ലോക ഭിന്നശേഷി ദിനം:പാരാലിമ്പിക്സ് ചാമ്പ്യന്മാരെ ആദരിച്ച് എസ്ബിഐ
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആഭിമുഖ്യത്തില്‍ 2024 പാരീസ് പാരാലിമ്പിക്സില്‍ ചാമ്പ്യന്മാരായ 29 ഇന്ത്യക്കാരെയും ക്യാഷ് പ്രൈസ് നല്‍കി ആദരിച്ചു.
പാരീസ് പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തിന്റെ കായിക യാത്രയിലെ അവിസ്മരണീയ നിമിഷമായിരുന്നെന്ന് എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി പറഞ്ഞു. തടസങ്ങള്‍ മറികടന്ന് പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെയാണിവര്‍ മികച്ച വിജയം കൈവരിച്ചത്. ഇവരെ പിന്തുണക്കുന്നത് വലിയ ബഹുമതി ആയാണ് എസ്ബിഐ കാണുന്നതെന്നും കായിക രംഗം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2024-25 വര്‍ഷത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ കൃത്രിമ കൈകാല്‍ നിര്‍മ്മാണ കോര്‍പറേഷനുമായുള്ള (അലിംകോ) സഹകരണവും എസ്ബിഐ പ്രഖ്യാപിച്ചു. രാജ്യമൊട്ടാകെ 20 സ്ഥലങ്ങളിലായി 9000ത്തോളം ഭിന്നശേഷിക്കാര്‍ക്ക് ഇതിലൂടെ ഉപകരണങ്ങള്‍ വിതരണം ചെയ്യും. വ്യക്തിഗത ശാക്തീകരണം, ഉള്‍പ്പെടുത്തല്‍, കായിക രംഗത്തെ പിന്തുണയ്ക്കല്‍ തുടങ്ങിയവയിലുള്ള എസ്ബിഐയുടെ സമര്‍പ്പണമാണ് ഇതിലൂടെ തെളിയുന്നത്.
ഹര്‍വീന്ദര്‍ സിങ്, സുമിത് അന്റില്‍, ധരംബീര്‍, പ്രവീണ്‍ കുമാര്‍, നവ്ദീപ് സിങ്, നിതേഷ് കുമാര്‍, അവാനി ലെഖാര എന്നിവരാണ് 2024 പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയത്.
നിഷാദ് കുമാര്‍, യോഗേഷ് കന്തുനിയ, ശരദ് കുമാര്‍, അജീത് സിങ്, സച്ചിന്‍ ഖിലാരി, പ്രണവ് സൂര്‍മ, തുളസിമതി മുരുഗേശന്‍, സുഹാസ് യഥിരാജ്, മനീഷ് നര്‍വാള്‍ എന്നിവര്‍ വെള്ളിയും ശീതള്‍ ദേവി, രാകേഷ് കുമാര്‍, പ്രീതി പല്‍, ദീപ്തി ജീവന്‍ജി, മാരിയപ്പന്‍ തങ്കവേലു, സുന്ദര്‍ സിങ് ഗുര്‍ജാര്‍, ഹൊകാതോ ഹൊതൊസെ സെമ, സിമ്രാന്‍ ശര്‍മ, മനീഷ രാംദാസ്, നിത്യ ശ്രീ ശിവന്‍, കപില്‍ പാര്‍മര്‍, മോണ അഗര്‍വാള്‍, റുബീന ഫ്രാന്‍സിസ് എന്നിവര്‍ വെങ്കലവും നേടി.