മദര്‍കെയര്‍ ഐ.എസ്.ബി എ.പി.ജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വിസ് :18 ടീമുകള്‍ സെമിയില്‍

Update: 2024-10-01 10:22 GMT

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന മദര്‍കെയര്‍ ഐ.എസ്.ബി എ.പി.ജെ ഇന്റര്‍ ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വസ്റ്റ് അഞ്ചാം സീസണില്‍ പതിനെട്ട് ടീമുകള്‍ സെമിഫൈനലില്‍ കടന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രശ്‌നോത്തരിയുടെ പ്രാഥമിക റൗണ്ട് കഴിഞ്ഞ ദിവസം ജൂനിയര്‍ വിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രാഥമിക റൗണ്ടില്‍ ബഹ്റൈനിലെ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 37 ടീമുകള്‍ പങ്കെടുത്തു.കുട്ടികളുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ അറിവും പ്രശ്നപരിഹാര കഴിവുകളും കൂട്ടായ്മയും മത്സരത്തില്‍ പ്രകടമായിരുന്നു. ശാസ്ത്രം, പ്രകൃതി, സാങ്കേതിക വിദ്യ, പരിസ്ഥിതി ശാസ്ത്രം, ബാലസാഹിത്യം, സമകാലിക കാര്യങ്ങള്‍, സംഭവങ്ങള്‍, പൊതുവിജ്ഞാനം, സ്‌പെല്ലിംഗ് ബീ, തുടങ്ങിയ സമ്മിശ്ര വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. പ്രീ-ഫൈനല്‍ റൗണ്ടുകള്‍ ഒക്ടോബര്‍ 5 ശനിയാഴ്ചയും ഫൈനല്‍ ഒക്ടോബര്‍ 18 നും നടക്കും.

ഈ വാര്‍ഷിക പ്രശ്‌നോത്തരി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുരുന്നു മനസ്സുകളില്‍ ശാസ്ത്രത്തോടുള്ള അഭിനിവേശം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.അവരുടെ ബൗദ്ധിക വെല്ലുവിളിക്കും വളര്‍ച്ചയ്ക്കും മത്സരം അവസരം നല്‍കുന്നു. ക്വിസ് മാസ്റ്റര്‍ ശരത് മേനോന്‍ രസകരമായ രീതിയില്‍ പരിപാടി നയിച്ചു, പ്രാഥമിക റൗണ്ടില്‍ സജീവമായി പങ്കെടുത്ത കുട്ടികളെ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ , വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി എന്നിവര്‍ അഭിനന്ദിച്ചു.

Tags:    

Similar News