ഇത് കോൺഫിഡന്റ് ഗ്രൂപ്പ് തലവന്റെ അവസാന പ്രൊഡക്ഷൻ; ഭാവന നായികയായി എത്തുന്ന 'അനോമി' ട്രെയിലർ പുറത്ത്
ഭാവനയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയാസ് മാരത്ത് ചിത്രം 'അനോമി'യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. ഫെബ്രുവരി 6 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അടുത്തിടെ അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ. നിർമ്മാണ പങ്കാളിയായ അവസാന ചിത്രങ്ങളിൽ ഒന്നാണ് 'അനോമി' എന്ന പ്രത്യേകതയുമുണ്ട്.
ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിക്കുന്ന മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത്. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തുന്നത്. 'ധ്രുവങ്ങൾ 16' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, റഹ്‌മാൻ കരുത്തുറ്റ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായി വീണ്ടും മലയാളത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിർമ്മാതാക്കൾ. ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ, ഭാവന ഫിലിം പ്രൊഡക്ഷൻസ്, ഡോ. റോയ് സി.ജെ. എന്നിവരും നിർമ്മാണ പങ്കാളികളാണ്.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ആക്ഷൻ സന്തോഷ് ആക്ഷൻ ഡയറക്ടറും സമീറ സനീഷ് വസ്ത്രാലങ്കാരവും യെല്ലോടൂത്ത് പബ്ലിസിറ്റി ഡിസൈൻസും കൈകാര്യം ചെയ്തിരിക്കുന്നു. ഡോ. റോയ് സി.ജെ.യുടെ അകാല വിയോഗത്തിനുശേഷം റിലീസ് ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.