'ഇതാണ് ആ ഡിലീറ്റായി പോയ സീന്‍; സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങള്‍ ചേച്ചിയോട് പറഞ്ഞിരുന്നു 'ഈ സീന്‍ ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ പുറത്തിറക്കുമെന്ന്'; ഒടുവില്‍ സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീം അംഗങ്ങളും
സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീം അംഗങ്ങളും
കൊച്ചി: നടന്‍ ആസിഫ് അലി പ്രധാനവേഷത്തില്‍ എത്തിയ രേഖാചിത്രം മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായി മാറിക്കഴിഞ്ഞു. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി സിനിമ പ്രദര്‍ശനം തുടരുന്നതിനിടെ കൂടെ അഭിനയിച്ച സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താന്‍ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററില്‍ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാഗം എഡിറ്റില്‍ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടന്‍ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുന്നതായിരുന്നു വീഡിയോ.
ഇപ്പോഴിതാ സിനിമയില്‍ നിന്നും ഒഴിവാക്കിയ സുലേഖയുടെ രംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍. ഈ സീന്‍ പങ്കുവച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എഴുതിയ വരികള്‍ ഇങ്ങനെയാണ്. 'ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീന്‍. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങള്‍ ചേച്ചിയോട് പറഞ്ഞിരുന്നു 'ഈ സീന്‍ ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ പുറത്തിറക്കുമെന്ന് ' ആ വാക്ക് പാലിക്കുന്നു'.
നേരത്തെ ആസിഫലിയുടെ വീഡിയോയില്‍ 'സോറീട്ടോ. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ച് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈര്‍ഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ', എന്നാണ് ആസിഫ് അലി, സുലേഖയെ കണ്ട് പറഞ്ഞത്. പ്രിയ താരം നേരിട്ടെത്തി ആശ്വസിപ്പിച്ചതിലും നല്ല വാക്കുകള്‍ പറഞ്ഞതിലുമുള്ള സന്തോഷത്തിലാണ് അവര്‍ തിയറ്റര്‍ വിട്ടിറങ്ങിയത്.
ഇക്കാര്യം പ്രസ് മീറ്റിലും ആസിഫ് അലി പറഞ്ഞിരുന്നു. 'രേഖാചിത്രത്തില്‍ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു..സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാന്‍ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനില്‍ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോള്‍ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനില്‍ അഭിനയിച്ചിരുന്നു.
പല സമയത്തും ഷൂട്ട് ചെയ്ത അത്രയും നമുക്ക് ഫൈനല്‍ എഡിറ്റിലേക്ക് കൊണ്ടുവരാന്‍ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വന്‍സ് എഡിറ്റില്‍ പോയി. ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാന്‍ വന്നിരുന്നു. ചേച്ചി സിനിമയില്‍ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോള്‍ ആണ് അവര്‍ മനസ്സിലാക്കുന്നത്. അത് അവര്‍ക്ക് ഒത്തിരി വിഷമം ഉണ്ടാക്കി.', എന്നായിരുന്നു ആസിഫിന്റെ വാക്കുകള്‍. വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കൊണ്ട് രം?ഗത്തെത്തിയത്.