'വാഴ' യിലെ ഗാനങ്ങൾ അംഗീകരിക്കാത്തവർക്ക് ഭാസ്‌കരന്‍ മാഷിന്റെ തന്നെ 'തള്ള് തള്ള് തല്ലിപ്പൊളി വണ്ടീ എന്ന പാട്ട് ആസ്വദിക്കാൻ കഴിഞ്ഞോ ?; ടി.പി യുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർഷ രാഹുൽ

Update: 2024-12-04 10:29 GMT

കൊച്ചി: അടുത്തിടെയാണ് 'വാഴ' എന്ന ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളെ വിമർശിച്ച് സിനിമാഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ 'ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ' എന്ന ഗാനമെഴുതാൻ ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാമെന്നും വായിൽക്കൊള്ളാത്ത എന്തൊക്കെയൊ വിളിച്ചു പറയുകയാണെന്നുമായിരുന്നു ടിപിയുടെ വിമർശനം.

'വാഴ' യിലെ തന്നെ 'പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ' എന്ന ​ഗാനത്തെയും ടിപി രൂക്ഷമായി വിമർശിച്ചു. അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം' എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണം എന്നും ടി.പി. ശാസ്തമംഗലം പറഞ്ഞിരുന്നു. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ 'കൃഷ്ണ കൃഷ്ണ' എന്നു തുടങ്ങുന്ന ​ഗാനത്തിനെയും ടിപി വിമർശിച്ചിട്ടുണ്ട്. 'പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ' എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്ന് ടിപി ചോദിച്ചു.

എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആർഷ രാഹുൽ. സംഭവവുമായി ബന്ധപ്പെട്ട് ആർഷ രാഹുൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. സിനിമയിലെ സാഹചര്യത്തിനനുസരിച്ചല്ലേ വരികൾ എഴുതേണ്ടതെന്നും ഭാസ്കരൻ മാഷും അങ്ങനെ തന്നെയല്ലേ എഴുതിയിട്ടുള്ളതെന്നും കുറിപ്പിലൂടെ ആർഷ ചോദിക്കുന്നു. 'ഏയ് ബാനനെ ഒരു പൂ തരാമോ 'എന്ന വരികള്‍ അംഗീകരിക്കാന്‍ പറ്റാത്ത നിങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷിന്റെ തന്നെ 'തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ എന്ന പാട്ട് ആസ്വദിക്കാൻ കഴിഞ്ഞോയെന്നും ആർഷ കുറിക്കുന്നു.


കുറിപ്പിൻ്റെ പൂർണരൂപം

സിനിമയിലെ സാഹചര്യത്തിന് അനുസരിച്ചല്ലേ വരികള്‍ എഴുതേണ്ടത്??? ഭാസ്‌കരന്‍ മാഷും അങ്ങനെ തന്നെയാ എഴുതിയിട്ടുള്ളത്... ഓരോ കാലഘട്ടത്തിനു അനുസരിച്ചു പാട്ടുകള്‍ക്കും സംഗീതത്തിനും അവതരണ രീതിക്കും മാറ്റം ഉണ്ടായേക്കാം... അത് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് എന്താണിത്ര ബുദ്ധിമുട്ട്....?

'ഏയ് ബാനനെ ഒരു പൂ തരാമോ 'എന്ന വരികള്‍ അംഗീകരിക്കാന്‍ പറ്റാത്ത നിങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷിന്റെ തന്നെ

'തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ

തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ

ഈ തല്ലിപ്പൊളിവണ്ടീ'

'കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്

നൂറിന്റെ നോട്ടുകൊണ്ടാറാട്ട്

കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ

കണ്ണീരിലാണെന്റെ നീരാട്ട് '

ഈ പാട്ട് ആസ്വദിക്കാന്‍ പറ്റിയോ???

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ ആളാണ് വിനായക് ശശികുമാര്‍.. ഗാനങ്ങളെ വിമര്‍ശിക്കാം പക്ഷെ അത് അദേഹത്തിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ പാട്ടുകള്‍ എടുത്തിട്ട് ആകരുത്...വരികള്‍ എപ്പോഴും സിനിമയിലെ സാഹചര്യങ്ങള്‍ അനുസരിച്ചാണ് വേണ്ടത്... അങ്ങനെ നോക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ അവസ്ഥ പറയാന്‍ ഹേയ് ബനാനേ എന്ന പാട്ട് മികച്ചത് തന്നെയാണ്..

ഇപ്പോള്‍ അര്‍ത്ഥമുള്ള പാട്ടുകള്‍ ഇല്ലായെന്നും.. ഇന്നത്തെ പാട്ടുകള്‍ ഏത് നഴ്‌സറി കുട്ടികള്‍ക്കും എഴുതമെന്നാണ് നിങ്ങളുടെ പരാതി എങ്കില്‍.. ഞാന്‍ മുകളില്‍ പറഞ്ഞ പാട്ടുകളും അങ്ങനെ തന്നെ അല്ലെ??അന്ന് അതിനെ വിമര്‍ശിക്കാതെ ആസ്വദിച്ചിട്ടു.. ഇന്നത്തെ തലമുറ ആസ്വദികുന്ന പാട്ടുകളെയും അതിന്റെ വരികള്‍ എഴുതിയവരെയും വിമര്‍ശിക്കുന്നതില്‍ എന്ത് അര്‍ത്ഥം???

Tags:    

Similar News