ആഴക്കടല്‍ മത്സ്യസമ്പത്ത്: സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആര്‍ഐയും സിഫ്റ്റും
കൊച്ചി: ഇന്ത്യയുടെ ആഴക്കടല്‍ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്‍ഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ ആഴക്കടലില്‍ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാല്‍, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റര്‍ മുതല്‍ ആയിരം മീറ്റര്‍ വരെ ആഴമുള്ള ഭാഗങ്ങളില്‍ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളുടെ അളവും സുസ്ഥിരമായി പിടിക്കാവുന്ന രീതികളും അവയുടെ വ്യാവസായിക സാധ്യതകളുമാണ് പഠന വിധേയമാക്കുന്നത്.
മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ഇവ മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാല്‍, മത്സ്യത്തീറ്റ നിര്‍മാണം, ന്യട്രാസ്യൂട്ടിക്കല്‍ ഉല്‍പാദനം തുടങ്ങി നിരവധി വ്യാവസായിക ആവശ്യങ്ങളില്‍ ഇവ ഉയോഗിക്കാനാകും.
മത്സ്യത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങള്‍ക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മര്‍ദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തലും സംയുക്ത പദ്ധതിയുടെ ലക്ഷ്യമാണ്.
മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍ എന്നിവരുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗവേഷണ ഫലം അനുസരിച്ചായിരിക്കും വന്‍തോതില്‍ ഈ മത്സ്യസമ്പത്ത് വിനിയോഗിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുക. പ്രധാന മന്ത്രി മത്സ്യസമ്പദ യോജനക്ക് കീഴില്‍ നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡാണ് (എന്‍ ഫ് ഡി ബി) സാധ്യതാ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കി ഈ മത്സ്യസമ്പത്ത് വാണിജ്യമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പഠനവിധേയമാക്കും.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഏകദേശം 20 ലക്ഷം ടണ്‍ മിസോപെലാജിക് മത്സ്യസമ്പത്തുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവയുടെ ലഭ്യത, ജീവശാസ്ത്രം, സ്റ്റോക് നിര്‍ണയം തുടങ്ങിയവ ശാസ്ത്രീയമായി വിലയിരുത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയില്‍ നിര്‍ണായക ചുവടുവെയ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
മൂല്യവര്‍ധിത ഉല്‍പാദനരംഗത്ത് മികച്ച സാധ്യതകളാണ് ഈ മത്സ്യസമ്പത്തിനുള്ളതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ ജോര്‍്ജ് നൈനാന്‍ പറഞ്ഞു. ഒമാന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും വ്യവസായങ്ങളുടെ നട്ടെല്ലാണ് ഈ മേഖലയെന്നും അദ്ദേരം പറഞ്ഞു.
സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സുജിത തോമസാണ് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ രമേഷന്‍ എം പി ലീഡ് ഇന്‍വസ്റ്റിഗേറ്ററാണ്.