പി. അഭിജിത്തിന്റെ 'ഞാന്‍ രേവതി' ട്രെയിലര്‍ പുറത്ത്; ചിത്രം ഉടനെ എത്തും
പി. അഭിജിത്തിന്റെ 'ഞാന്‍ രേവതി' ട്രെയിലര്‍ പുറത്ത്
കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ട്രാന്‍സ് വുമണ്‍ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ഫീച്ചര്‍ ഡോക്യുമെന്ററി 'ഞാന്‍ രേവതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
സോഷ്യല്‍ മീഡിയയില്‍ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സെക്കന്‍ഡ് ലുക്ക് പോസ്റ്ററിനും അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചത്. മെയ് 12 ന് കോഴിക്കോട് വച്ച് നടക്കുന്ന ഐ. ഇ .എഫ്. എഫ്. കെ യില്‍ ഇന്ത്യന്‍ സിനിമകളുടെ മത്സര വിഭാഗത്തിലും ജൂണ്‍ 5 ന് മുംബൈയില്‍ വച്ച് നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എല്‍.ജി. ബി.ടി. ക്യു + ഫിലിംഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും.
പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ 'ദ ട്രൂത്ത് എബൗട്ട് മീ ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ഞാന്‍ രേവതി'. പെരുമാള്‍ മുരുകന്‍ , ആനിരാജ ,രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, എ മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്‌നി ഗഗന, ഉമ ,ഭാനു, ലക്ഷമി, കലൈ ശെല്‍വന്‍, കനക, ഭാഗ്യം , കണ്ണായി, മയില്‍ ,ഏയ്ഞ്ചല്‍ ഗ്ലാഡി, ഇഷാന്‍ . കെ. ഷാന്‍, ശ്യാം, ജീ ഇമാന്‍ സെമ്മലര്‍ തുടങ്ങി നിരവധി പേര്‍ ഡോക്യുമെന്ററിയിലുണ്ട്.
രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെന്ററി. മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ 2025 സംസ്ഥാന പുരസ്‌കാരം മുഖ്യമന്ത്രി സ്റ്റാലിന്‍ എ രേവതിക്ക് സമ്മാനിച്ചിരുന്നു. രണ്ടര വര്‍ഷം കൊണ്ട് നാമക്കല്‍ , ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍ .
ചായാഗ്രാഹണം മുഹമ്മദ് എ, എഡിറ്റിങ് അമല്‍ജിത്ത്, സിങ്ക് സൗണ്ട് റെക്കോര്‍ഡിങ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്‌സ് വിഷ്ണു പ്രമോദ് ,
പശ്ചാത്തല സംഗീതം രാജേഷ് വിജയ് , ഡ്രാമ സംഗീതം ശ്യാം എസ്.കെ.ബി , കളറിസ്റ്റ് സാജിദ് വി. പി. , സബ്‌ടൈറ്റില്‍സ് ആസിഫ് കലാം, അഡീഷണല്‍ ക്യാമറ ചന്തു മേപ്പയ്യൂര്‍ , അസിസ്റ്റന്റ് ക്യാമറ ശ്രീജേഷ് കെ.വി , ഡ്രാമ ലൈറ്റിങ്ങ് . പി.ആര്‍. ഒ പി.ആര്‍ സുമേരന്‍ , ടൈറ്റില്‍ കെന്‍സ് ഹാരിസ് , ഡിസൈന്‍ അമീര്‍ ഫൈസല്‍.