ബുക്കിങ് ആരംഭിച്ചപ്പോഴേ സെര്‍വറിന്റെ ഫ്യൂസ് പോയി; 'എമ്പുരാന്‍' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി; അതിവേഗം വിറ്റഴിഞ്ഞ് എമ്പുരാന്‍ ടിക്കറ്റുകള്‍
'എമ്പുരാന്‍' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി. സിനിമയുടെ ഓള്‍ ഇന്ത്യ ബുക്കിങ് ആണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിച്ചത്. പല തിയേറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. വെളുപ്പിന് ആറ് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ആറ് മണിക്കും, ആറേ കാലിനും, ആറര മണിക്കും വരെ ഷോസ് നല്‍കുന്ന തിയേറ്ററുകള്‍ ഉണ്ട്.
മാര്‍ച്ച് 27ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.