ഇന്ത്യന്‍ സ്‌കൂള്‍ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു ;പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികള്‍ 23ന്
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷം അതിന്റെ ഉജ്വലമായ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങള്‍, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികള്‍ നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ ആഘോഷ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ചരിത്രപ്രധാനമായ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നടക്കും.
അന്ന് പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്യും. വര്‍ഷം മുഴുവനും വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, ശില്പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും 18 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിക്കുമെന്നു ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു. ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ആലേഖ് പെയിന്റിംഗ് മത്സരമായിരിക്കും. ഇത് ഇസ ടൗണ്‍ കാമ്പസില്‍ നടക്കും.
ഗള്‍ഫിലുടനീളമുള്ള 75 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, പോസ്റ്റര്‍ ഡിസൈന്‍, സര്‍ഗ്ഗാത്മക എഴുത്ത് മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോണ്‍ക്ലേവ് പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരും. ക്വിസ് മത്സരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ഇന്റര്‍-സ്‌കൂള്‍ മത്സരങ്ങള്‍, ടീം വര്‍ക്ക് വളര്‍ത്തുന്നതിനും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ഇവന്റുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍. ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം ആഘോഷിക്കുന്നതിനായി 75 ഭാഷകളില്‍ നിന്നുള്ള ഒരു പുസ്തക പ്രദര്‍ശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്ന് നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റെക്കോര്‍ഡ് നൃത്ത പ്രകടനമായിരിക്കും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. സ്‌കൂളും അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരു ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കും. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ക്ഷണിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിന്റെ വളര്‍ച്ചയെ എങ്ങനെ പിന്തുണയ്ക്കാനും സംഭാവന ചെയ്യാനും കഴിയുമെന്ന് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന അവസരമായിരിക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. ആഘോഷങ്ങളുടെ ഭാഗമായി ഇസ ടൗണ്‍ കാമ്പസിലെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും. മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്മ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈന്‍ മാലിമിന്റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്‌കൂളിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാന്‍ സ്‌കൂള്‍ ടീമുമായി ഒരുമിച്ചു സഹകരിക്കും.
മുഴുവന്‍ സമൂഹത്തെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തി ഒരു സാംസ്‌കാരിക മേളയും സ്‌കൂള്‍ സംഘടിപ്പിക്കുമെന്നു പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കണ്‍വീനര്‍ പ്രിന്‍സ് എസ്. നടരാജന്‍ പറഞ്ഞു. 'സ്‌കൂളിന്റെ മുന്‍കാല നേട്ടങ്ങളെ ആദരിക്കുക, വൈവിധ്യമാര്‍ന്ന സമൂഹത്തെ ആഘോഷിക്കുക, സ്ഥാപനത്തിന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുക എന്നിവയാണ് ഈ ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ വിദ്യാഭ്യാസ, സാംസ്‌കാരിക, നൈപുണ്യ വികസന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മനോഹരമായി അലങ്കരിക്കപ്പെടും. ബന്ധപ്പെട്ട അധികാരികളുടെ ആവശ്യമായ അംഗീകാരത്തോടെയാണ് ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക. അടുത്ത ആഴ്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ, വളര്‍ച്ചയ്ക്കും മികവിനും പുതിയ വഴികള്‍ സൃഷ്ടിക്കുന്നതിനൊപ്പം, സ്‌കൂളിന്റെ സമ്പന്നമായ പാരമ്പര്യത്തെ ആദരിക്കുന്ന പരിപാടികള്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ ഒരുങ്ങുകയാണ്.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സംഘാടക സമിതി കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, ട്രാന്‍സ്‌പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, മുന്‍ സെക്രട്ടറി സജി ആന്റണി, വിപിന്‍ കുമാര്‍, ഷാഫി പാറക്കട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.