എആര്‍എമ്മിന്റെ വ്യാജ പതിപ്പ്; രണ്ട് പേര്‍ പിടിയില്‍; കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു; പടം ചിത്രീകരിച്ചത് കോയമ്പത്തൂരിലെ തിയേറ്ററില്‍
കൊച്ചി: എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത് വന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ ഇവരെ കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരിലെ തിയേറ്ററില്‍വെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി സൈബര്‍ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ടൊവിനോ നായകനായി എത്തിയ എആര്‍എം ഓണം റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ഫാന്റസി ആക്ഷന്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം ത്രിഡിയിലായിരുന്നു ഒരുക്കിയത്. മികച്ച പ്രതികരണവും തിയേറ്റര്‍ കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത് വന്നത്. വ്യാജ പതിപ്പ് ആളുകള്‍ കാണുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
ഇതിനെതിരെ പ്രതികരിച്ച് ടൊവിനോയും, നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്ത് എത്തിയിരുന്നു. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിനും, യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നായിരുന്നു എആര്‍എം നിര്‍മ്മിച്ചത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയതത്.
സപീപകാലത്ത് തിയേറ്ററിലെത്തുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. തിയേറ്ററില്‍ ഷൂട്ട് ചെയ്ത രീതിയിലുള്ള പതിപ്പുകളാണ് പുറത്ത് വരുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം റിലീസായ വേട്ടയ്യന്റെ പതിപ്പും ഇതിനകം ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ട്.