'ചെകുത്താന്റെ പ്രണയത്തിൽ ദൈവത്തിന് എന്തുകാര്യം'; ബാഗി 4' ട്രെയിലർ പുറത്ത്; ടൈഗർ ഷ്റോഫിന്റെ വില്ലനായി സഞ്ജയ് ദത്ത്
മുംബൈ: ടൈഗർ ഷ്റോഫ് നായകനാകുന്ന 'ബാഗി 4' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് നാൽപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ രക്തച്ചൊരിച്ചിലും തീവ്രമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് സമ്പന്നമാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്താണ് ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. 'ബാഗി' ഫ്രാഞ്ചൈസിയിൽ സഞ്ജയ് ദത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. കന്നഡ സംവിധായകൻ എ. ഹർഷയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
പ്രണയം, പ്രതികാരം, അക്രമം എന്നീ വിഷയങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ചെകുത്താന്റെ പ്രണയത്തിൽ ദൈവത്തിന് എന്തുകാര്യം' എന്ന് ട്രെയിലറിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മിസ് യൂണിവേഴ്സ് 2021 ആയിരുന്ന ഹർനാസ് സന്ധുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ബാഗി 4'. ശ്രേയസ് തൽപാഡെ, സൗരഭ് സച്ച്ദേവ, ഉപേന്ദ്ര ലിമായെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
അക്രമാസക്തമായ ആക്ഷൻ രംഗങ്ങൾ കാരണം ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലർ യൂട്യൂബിൽ കാണുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രായം ഉറപ്പുവരുത്തിയ ശേഷം ലോഗിൻ ചെയ്താൽ മാത്രമേ ട്രെയിലർ കാണാൻ സാധിക്കുകയുള്ളൂ. കടുത്ത വയലൻസ് കാരണം ചിത്രത്തിന്റെ ടീസറിന് നേരത്തെ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.
ടൈഗർ ഷ്റോഫ് മുമ്പ് 'ബാഗി', 'ബാഗി 2', 'ബാഗി 3' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നദിയാവാല ഗ്രാൻഡ്സൺസ് ആണ് നിർമ്മാണം. സാജിദ് നദിയാവാലയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം ആക്ഷൻ രംഗങ്ങൾക്ക് വി. വെങ്കട്ട്, കെച്ച കംബാക്ഡീ, കെവിൻ കുമാർ, സ്റ്റൺ ശിവ എന്നിവർ നേതൃത്വം നൽകിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 5-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.