ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക ഫെയറിന് വന്‍ ഒരുക്കങ്ങള്‍; ഗായകരായ വിനീത് ശ്രീനിവാസനും ട്വിങ്കിള്‍ ദിപന്‍കറും എത്തും

Update: 2024-12-17 15:02 GMT

മനാമ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സും പവേര്‍ഡ് ബൈ ലുലുവും അവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക സാംസ്‌കാരിക മേളയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു. ഡിസംബര്‍ 19, 20 തീയതികളില്‍ ഇസ ടൗണിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേള വിജയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും അവസരം നല്‍കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.

മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ദക്ഷിണേന്ത്യന്‍ സംഗീത പരിപാടി നടക്കും. രണ്ടാം ദിവസം ഗായിക ട്വിങ്കിള്‍ ദിപന്‍ കര്‍ നയിക്കുന്ന ഉത്തരേന്ത്യന്‍ സംഗീത പരിപാടികള്‍ അരങ്ങേറും. രണ്ട് ദിവസവും വൈകുന്നേരം 6:00 മുതല്‍ രാത്രി 11:00 വരെ പരിപാടി നടക്കും. മേളയുടെ വിജയം ഉറപ്പാക്കാന്‍ വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

501 അംഗ കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ , അധ്യാപകര്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു . ജനറല്‍ കണ്‍വീനര്‍ വിപിന്‍ കുമാറാണ് സംഘാടക സമിതിയുടെ നേതൃത്വം വഹിക്കുന്നത് . സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സംഘടനകളുടെ പ്രതിനിധികളും സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്നു. ജനറല്‍ കണ്‍വീനറുടെ നേതൃത്വത്തില്‍, കണ്‍വീനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഉപസമിതികള്‍ രൂപീകരിച്ചുകഴിഞ്ഞു.

ഔട്ട്‌ഡോര്‍ കാറ്ററിംഗ് ലൈസന്‍സുള്ള ഭക്ഷണ സ്റ്റാളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ സ്‌കൂള്‍ മേളയില്‍ ഒരുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 11,900-ലധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്‌കൂള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലെ സ്റ്റാള്‍ ബുക്കിംഗിന് സ്‌കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. മേളയുടെ ഭാഗമായി, വിദ്യാര്‍ത്ഥികളുടെ കലാ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കും.

ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകും. മേള നടക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍ കാമ്പസില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടില്‍ ബസ് സര്‍വീസ് ലഭ്യമാകും. ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും. മേളയും അതിന്റെ പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കും. രണ്ട് ഗ്രൗണ്ടുകളിലും സന്ദര്‍ശകര്‍ക്ക് പരിപാടി കാണാന്‍ വലിയ എല്‍ഇഡി ഡിസ്‌പ്ലേകള്‍ ഉണ്ടായിരിക്കും.

രണ്ടു ദിനാര്‍ പ്രവേശന ഫീസ് ഉള്ള വാര്‍ഷിക മേളയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രകടനങ്ങള്‍ ഉള്‍പ്പെടും. നമ്മുടെ കമ്മ്യൂണിറ്റി സ്‌കൂളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജനറല്‍ കണ്‍വീനര്‍ വിപിന്‍ കുമാര്‍, സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ചെയര്‍മാനും സിഇഒയുമായ സേതുരാജ് കടയ്ക്കല്‍,വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, ഭരണ സമിതി അംഗങ്ങളായ മിഥുന്‍ മോഹന്‍(പ്രോജക്ട്‌സ് & മെയിന്റനന്‍സ് ), മുഹമ്മദ് നയാസ് ഉല്ല(ട്രാന്‍സ്പോര്‍ട്ട്), ബിജു ജോര്‍ജ്, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുള്‍ ഹക്കിം, ദേവദാസ് സി, ഫൈസല്‍ മടപ്പള്ളി, അഷ്റഫ് കാട്ടില്‍പീടിക, സന്തോഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News