റോം കോം ചിത്രവുമായി 'പ്രേമലു' ടീമും വീണ്ടും; നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ 'ബത്‍ലഹേം കുടുംബ യൂണിറ്റ്'; ചിത്രീകരണം ആരംഭിച്ചു

Update: 2026-01-02 11:31 GMT

കൊച്ചി: നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന പുതിയ ചിത്രത്തിന് തുടക്കമായി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

'പ്രേമം' മുതൽ 'സർവ്വം മായ' വരെയുള്ള വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നിവിൻ പോളി, 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗിരീഷ് എ.ഡി.ക്കൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പ്രേമലു'വിലെ ടീമുമായി ചേർന്നാണ് ഈ സിനിമ ഒരുങ്ങുന്നത്.

'പ്രേമലു'വിലൂടെ സൗത്ത് ഇന്ത്യയിൽ തരംഗമായി മാറിയ മമിത ബൈജു, ഈ ചിത്രത്തിലൂടെ വീണ്ടും 'പ്രേമലു' നിർമ്മാതാക്കളോടൊപ്പം കൈകോർക്കുന്നു. വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളുടെ നായികയായി തിളങ്ങിയ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'നുണ്ട്. 'പ്രേമലു'വിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.

സംഗീത് പ്രതാപും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗിരീഷ് എ.ഡി.യും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അജ്‌മൽ സാബുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചയിതാവ്. 

Tags:    

Similar News