അറബിക് ഡാന്‍സ് കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളോടെ നടത്തിയ ഈദ് നിശയുടെ മുഖ്യ ആകര്‍ഷണം പ്രശസ്ത ഗായകന്‍ ഷാഫി കൊല്ലം അവതരിപ്പിച്ച സംഗീത പരിപാടിയായിരുന്നു.

ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്‍കോ ഡിസൈന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ എ.ച്ച്.നിസാമുദ്ദീനെ സമാജം ആദരിച്ചു. സമാജം ജനറല്‍ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ സിറ്റി മാക്‌സ് ഫാഷന്റെ പ്രതിനിധികളായ ജംഷീര്‍, ജുനൈദ് എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സമാജം കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ആഘോഷ കമ്മറ്റി കണ്‍വീനര്‍ കെ.ടി.സലിം, ജോയിന്റ് കണ്‍വീനര്‍ അല്‍താഫ് അഹമ്മദ്,മറ്റ് ഭരണ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിന്റെ സഹകരണത്തോടെ ബഹ്‌റൈന്‍ ചെഫ്‌സ് പാലറ്റ് സംഘടിപ്പിച്ച 'റൈസ് ഫ്യുഷന്‍ ' എന്ന പാചക മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു

Similar News