ജോജുവിന്റെ 'പണി' കണ്ട് ഞെട്ടി അനുരാഗ് കശ്യപ്; കൊറിയന്‍ നവ തരംഗ സിനിമകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത 'പണിയെ' പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു' എന്നാണ് പണി കണ്ട ശേഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കൊറിയന്‍ നവ തരംഗ സിനിമകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം എന്നാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
''മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോര്‍ജ്ജിന്റെ പവര്‍ഫുള്‍ ത്രില്ലര്‍ ഡ്രാമയായ 'പണി' കണ്ടു, സംവിധായകനായുള്ള അരങ്ങേറ്റം തന്നെ എത്രയും ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്. ചില കൊറിയന്‍ നവ തരംഗ ചിത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ന്ന ചിത്രം. ഒരിക്കലും 'പണി' മിസ് ചെയ്യരുത്, ഒക്ടോബര്‍ 24നാണ് തിയേറ്റര്‍ റിലീസ്''- അനുരാഗ് കുറിച്ചു.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ ട്രെയിലര്‍ പുറത്ത്. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്റര്‍ റിലീസ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
തൃശൂരിലെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ?ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിലുമുള്ള സംഘര്‍ഷവും ചിത്രത്തിലുണ്ട്. അഭിനയ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഒന്നിക്കുന്നു.