പ്രവാസത്തിന്റെ വര്‍ത്തമാനവും ഭാവിയും പറഞ്ഞ് പ്രവാസി വെല്‍ഫെയര്‍ സംഗമം
മനാമ: അഞ്ചര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഗള്‍ഫ് പ്രവാസി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസന മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ മനാമ സോണ്‍ സംഘടിപ്പിച്ച പ്രവാസം വര്‍ത്തമാനവും ഭാവിയും ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹികഘടനയെത്തന്നെ പുരോഗമനപരമായി മാറ്റിമറിക്കാന്‍ ഗള്‍ഫ് പ്രവാസത്തിലൂടെ മലയാളിക്ക് സാധിച്ചു. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും ഗള്‍ഫ് പ്രവാസത്തിലൂടെ കേരളത്തിന് കഴിഞ്ഞെങ്കിലും ഇതിനു വേണ്ടി ജീവിതം ത്യജിച്ച പ്രവാസി സമൂഹത്തോട് മാറിമാറി വന്ന ജനപ്രതിനിധിസഭകള്‍ വേണ്ടത്ര നീതിപുലര്‍ത്തിയിട്ടില്ല എന്നത് വര്‍ത്തമാനകാല അനുഭവ യാഥാര്‍ത്ഥ്യമാണ്. അത് കൊണ്ട് പ്രവാസി സമൂഹം പ്രവാസത്തിന് ശേഷമുള്ള അതിജീവന പാഠങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്താന്‍ കണിശത പുലര്‍ത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിര്‍ബന്ധമായും നാളേക്കുള്ള നിക്ഷേപങ്ങള്‍ക്ക് കരുതണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി പറഞ്ഞു. സര്‍ക്കാറുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങളെ മനസ്സിലാക്കുവാനും ക്ഷേമ പെന്‍ഷന്‍ പോലുള്ള പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്.
ലോകത്താകമാനമൂള്ള ഇന്ത്യയിലെ പ്രവാസികള്‍ക്കായി ഒരു ദിവസം മാറ്റിവെക്കുന്ന 'പ്രവാസി ഭാരതീയ ദിവസ്' കൊണ്ട് പ്രവാസി പ്രശ്‌നങ്ങള്‍ പരിഹൃതമാകുമെന്ന് സര്‍ക്കാറുകള്‍ ധരിക്കരുത്. ലോവര്‍ ക്ലാസ്സ്, മിഡില്‍ ക്ലാസ്, അര്‍ധ വിദഗ്ധ തൊഴില്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും എന്നതിനാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും അത്യാവശ്യ ചിലവ് കഴിച്ച് ബാക്കി മുഴുവനും നാട്ടില്‍ ചിലവഴിക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. നാടിന്റെ പുരോഗതിയില്‍ നല്ലൊരു പങ്കുവഹിക്കുന്ന പ്രവാസികളുടെ പ്രവാസ ശേഷമുള്ള ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ മനാമ സോണല്‍ സെക്രട്ടറി അസ്ലം വേളം അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ മനാമ സോണല്‍ പ്രസിഡണ്ട് അബ്ദുല്ല കുറ്റ്യാടി നിയന്ത്രിച്ച സംഗമത്തിന് അനില്‍ ആറ്റിങ്ങല്‍ നന്ദി പറഞ്ഞു.