'ബറോസ്' നാളെ മുതൽ; പ്രതീക്ഷ നൽകി അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ്; ബോക്സ് ഓഫീസില്‍ ഇതുവരെ നേടിയത്; ഉണ്ണി മുകുന്ദന്റെ സ്വാഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ മോഹൻലാൽ ചിത്രത്തിനാവുമോ ?
കൊച്ചി: സിനിമ ആസ്വാദകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് 'ബറോസ്'. പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായ ചിത്രം നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ ചർച്ചയായ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം മികച്ച തീയേറ്റർ അനുഭവം ഒരുക്കുമെന്നാണ് പ്രതീക്ഷ. വമ്പൻ ഹൈപ്പോടെയെത്തുന്ന ചിത്രം 'മാർക്കോ' യുമായി കടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ആരാവും ക്രിസ്മസ് അവധിക്കാലത്തെ ബോക്സ് ഓഫീസ് ഭരിക്കുകയെന്ന് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ബറോസിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മികച്ച പ്രതികരണമാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ സെന്‍ററുകളിലെല്ലാം ആദ്യ ദിനമായ നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണെന്നാണ് കണക്കുകൾ പറയുന്നത്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ 17 ഷോകളുടെ കണക്കുകൾ കൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നും കണക്കുകൾ പറയുന്നു. ബുക്കിംഗ് പുരോഗമിക്കുന്നതിനാല്‍ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ അറിയാന്‍ രാത്രി വരെ കാത്തിരിക്കേണ്ടിവരും.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.