വഖഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം. കെഎംസിസി ബഹ്റൈന്‍
മനാമ. ബിജെപി ഫാസിസ്റ്റു സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത വഖഫ് വേദഗതി ബില്‍ ഭരണ ഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെഎംസിസി ബഹ്റൈന്‍ കുറ്റപ്പെടുത്തി.
വഖഫ് ഇസ്ലാമികമായ ഒരു ആശയമാണ്. ഇതുവരെയുണ്ടായ വാക്കാലുള്ള വഖഫ് നിയമ വിധേയമായിരുന്നു. ഈ ഹിഡന്‍ അജണ്ടയോട് കൂടി അതില്ലാതാകുന്നു. പല വഖഫുകളും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ്. ഉപയോഗത്തിലൂടെയുള്ള വഖഫ് ആണ് പലതും. പുതിയ ബില്ലിലൂടെ അതില്ലാതാകുകയാണെന്ന് കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ പറഞ്ഞു. വഖഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമം മൂലം സാധ്യമല്ല. തര്‍ക്കമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്ന സാഹചര്യമാണ് ഇനി ഉണ്ടാകാന്‍ പോകുന്നതെന്ന് നേതാക്കള്‍ കൂട്ടി ചേര്‍ത്തു.
മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള ഫാസിസ്റ്റു സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ടയുടെ പുതിയ പതിപ്പാണ് വഖഫ് ഭേദഗതി ബില്ല്. പൗരത്വ ഭേദഗതി ബില്ല് കൊണ്ട് വന്ന് മുസ്ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.കേരള സ്റ്റോറി എന്നൊരു പച്ചകള്ളം പടച്ചുവിട്ടു സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വിതക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലിം സമുദായത്തിന്റെ അടിവേര് പിഴുതെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ മതേതര ഇന്ത്യ അതിനനുവദിക്കുകയില്ലെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സും ഇന്ത്യാ മുന്നണിയും ഇത്തരുണത്തില്‍ നല്‍കുന്ന പിന്തുണയെ നേതാക്കള്‍ പ്രകീര്‍ത്തിച്ചു. നിയമപരമായി ഇതിനെ നേരിടാന്‍ ഏതറ്റം വരെ പോകുമെന്നുള്ള മുസ്ലിം ലീഗ് നിലപാട് വളരെ സന്തോഷകരമാണെന്നും നിലപാടിന് കെഎംസിസി ബഹറൈന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും നേതാക്കള്‍ അറിയിച്ചു.