കള്ളനും ഭഗവതിയും ഓ.ടി.ടി ഹിറ്റ് ചാര്‍ട്ടില്‍; രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍; ചാന്താട്ടത്തില്‍ ബംഗാളി സുന്ദരി മോക്ഷ തന്നെ നായിക

കള്ളനും ഭഗവതിയും രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍

Update: 2024-10-10 16:29 GMT

പത്തനംതിട്ട: ആമസോണ്‍ പ്രൈം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച കളളനും ഭഗവതിയും സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചാന്താട്ടമെന്ന പേരില്‍ രണ്ടാം ഭാഗം ഉടന്‍ ഷൂട്ടിങ് തുടങ്ങുമെന്ന് നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ബംഗാളി നടി മോക്ഷയും നായികാനായകന്മാരായി രണ്ടാം ഭാഗത്തിലും എത്തും. രചന കെ.വി. അനിലും സംഗീതസംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ബാക്കിയുള്ള താരങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

തീയറ്ററുകളില്‍ ചലനമുണ്ടാക്കാതെ പോയ കള്ളനും ഭഗവതിയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ ഭഗവതിയുടെ രാശി തെളിഞ്ഞു. ഇന്ത്യ മുഴുവനുമുള്ള ഓടിടി റിലീസുകളില്‍ ആറാം സ്ഥാനത്താണ് കള്ളനും ഭഗവതിയും. ഇന്ന് രാവിലെ പരുമല പനയന്നാര്‍ കാവിലെ പൂജയ്ക്ക് ശേഷമാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. റിലീസ് ചെയ്ത സമയം തെറ്റിയതും വമ്പന്‍ താരനിര ഇല്ലാതെ പോയതുമാണ് കള്ളനും ഭഗവതിയും തീയറ്ററുകളില്‍ പരാജയമായതിന് കാരണമെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറഞ്ഞു. തൊട്ടു പിന്നാലെ വന്ന ചിത്തിനി തീയറ്ററുകളില്‍ ചലനമുണ്ടായെങ്കിലും പ്രമോഷന്‍ വര്‍ക്കിന് പ്രധാന നടന്മാര്‍ എത്താതിരുന്നത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തില്‍ ഒരു പാട് നടിമാരെ ഭഗവതിയാകാന്‍ സമീപിച്ചിരുന്നു. പക്ഷേ, ആരും തയാറായില്ല. ഒടുവില്‍ മോക്ഷയെ കണ്ടെത്തി. ഭഗവതിയാകാനുള്ള നിയോഗം അവര്‍ക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിലായിരുന്ന താന്‍ പ്രമോഷനായി കേരളത്തിലേക്ക് വന്നത് ചിത്തിനി വിജയിപ്പിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, മറ്റ് മുന്‍നിര താരങ്ങളുടെ സമീപനം തന്നെ ഞെട്ടിപ്പിച്ചുവെന്ന് ബംഗാളി നടി മോക്ഷ പറഞ്ഞു. ബംഗാളില്‍ അഭയയ്ക്ക് വേണ്ടി നയിച്ച പോരാട്ടമാണ് താന്‍ ഇവിടെ ചിത്തിനിക്ക് വേണ്ടി നയിച്ചതെന്നും മോക്ഷ പറഞ്ഞു.

കള്ളനും ഭഗവതിയിലും ചെയ്ത കള്ളന്‍ മാത്തപ്പന്റെ വേഷം തനിക്ക് ഒരു പാട് അഭിനന്ദനങ്ങള്‍ നേടിത്തന്നുവെന്നും അതേ കഥാപാത്രം രണ്ടാമതും അവതരിപ്പിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈസ്റ്റ് കോസ്റ്റിന്റെ ഗാനങ്ങള്‍ കേട്ടു വളര്‍ന്ന തനിക്ക് അദ്ദേഹം തന്നെ എഴുതിയ പാട്ടുകള്‍ ചിട്ടപ്പെടുത്താനുള്ള അവസരം ലഭിച്ചുവെന്ന് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് പറഞ്ഞു. ചിത്തിനിയിലെയും കള്ളനും ഭഗവതിയിലെയും ഗാനങ്ങള്‍ ഹിറ്റായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം തുടര്‍ച്ചയായി മൂന്നാമത്തെ സിനിമയിലാണ് സഹകരിക്കുന്നതെന്ന് രചന നിര്‍വഹിക്കുന്ന കെ.വി. അനില്‍ പറഞ്ഞു. കള്ളനും ഭഗവതിക്ക് പിന്നാലെ ഇറങ്ങിയ ചിത്തനി രചിച്ചതും അനിലാണ്.

Tags:    

Similar News