ട്രാക്കില്‍ ഇനി തലയുടെ വിളയാട്ടം: സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച് നടന്‍ അജിത്
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'തല'യാണ് അജിത് കുമാര്‍. അഭിനയം പോലെ തന്നെ വാഹനങ്ങളോടും റേസിങ്ങിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്.
ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സിനിമയിലും അജിത് ബൈക്ക്, കാര്‍ ചേസിങ് സീനുകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് അജിത്. വരാനിരിക്കുന്ന യൂറോപ്യന്‍ റേസിങ് സീസണിലൂടെയാണ് അജിത് തിരിച്ചെത്തുന്നത്. 'അജിത് കുമാര്‍ റേസിങ്' എന്നൊരു ടീമും താരം പ്രഖ്യാപിച്ചു കഴിഞ്ഞു. തലയുടെ മാനേജര്‍ കൂടിയായ സുരേഷ് ചന്ദ്രയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.
ഫാബിയന്‍ ഡഫിയക്സ് ആണ് അജിത് കുമാര്‍ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവര്‍. ദേശീയ മോട്ടോര്‍സൈക്കിള്‍ ചാംപ്യന്‍ഷിപ്പിലൂടെയാണ് അജിത് റേസിങ്ങിലേക്ക് കടന്നു വരുന്നത്. പിന്നീട് ദേശീയ സിംഗിള്‍-സീറ്റര്‍ റേസിങ് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഫോര്‍മുല ബിഎംഡബ്ല്യു ചാംപ്യന്‍ഷിപ്പ്, ബ്രിട്ടീഷ് ഫോര്‍മുല 3 ചാംപ്യന്‍ഷിപ്പ് തുടങ്ങിയവയില്‍ പങ്കെടുത്തിരുന്നു.
അടുത്തിടെ റേസിങ്ങില്‍ സജീവമാകുന്നതിന്റെ ഭാഗമായി അജിത് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. വിടാമുയര്‍ച്ചിയാണ് താരത്തിന്റേതായി പുറത്തുവരാനുള്ള ചിത്രം. ഡിസംബറിലാണ് ചിത്രം റിലീസിനെത്തുക.