40 മിനിറ്റുകൾ വെട്ടിക്കുറച്ചു; പ്രചോദനമായത് ഹിന്ദി ഡബ്ബ് പതിപ്പിന് ലഭിച്ച സ്വീകാര്യത; 11 വർഷങ്ങൾക്ക് ശേഷം സൂര്യയുടെ ആക്ഷൻ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങി 'അഞ്ജാൻ'

Update: 2025-11-21 11:13 GMT

കൊച്ചി: തമിഴകത്തിന്റെ സൂപ്പർ താരം സൂര്യയുടെ ആക്ഷൻ ചിത്രം 'അഞ്ജാൻ' റീ-റിലീസിനൊരുങ്ങുന്നു നവംബർ 28-ന് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു. എൻ. ലിംഗുസാമി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം 2014-ൽ വൻ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്തതെങ്കിലും ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തിയിരുന്നു. 11 വർഷങ്ങൾക്കിപ്പുറം, സിനിമയുടെ നിർമ്മാതാക്കളായ തിരുപ്പതി ബ്രദേഴ്‌സാണ് ചിത്രത്തിന്റെ 'റീ റിലീസ്' പ്രഖ്യാപിച്ചത്.

സൂര്യയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായ 'രാജു ഭായ്' എന്ന ഡോൺ വേഷം അവതരിപ്പിച്ച ചിത്രം റിലീസിന് മുമ്പ് വലിയ ഹൈപ്പ് നേടിയിരുന്നു. സാമന്ത റൂത്ത് പ്രഭു നായികയായ ഈ ചിത്രത്തിൽ വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. റിലീസിന് ശേഷമുള്ള നെഗറ്റീവ് പ്രതികരണങ്ങളും, ദൈർഘ്യമേറിയ രംഗങ്ങളും ചിത്രത്തിന് തിരിച്ചടിയായി.

ചിത്രത്തിന്റെ ദൈർഘ്യം ഗണ്യമായി കുറച്ച 'റീ-എഡിറ്റഡ്' പതിപ്പാണ് പുതിയ റീ-റിലീസിന്റെ പ്രധാന ആകർഷണം. ഒറിജിനൽ പതിപ്പിന് 2 മണിക്കൂർ 40 മിനിറ്റിലധികം ദൈർഘ്യമുണ്ടായിരുന്നെങ്കിൽ, പുതിയ കട്ട് 1 മണിക്കൂർ 59 മിനിറ്റായി ചുരുക്കിയെന്നാണ് റിപ്പോർട്ടുകൾ. അനാവശ്യ പാട്ടുകളും രംഗങ്ങളും ഒഴിവാക്കിയാണ് ഈ പതിപ്പ് ഒരുക്കിയിരിക്കുന്നത്.

യൂട്യൂബിൽ വലിയ ഹിറ്റായി മാറിയ 'അഞ്ജാൻ' സിനിമയുടെ ഹിന്ദി ഡബ്ബ് പതിപ്പാണ് പുതിയ എഡിറ്റിംഗിന് പ്രചോദനമായതെന്ന് സംവിധായകൻ ലിംഗുസാമി വെളിപ്പെടുത്തിയിരുന്നു. പുതിയ രൂപത്തിൽ 'അഞ്ജാൻ' എത്തുമ്പോൾ, സിനിമയുടെ ആദ്യ പരാജയത്തിന് ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സൂര്യ ആരാധകർ. റീ-റിലീസുകൾ സിനിമാ മേഖലയിൽ ഒരു ട്രെൻഡായി മാറുന്ന ഈ കാലത്ത്, രാജു ഭായിയുടെ ഈ തിരിച്ചു വരവ് പുതിയൊരു ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമോ എന്ന് കണ്ടറിയണം.

Tags:    

Similar News