ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്ക്ള്‍ ഖുര്‍ആന്‍ ടോക്കും പി.ടി.എ.മീറ്റിങ്ങും സംഘടിപ്പിച്ചു
മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്ക്ള്‍ മനാമ, മുഹറഖ് ഏരിയകളും ദാറുല്‍ ഈമാന്‍ കേരള മനാമ മദ്രസയും സംയുക്തമായി ഖുര്‍ആന്‍ ടോക്കും പി.ടി.എ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വം എന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം അഭിപ്രായപ്പെട്ടു.
'അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം' എന്ന വിഷയത്തില്‍ 'ഖുര്‍ആന്‍ ടോക്ക്' നടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളാണ് പ്രാര്‍ഥനകളും സഹായാഭ്യര്‍ഥനയും അല്ലാഹുവോട് മാത്രമായിരിക്കണം എന്നത്. വിശ്വാസികളുടെ പ്രാര്‍ഥനകള്‍ മധ്യവര്‍ത്തികളില്ലാതെ അവനു കേള്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മനാമ കാംപസ് വൈസ് പ്രിന്‍സിപ്പല്‍ ജാസിര്‍ പി.പി സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ് മദ്രസയെകുറിച്ചും ആസന്നമായ അര്‍ധവാര്‍ഷിക പരീക്ഷയെ സംബന്ധിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡന്റ് സബീന ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രക്ഷിതാക്കളുടെ അന്വേഷണങ്ങള്‍ക്ക് സ്ഥാപനാധികാരികള്‍ മറുപടി നല്‍കി. പി.ടി.എ സെക്രട്ടറി ഫാഹിസ ടീച്ചര്‍ നന്ദി പറഞ്ഞു. തഹിയ ഫാറൂഖിന്റെ തിലാവത്തോടെ ആരംഭിച്ച പരിപാടിയില്‍ മെഹന്ന ഖദീജ ഗാനമാലപിച്ചു.