സിനിമയില്‍ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോള്‍

സിനിമയില്‍ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോള്‍

Update: 2025-12-15 09:03 GMT

തിരുവനന്തപുരം: സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക സിനിമാ പ്രവര്‍ത്തകര്‍ നേരിട്ടതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തിലും ഭയപ്പെടാതെ അതിനെ പഠിച്ച് മുന്നോട്ട് പോകണമെന്ന് പ്രമുഖ ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ബീനാ പോള്‍ വേണുഗോപാല്‍. IFFK-യുടെ ഭാഗമായി ഒരുക്കിയ 'സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ്' (School of Storytelling) പവിലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബീനാ പോള്‍. മനുഷ്യനെ മാറ്റിനിര്‍ത്താനുള്ള സാങ്കേതികവിദ്യയല്ല എഐ എന്നും അത് സിനിമയില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള പിക്‌സല്‍ പ്യൂപ്പ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചത്. ടാഗോര്‍ തിയേറ്റര്‍ വളപ്പിലെ മീഡിയ സെല്ലിന് എതിര്‍വശത്തുള്ള പവലിയനിലാണ് കോഴ്‌സിന്റെ എന്റോള്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി അജോയ്, സംവിധായിക വിധു വിന്‍സെന്റ്, കെ.എ. ബീന, ബൈജു ചന്ദ്രന്‍, കെ. രാജഗോപാല്‍ ഉള്‍പ്പെടെ സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്തുള്ളവരെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചിരിക്കുന്നത്. സ്റ്റോറിടെല്ലിങ് ഒരു മനുഷ്യന് മാത്രം സാധ്യമാകുന്ന കാര്യമാണെന്നും, എന്നാല്‍ അതിലേക്ക് എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്നും പഠിപ്പിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം.

Tags:    

Similar News