മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ (ഐഎസ്ബി) ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡില്‍ സെക്ഷന്‍ 4, 5 ക്ലാസുകള്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ആദരവ് അര്‍പ്പിക്കുന്നതായിരുന്നു ആഘോഷം . 5സെഡ് , 5എ ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടി ഏകോപിപ്പിച്ച് ആകര്‍ഷകമായ ഇനങ്ങള്‍ അവതരിപ്പിച്ചു. നിശാന്ത് എസ് ശിശുദിന പ്രഭാഷണം നടത്തി.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ശിശുദിന പരിപാടിയിലെ ചടുലമായ നൃത്തപരിപാടി ആഘോഷത്തിനു മാറ്റുകൂട്ടി. പരിപാടിയിലുടനീളം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിലും അവരെ നയിക്കുന്നതിലും ക്ലാസ് ടീച്ചര്‍മാര്‍ പ്രധാന പങ്ക് വഹിച്ചു. മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ക്ലാസ് IV&V പ്രധാന അധ്യാപിക ആന്‍ലി ജോസഫ് എന്നിവര്‍ ശിശുദിന ആശംസകള്‍ നേര്‍ന്നും വിദ്യാര്‍ത്ഥികളുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചും സംസാരിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ് എന്നിവര്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാര്‍ഥികളെ അനുമോദിച്ചു.